News - 2024
ഹമാസ് ബന്ദികളാക്കിയിരിക്കുന്ന ഇസ്രയേലി പൗരന്മാരെ ഉടൻ മോചിപ്പിക്കണം: ഫ്രാൻസിസ് പാപ്പ
പ്രവാചകശബ്ദം 11-10-2023 - Wednesday
വത്തിക്കാന്‍ സിറ്റി: വിശുദ്ധ നാട്ടില്‍ രക്തചൊരിച്ചില്‍ നടന്നുക്കൊണ്ടിരിക്കെ ഹമാസ് ബന്ദികളാക്കിയിരിക്കുന്ന ഇസ്രായേലി പൗരന്മാരെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സിസ് പാപ്പ. തീവ്ര ഇസ്ലാമിക സംഘടനയായ ഹമാസ് ഇസ്രായേലില്‍ നുഴഞ്ഞു കയറി നടത്തിയ ആക്രമണത്തിന് പിന്നാലെ നൂറിലധികം പേരെ ബന്ദികളാക്കിയിരിന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ന് ബുധനാഴ്ച ഫ്രാന്‍സിസ് പാപ്പ മോചനത്തിന് വേണ്ടി അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. ഇസ്രായേലിലെ തിരുന്നാൾ ദിനം ദുഃഖാചരണമായി മാറുന്നത് കണ്ട കുടുംബങ്ങൾക്കായി പ്രാർത്ഥിക്കുകയാണെന്നും ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയാണെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.
ഇസ്രായേലിലും പലസ്തീനിലും സംഭവിക്കുന്നത് കണ്ണീരോടും ഭയത്തോടും കൂടിയാണ് താൻ പിന്തുടരുന്നത്. ഇസ്രായേലിനെതിരായ ഹമാസിന്റെ ആക്രമണത്തിൽ 1000 പേർ കൊല്ലപ്പെട്ടതിന് ശേഷം, ഇസ്രായേൽ സർക്കാർ തിരിച്ചടിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ഉപരോധിച്ച ഗാസ മുനമ്പിൽ വ്യോമാക്രമണം നടത്തുകയും ചെയ്തു. തങ്ങളെ പ്രതിരോധിക്കുക എന്നത് ആക്രമിക്കപ്പെടുന്നവരുടെ അവകാശമാണ്, എന്നാൽ നിരപരാധികളായ നിരവധി ഇരകളുള്ള പാലസ്തീനികൾ താമസിക്കുന്ന ഗാസയിലെ പൂര്‍ണ്ണ ഉപരോധത്തെക്കുറിച്ച് ഞാൻ വളരെ ആശങ്കാകുലനാണ്. മധ്യപൂര്‍വ്വേഷ്യയില്‍ വേണ്ടത് യുദ്ധമല്ല, മറിച്ച് സമാധാനമാണ്. നീതിയിലും സംഭാഷണത്തിലും സാഹോദര്യത്തിന്റെ ധൈര്യത്തിലും കെട്ടിപ്പടുത്ത സമാധാനമാണ് പടുത്തുയര്‍ത്തേണ്ടതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വാരാന്ത്യത്തിൽ ആരംഭിച്ച വിശുദ്ധ നാട്ടിലെ അപ്രതീക്ഷിത ആക്രമണത്തിന് ശേഷം ഫ്രാൻസിസ് മാർപാപ്പ പരസ്യമായി സംസാരിക്കുന്നത് ഇത് രണ്ടാം തവണയാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച, ഇസ്രായേലിനും പാലസ്തീനിനുമിടയിലെ ആക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച ഫ്രാന്‍സിസ് പാപ്പ സമാധാന ആഹ്വാനം നടത്തിയിരിന്നു. ഒക്ടോബർ 9ന് ഗാസയിലെ ഏക കത്തോലിക്ക ദേവാലയത്തിലെ വൈദികനായ ഫാ. ഗബ്രിയേൽ റൊമാനല്ലിയെ മാർപാപ്പ ടെലിഫോണിൽ ബന്ധപ്പെട്ടിരിന്നു.