News

ലോക നേതാക്കള്‍ എത്തും; ഡിസംബർ 7ന് നോട്രഡാം കത്തീഡ്രല്‍ ദേവാലയം തുറക്കും

പ്രവാചകശബ്ദം 30-11-2024 - Saturday

പാരീസ്: ഫ്രാൻസിലെ പാരീസില്‍ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധ ദേവാലയമായ നോട്രഡാം കത്തീഡ്രല്‍ ദേവാലയം അഞ്ചര വര്‍ഷമായി നടന്ന പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്ക് ശേഷം ഡിസംബർ 7ന് തുറക്കും. ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ നവീകരിച്ച കത്തീഡ്രൽ സന്ദർശിച്ച് വെഞ്ചിരിപ്പ് ഉള്‍പ്പെടെയുള്ള തിരുകര്‍മ്മങ്ങളിലും ഉദ്ഘാടന ചടങ്ങിലും സംസാരിക്കും. ലോകത്തിന്റെ മുമ്പില്‍ പാരീസിന്റെ പ്രതീകമെന്ന നിലയിലാണ് നോട്രഡാം കത്തീഡ്രല്‍ അറിയപ്പെടുന്നത്. 12–ാം നൂറ്റാണ്ടിൽ ഗോത്തിക് വാസ്തുശിൽപ ശൈലിയിൽ നിർമിച്ച നോട്രഡാം കത്തീഡ്രൽ തനിമ നിലനിർത്തി പുനഃസൃഷ്ടിച്ചിരിക്കുന്നത്.

ഫ്രഞ്ച് ചരിത്രത്തിലെ ഇരുണ്ട ദിനങ്ങളിലൊന്നെന്ന് വിശേഷിപ്പിക്കുന്ന 2019 ഏപ്രില്‍ 15-നാണ് ദേവാലയം അഗ്നിയ്ക്കിരയായത്. കത്തിയ കത്തീഡ്രലിൻ്റെ പുനരുദ്ധാരണത്തിനായി സര്‍ക്കാര്‍ തന്നെ നേരിട്ടു ഇടപെടുകയായിരിന്നു. അത്രത്തോളം ചരിത്ര പ്രാധാന്യമുള്ളതാണ് ദേവാലയം. 840 ദശലക്ഷം യൂറോയാണ് സംഭാവനയായി ലഭിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നേതാക്കള്‍ കത്തീഡ്രല്‍ ഉദ്ഘാടനത്തോട് അനുബന്ധിച്ചു പാരീസില്‍ എത്തിച്ചേരും. പ്രാദേശിക സമയം വൈകുന്നേരം 6 മണിക്ക് ആർച്ച് ബിഷപ്പ് ലോറൻ്റ് ഉൾറിച്ച് കത്തീഡ്രൽ വാതിലുകളിൽ പ്രതീകാത്മകമായി മുട്ടുന്നതോടെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്.

ഈ സമയം അകത്ത് നിന്ന് സങ്കീർത്തനം ആലപിക്കും, തുടര്‍ന്നു വാതിലുകൾ തുറക്കും. ആർച്ച് ബിഷപ്പ് ഓര്‍ഗന്‍ ആശീർവദിക്കും, തുടർന്ന് മറ്റ് തിരുക്കര്‍മ്മങ്ങളും നടക്കും. തിരുക്കര്‍മ്മങ്ങളുടെയും മറ്റ് പരിപാടികളുടെയും സംപ്രേക്ഷണം ഫ്രഞ്ച് ദേശീയ മാധ്യമങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. ദേവാലയത്തിലെ ആദ്യ വിശുദ്ധ കുര്‍ബാന അര്‍പ്പണം ഡിസംബര്‍ എട്ടാം തീയതി പ്രാദേശിക സമയം രാവിലെ 10.30നാണ് നടക്കുക. തുടർന്നുള്ള എട്ട് ദിവസങ്ങളിൽ വിവിധ സമയങ്ങളില്‍ വിശുദ്ധ കുർബാനകൾ നടക്കും.

ഡിസംബർ 8ന് വൈകുന്നേരം 5.30 മുതൽ 8 വരെയാണ് പൊതു സന്ദർശനങ്ങൾക്കു അനുമതിയുണ്ടാകുക. ഡിസംബർ ആദ്യം കത്തീഡ്രലിൻ്റെ വെബ്‌സൈറ്റ്, സോഷ്യൽ മീഡിയ, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവ വഴി സൗജന്യ ഓൺലൈൻ ബുക്കിംഗ് ലഭ്യമാക്കും. ബുക്കിംഗ് ഇല്ലാതെ എത്തുന്നവര്‍ക്കായി ഒരു ക്യൂ മാറ്റിവെക്കും. അടുത്ത വർഷം ഫെബ്രുവരി മുതൽ മാത്രമേ ഗ്രൂപ്പ് സന്ദർശനങ്ങൾക്ക് പ്രവേശനം നല്‍കൂയെന്നും ഫ്രഞ്ച് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

More Archives >>

Page 1 of 1025