News

'ട്രിനിറ്റി കഫേ'യിലൂടെ ഈശോയെ പകരുന്ന ദമ്പതികളുടെ വിശ്വാസ പ്രഘോഷണത്തിന് 10 വര്‍ഷം

പ്രവാചകശബ്ദം 03-12-2024 - Tuesday

ലീസ്ബര്‍ഗ്: നവ സുവിശേഷ പ്രഘോഷണത്തിനുള്ള വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ ആഹ്വാനമേറ്റെടുത്ത് കത്തോലിക്ക ദമ്പതികളായ സോറനും എവര്‍ ജോണ്‍സണും തുടക്കം കുറിച്ച 'ട്രിനിറ്റി ഹൗസ് കഫേ'യ്ക്കു 10 വര്‍ഷം. കഴിഞ്ഞ മാസമായിരുന്നു വിര്‍ജീനിയയിലെ ലീസ്ബര്‍ഗില്‍ പ്രവര്‍ത്തിക്കുന്ന ട്രിനിറ്റി ഹൗസ് കഫേയുടെ പത്താം വാര്‍ഷികം. തങ്ങളുടെ മുഴുവന്‍ ജീവിതവും പരസ്യ വിശ്വാസ പ്രഘോഷണത്തിനായി നീക്കിവെച്ചിരിക്കുകയാണ് അടിയുറച്ച കത്തോലിക്ക വിശ്വാസികളായ ഈ ദമ്പതികള്‍. ചൂടന്‍ ചായയും, കാപ്പിയും, പലഹാരങ്ങളും ലഭ്യമാക്കിയ ഈ കഫേയില്‍ എത്തുന്നവര്‍ക്ക് സത്യദൈവത്തെ പരിചയപ്പെടുത്തുന്നതില്‍ സദാ വ്യാപൃതരാണ് ഈ ദമ്പതികള്‍.

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ ജീവചരിത്രം എഴുതിക്കൊണ്ടിരുന്ന അമേരിക്കൻ കത്തോലിക്ക എഴുത്തുകാരനായ ജോര്‍ജ്ജ് വീജലിന് വേണ്ടി വേണ്ടി ജോലി ചെയ്യുവാന്‍ എവറിന് അവസരം ലഭിച്ചതില്‍ നിന്നുമാണ് ട്രിനിറ്റി ഹൗസ് കഫേ കൂട്ടായ്മക്ക് കളമൊരുങ്ങിയത്‌. 'നമുക്ക് എങ്ങനെ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ നവസുവിശേഷവത്കരണ ദൗത്യത്തില്‍ പങ്കാളികളാവാം' എന്ന ചോദ്യവുമായി നിരവധി പേരാണ് തങ്ങളുടെ ഓഫീസില്‍ എത്തിയിരുന്നതെന്ന കാര്യം എവര്‍ ജോണ്‍സണ്‍ ഓര്‍മ്മിക്കുന്നു.

അവരെ ഒരുമിപ്പിച്ച് ഒരു കൂട്ടായ്മ ഉണ്ടാക്കാം എന്ന തങ്ങളുടെ തീരുമാനത്തില്‍ നിന്നുമാണ് ജോണ്‍ പോള്‍ രണ്ടാമന്‍ ഫെല്ലോഷിപ്പിന്റെ സ്ഥാപനത്തിന് ആരംഭമാകുന്നത്. വിശുദ്ധ കുര്‍ബാനകള്‍, പ്രഭാഷണങ്ങള്‍, സെമിനാറുകള്‍, ഡിന്നറുകള്‍, സാമൂഹ്യ സാംസ്കാരിക പരിപാടികള്‍ തുടങ്ങിയവ നിരവധി വര്‍ഷങ്ങളായി ഈ കൂട്ടായ്മ സംഘടിപ്പിച്ച് വരുന്നുണ്ട്.

ഇവയെല്ലാം ചെയ്യുമ്പോഴും പുതിയ കാലഘട്ടത്തില്‍ നവസുവിശേഷവത്കരണത്തിന് മതിയായ കാര്യങ്ങള്‍ തങ്ങള്‍ ചെയ്യുന്നില്ല എന്ന തോന്നലില്‍ നിന്നും എല്ലാവര്‍ക്കും പങ്കെടുക്കുവാന്‍ കഴിയുന്ന രീതിയില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ ഒരു പൊതു ഇടം വേണമെന്ന തോന്നല്‍ അദ്ദേഹത്തിന് ഉണ്ടാകുകയായിരിന്നു. നിരവധി വര്‍ഷങ്ങളായി നടത്തിവന്നിരുന്ന ധനസമാഹരണത്തിന് ശേഷം അതിന് പറ്റിയ ഒരു സ്ഥലത്തിന് വേണ്ടിയുള്ള അന്വേഷണവും ആരംഭിച്ചു.

