News

അറേബ്യയില്‍ ക്രിസ്തുവിനെ പ്രതി രക്തസാക്ഷിത്വം വരിച്ചവരുടെ സ്മരണയ്ക്ക് 1500 വര്‍ഷം

പ്രവാചകശബ്ദം 24-10-2023 - Tuesday

ബഹ്റൈന്‍: അറേബ്യൻ നാടുകളിൽ ക്രിസ്തുവിനെ പ്രതി ജീവൻ ബലികഴിച്ചവരുടെ 1500-ാം (523-2023) രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മകള്‍ പുതുക്കി അറബ് സഭ. ഇന്നു ഒക്ടോബർ ഇരുപത്തിനാലിനാണ് ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുക. വടക്കന്‍ അറേബ്യ അപ്പസ്തോലിക വികാരിയത്തും (ബഹ്റൈന്‍ന്‍, ഖത്തര്‍, കുവൈറ്റ്, സൗദി അറേബ്യ), ബിഷപ്പ് പാവ്ലോ മാര്‍ട്ടിനെല്ലി നയിക്കുന്ന തെക്കന്‍ അപ്പസ്തോലിക വികാരിയത്തും സംയുക്തമായി സംഘടിപ്പിച്ച അറേബ്യന്‍ രക്തസാക്ഷികളുടെ അനുസ്മരണ ചടങ്ങില്‍വെച്ച് വടക്കന്‍ അറേബ്യന്‍ അപ്പസ്തോലിക വികാരിയത്തിന്റെ മെത്രാനായ ആള്‍ഡോ ബെരാര്‍ഡിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

അറേബ്യന്‍ രക്തസാക്ഷികളിൽ പ്രധാനപ്പെട്ടതാണ് എ‌ഡി 523-ൽ രക്തസാക്ഷിത്വം വരിച്ച അരേത്താസും കൂട്ടരും. ആറാം നൂറ്റാണ്ടിൽ, ഹിമ്യാർ രാജാവ് തെക്കൻ അറേബ്യയിലെ ക്രൈസ്തവരെ ആസൂത്രിതമായി പീഡിപ്പിക്കുകയും പള്ളികൾ കത്തിക്കുകയും ആളുകളെ മതപരിവർത്തനം ചെയ്യാൻ നിർബന്ധിക്കുകയും ക്രിസ്ത്യൻ വിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിച്ചവരെ വധിക്കുകയും ചെയ്തതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അന്നു വൈദികരെയും, വിശ്വാസികളെയും ജീവനോടെ ചുട്ടെരിക്കുവാന്‍ ഉത്തരവിട്ടു.

തന്റെ നൂറുകണക്കിന് സഹചാരികള്‍ക്കൊപ്പം വിശുദ്ധ അരേത്താസും ശിരസ്ഛേദനത്തിനിരയാവുകയായിരുന്നു. ഏതാണ്ട് നാലായിരം ക്രൈസ്തവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അല്‍-ഹരിത്ത് ബിന്‍ കാ’ബ് എന്നായിരുന്നു വിശുദ്ധ അരേത്താസിന്റെ അറബി നാമം. എ.ഡി 427-ല്‍ ജനിച്ച അദ്ദേഹം 95-മത്തെ വയസ്സിലാണ് രക്തസാക്ഷിത്വം വരിക്കുന്നത്.

കത്തോലിക്ക സഭകളും, ഓര്‍ത്തഡോക്സ് സഭകളും വിശുദ്ധ അരേത്താസിനെ ഒരുപോലെ ആദരിക്കുന്നുണ്ട്. പുരാവസ്തുപരമായ കണ്ടെത്തലുകള്‍ ഈ വിശുദ്ധരുടെ രക്തസാക്ഷിത്വത്തെ സാധൂകരിക്കുന്നുണ്ടെന്നും, തങ്ങളുടെ മിഷ്ണറി ആവേശം പുതുക്കുവാനുള്ള അവസരം കൂടിയായിരിക്കും ഇതെന്നും വികാരിയാത്തിനും, അറേബ്യൻ ഗൾഫിലുള്ള എല്ലാ ക്രിസ്ത്യൻ സമൂഹങ്ങൾക്കും കൃപയുടെ വർഷമാണിതെന്നും വടക്കൻ അറേബ്യയിലെ അപ്പസ്തോലിക വികാരിയായ ബിഷപ്പ് അൽഡോ ബെരാർഡി പറഞ്ഞു.

വിശേഷ അവസരത്തിൽ ഫ്രാൻസിസ് പാപ്പയുടെ പ്രത്യേക അനുവാദത്തോടെ ദണ്ഡവിമോചനത്തിനുള്ള വിശുദ്ധ വാതിലുകള്‍ തുറക്കും. 2024 ഒക്ടോബർ 23 വരെയാണ് ദണ്ഡവിമോചനത്തിനുവേണ്ടിയുള്ള ഈ വാതിലുകൾ തുറന്നിടുക. കുവൈറ്റിലെ കോ-കത്തീഡ്രൽ, ബഹ്‌റൈനിലെ കത്തീഡ്രൽ, അവാലിയിലുള്ള അറേബ്യയിലെ കത്തീഡ്രൽ, അബുദാബിയിലെ സെന്റ് ജോസഫ് കത്തീഡ്രൽ, സെന്‍റ് അരേത്താസ് ദേവാലത്തിലുമാണ് തീർത്ഥാടകർക്ക് പ്രത്യേക കൃപ സ്വീകരിക്കുവാൻ വേണ്ടി വിശുദ്ധ വാതിലുകൾ തുറക്കുന്നത്.

More Archives >>

Page 1 of 897