News - 2024

അസഹിഷ്ണുത വര്‍ദ്ധിച്ച് വരുന്ന ലോകത്തില്‍ ശ്രീ നാരായണ ഗുരുവിന്റെ സന്ദേശത്തിന് പ്രസക്തിയുണ്ടെന്ന് പാപ്പ

പ്രവാചകശബ്ദം 01-12-2024 - Sunday

വത്തിക്കാന്‍ സിറ്റി: ജനതകൾക്കും രാഷ്ട്രങ്ങൾക്കുമിടയിൽ അസഹിഷ്ണുതയും വിദ്വേഷവും വർദ്ധിച്ചുവരുന്നതിന് നാം സാക്ഷികളാകുന്ന ഒരു ലോകത്തിൽ ആർക്കുമെതിരെ ഒരു തരത്തിലും ഒരു തലത്തിലും വിവേചനം അരുതെന്ന ശ്രീ നാരായണ ഗുരുവിന്റെ സന്ദേശം എറ്റവും പ്രസക്തമാണെന്ന് ഫ്രാന്‍സിസ് പാപ്പ. ശ്രീ നാരായണഗുരു സംഘടിപ്പിച്ച “സർവ്വമതസമ്മേളന”ത്തിൻറെ ഒന്നാം ശതാബ്ദിയനുസ്മരണത്തിൻറെ ഭാഗമായി മതാന്തരസംവാദത്തിനായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ സഹകരണത്തോടെ ശ്രീ നാരായണ ധർമ്മ സംഘം ടസ്റ്റ് സംഘടിപ്പിച്ചിരിക്കുന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരിന്നു പാപ്പ.

ഏക ദൈവത്തിൻറെ മക്കളെന്ന നിലയിൽ നാം പരസ്‌പരം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും,സാഹോദര്യത്തിൻറെയും ഉൾക്കൊള്ളലിൻറെയും അരൂപിയിൽ, വൈവിധ്യങ്ങളെയും വ്യത്യാസങ്ങളെയും ആദരിക്കുകയും പരസ്‌പരം പരിപാലിക്കുകയും വേണം. അതുപോലെ നമ്മുടെ പൊതു ഭവനമായ ഭൂമിയെ കാത്തുസൂക്ഷിക്കുകയും വേണം എന്ന മൗലിക സത്യം എല്ലാ മതങ്ങളും പഠിപ്പിക്കുന്നുവെന്നും പാപ്പ പറഞ്ഞു. മതാന്തരസംവാദത്തിനും പരസ്പരം മനസ്സിലാക്കാനുമുള്ള എല്ലാവരുടെയും യത്നങ്ങൾക്ക് പാപ്പ നന്ദി പ്രകാശിപ്പിക്കുകയും പ്രാർത്ഥന ഉറപ്പു നല്കുകയും ചെയ്തു.

അവകാശങ്ങളിലും കടമകളിലും അന്തസിലും തുല്യതയോടെയാണ് ദൈവം എല്ലാ മനുഷ്യരെയും സൃഷ്ടിച്ചി രിക്കുന്നതെന്നും സഹോദരീ സഹോദരന്മാരായി ഒരുമിച്ചു ജീവിക്കാനാണ് അവരെ വിളിച്ചിരിക്കുന്നതെന്നും 2019 ഫെബ്രുവരി നാലിന് അബുദാബിയിൽ ഗ്രാൻഡ് ഇമാം അൽ അസർ അഹമ്മദ് അൽ ത്വയ്യിബുമൊത്ത് താൻ ഒപ്പുവച്ച ലോകസമാധാനത്തിനും ഒരുമിച്ചുള്ള ജീവിതത്തിനുമായുള്ള സുപ്രധാന രേഖയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നു മാർപാപ്പ പറഞ്ഞു. ശിവഗിരി മഠം പ്രസിഡൻറ് സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ നിയുക്ത കർദ്ദിനാൾ മാർ ജോർജ് ജേക്കബ് കുവക്കാട്ട്, കിഡ്നി ഫെഡെറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപകാദ്ധ്യക്ഷൻ ഫാ. ഡേവീസ് ചിറമ്മേൽ, പാണക്കാട് സാദിഖലി തങ്ങൾ തുടങ്ങിയ നിരവധി പ്രമുഖര്‍ പങ്കെടുക്കുന്നുണ്ട്.

More Archives >>

Page 1 of 1026