2014 ഏപ്രില്‍ 27-ന് ട്രിനിറ്റി ഹൗസ് കഫേയിലാണ് അവരുടെ അന്വേഷണം അവസാനിച്ചത്. വിശുദ്ധ ജോണ്‍ രണ്ടാമനെ വിശുദ്ധനായി പ്രഖ്യാപിച്ച ദിവസമായിരിന്നു അത്. ഇതേ ദിവസം വാഷിംഗ്ടണില്‍ നടന്ന അനുസ്മരണ ബലിയില്‍ പങ്കെടുത്ത ശേഷം മടങ്ങവേയാണ് 1700-കളില്‍ സ്ഥാപിതമായ ഈ കെട്ടിടം ദമ്പതികള്‍ കണ്ടെത്തിയത്. തങ്ങളുടെ വിശ്വാസവും, മാതാപിതാക്കളുടെയും, കുടുംബത്തിന്റേയും വിശ്വാസ സാക്ഷ്യവുമാണ് തങ്ങളുടെ പ്രചോദനമെന്നും വിവാഹം ഒരു സ്വകാര്യമായ കാര്യമല്ലെന്നും കൂട്ടായ്മ, കുടുംബം എന്നീ നിരവധി വശങ്ങള്‍ ഉള്ള ഒരു കൂദാശയാണതെന്നും അദ്ദേഹം പറയുന്നു.

സ്ഥാപിതമായി 5 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ നടത്തിവരുന്ന കുടുംബ മാതൃകയിലുള്ള വിശ്വാസ പ്രഘോഷം ആരംഭിച്ചത്. ചൂടന്‍ ചായയും, കാപ്പിയും, പലഹാരങ്ങളും തേടി വരുന്ന ഈ കഫേയില്‍ കയറി വരുന്ന ഓരോ വ്യക്തികളെയും വിശ്വാസത്തിലേക്ക് ആകര്‍ഷിക്കുന്ന ചിത്രങ്ങളും രൂപങ്ങളും നിരവധിയാണ്. കെട്ടിടത്തില്‍ ഫയര്‍പ്ലേസിന് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ത്രീത്വത്തിന്റെ പ്രതീകം വെറുമൊരു അടയാളം മാത്രമല്ല, "സ്വര്‍ഗ്ഗം നിങ്ങളുടെ ഭവനത്തില്‍" എന്ന ട്രിനിറ്റി ഹൗസ് കൂട്ടായ്മയുടെ സുവിശേഷ പ്രഘോഷണ ദൗത്യത്തിന്റെ ഉള്‍ക്കാമ്പ് കൂടിയാണ്.

തങ്ങളുടെ ഭവനങ്ങള്‍ വിശ്വാസ സാംസ്കാരിക നവോത്ഥാനത്തിനുള്ള ഒരു വേദിയാക്കി മാറ്റുവാന്‍ നിരവധി കുടുംബങ്ങളെ തങ്ങളുടെ ഈ ദൗത്യം പ്രേരിപ്പിക്കുന്നുണ്ടെന്ന് സോറ-ജോണ്‍സണ്‍ ദമ്പതികള്‍ തുറന്നു പറയുന്നു. 24 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പോളണ്ടില്‍വെച്ചായിരിന്നു ഇവരുടെ വിവാഹം. 5 കുട്ടികളുടെ മാതാപിതാക്കളായ ഈ ദമ്പതികള്‍ കഴിഞ്ഞ പത്തുവര്‍ഷങ്ങളായി തങ്ങള്‍ വിജയകരമായി നടത്തിവരുന്ന സുവിശേഷ പ്രഘോഷണത്തിന്റെ വിശേഷങ്ങള്‍ കാത്തലിക് ന്യൂസ് ഏജന്‍സിയുമായാണ് പങ്കുവെച്ചത്. അടുത്ത വര്‍ഷം ആരംഭത്തോടെ "ഹെവന്‍ ഇന്‍യുവര്‍ ഹോം ലെറ്റേഴ്സ്‌ ആന്‍ഡ്‌ ഗൈഡ് : നര്‍ച്ചറിംഗ് യുവര്‍ ഹോളിഫാമിലി" എന്ന പേരില്‍ ഒരു പുസ്തകം പുറത്തിറക്കുവാനുള്ള തയാറെടുപ്പിലാണ് ഈ ദമ്പതികള്‍.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?

More Archives >>

Page 1 of 1026