News

യുദ്ധ ദുരിതത്തിന് ഇരയായ ക്രൈസ്തവര്‍ക്ക് അഭയകേന്ദ്രമായത് ഗാസയിലെ ഏക കത്തോലിക്ക ദേവാലയം

പ്രവാചകശബ്ദം 16-10-2023 - Monday

ഗാസ: ഇസ്രായേലില്‍ അതിക്രമിച്ച് കയറി ഹമാസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഗാസ മുനമ്പില്‍ ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്താല്‍ ദുരിതത്തിലായ ഗാസ മുനമ്പിലെ ക്രൈസ്തവര്‍ക്ക് അഭയകേന്ദ്രമായത് ഗാസയിലെ ഏക കത്തോലിക്ക ദേവാലയമായ ഹോളിഫാമിലി ദേവാലയം. ജെറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റിന്റെ കീഴില്‍ വരുന്നതാണ് ഹോളി ഫാമിലി ഇടവക. 20 ലക്ഷത്തോളം ജനസംഖ്യയുള്ള ഗാസയില്‍ ഏതാണ്ട് 1,100-ല്‍ താഴെ കത്തോലിക്കരാണ് ഉള്ളത്. ഇടവകാംഗങ്ങളില്‍ ഏതാണ്ട് ഇരുനൂറോളം പേര്‍ ഹോളിഫാമിലി ദേവാലയത്തിലും മറ്റും അഭയം തേടിയിട്ടുണ്ടെന്നു ഹോളിഫാമിലി ഇടവക വികാരി ഫാ. ഗബ്രിയേല്‍ റൊമാനെല്ലി വെളിപ്പെടുത്തി.

ദേവാലയത്തിന് കീഴിലുള്ള ഹോളിഫാമിലി ആശ്രമം, സെന്റ്‌ തോമസ്‌ അക്വിനാസ് സെന്റര്‍, ഹോളിഫാമിലി സ്കൂള്‍ എന്നിവിടങ്ങളിലാണ് ഇവര്‍ ഇപ്പോള്‍ കഴിയുന്നത്. സിസ്റ്റേഴ്സ് ഓഫ് ഇന്‍കാര്‍നേറ്റ് വേര്‍ഡ്, ദി റോസറി സിസ്റ്റേഴ്സ്, സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഉള്‍പ്പെടെയുള്ള സന്യാസിനി സമൂഹങ്ങളില്‍ നിന്നുള്ള കന്യാസ്ത്രീകളും ഇവിടങ്ങളില്‍ അഭയം തേടിയിട്ടുണ്ട്. കടുത്ത ബോംബാക്രമണത്തിനു ഇരയായ റിമാല്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്നുള്ള നിരവധി പേരെ ദേവാലയം ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ്. നാല് ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് ഭവനങ്ങള്‍ നഷ്ടപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്, അവര്‍ ഇപ്പോള്‍ ദേവാലയത്തിലാണ് കഴിയുന്നതെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍കാര്‍നേറ്റ് വേര്‍ഡ് സമൂഹാംഗമായ ഫാ. റൊമാനെല്ലി പറഞ്ഞു.

“ഞങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ ഒന്നും ലഭിക്കുന്നില്ല. കൈയിലുള്ള സാധനങ്ങള്‍ പരസ്പരം പങ്കുവെച്ചാണ് ഞങ്ങള്‍ നിലനില്‍ക്കുന്നത്. വളരെകുറച്ച് നേരത്തേക്ക് മാത്രമാണ് വൈദ്യുതി ലഭിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ഇന്ധനവും ലഭ്യമല്ല, വാര്‍ത്തകളിലൂടെ മാത്രമാണ് കാര്യങ്ങള്‍ അറിയുന്നത്, പുറത്ത് പോയി ഒന്നും തന്നെ വാങ്ങുവാന്‍ പോലും സാധിക്കുന്നില്ലായെന്നും ഇസ്രായേലി സേന വൈദ്യുതി, വെള്ളം, ഇന്ധനം, മരുന്ന്‍ തുടങ്ങിയ വിച്ഛേദിച്ചതില്‍ ആശങ്ക രേഖപ്പെടുത്തിക്കൊണ്ട് അദ്ദേഹം വിവരിച്ചു. ഗാസയിലെ ആശുപത്രികളിലെ ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കുവാനുള്ള ഇന്ധനം മണിക്കൂറുകള്‍ക്കുള്ളില്‍ തീരുമെന്ന് റെഡ്ക്രോസും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഹമാസ് ബന്ദികളെ മുഴുവന്‍ മോചിതരാക്കുന്നത് വരെ ഉപരോധം തുടരുമെന്നാണ് ഇസ്രായേല്‍ ഭീഷണി. എന്നാല്‍ ഇസ്രായേല്‍ ബോംബാക്രമണം നടത്തുന്ന ഓരോസമയത്തും ഓരോ ബന്ദികളെ വീതം കൊല്ലുമെന്നാണ് ഹമാസിന്റെ ഭീഷണി. യുദ്ധത്തിന് ശേഷവും ആരോഗ്യമേഖലയിലും, മറ്റ് സംവിധാനങ്ങളിലും ഉണ്ടായിട്ടുള്ള തകര്‍ച്ച സാധാരണ ജീവിതത്തെ കാര്യമായി ബാധിക്കുമെന്നും, യുദ്ധം ഗാസയിലെ ജനങ്ങളില്‍ മാനസിക പ്രശ്നങ്ങളും, ഭീതിയും ഉണ്ടാക്കുമെന്നും ഫാ. റൊമാനെല്ലി ചൂണ്ടിക്കാട്ടി. വിശുദ്ധ നാടിന് വേണ്ടിയുള്ള ലത്തീന്‍ പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബെല്ലയുടെ ആഹ്വാനമനുസരിച്ച് പ്രാര്‍ത്ഥിക്കുവാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തുകൊണ്ടാണ് ഫാ. റൊമാനെല്ലിയുടെ അഭിമുഖം അവസാനിക്കുന്നത്.

Tag: Hamas Israel, malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 893