News
പ്രശസ്തിയുടെ നടുവിലും ക്രിസ്തുവിനെ പ്രഘോഷിക്കുന്ന ഹോളിവുഡ് നടന്‍ ക്രിസ് പ്രാറ്റ് ശ്രദ്ധേയനാകുന്നു
സ്വന്തം ലേഖകന്‍ 09-01-2017 - Monday
വാഷിംഗ്ടണ്‍: ഒരു ചലച്ചിത്ര നടന്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ സാധാരണ നമ്മുടെ മനസിലൂടെ പല കാര്യങ്ങളും കടന്നു പോകാറുണ്ട്. സിനിമയില്‍ ചെറിയ വേഷങ്ങളില്‍ പോലും അഭിനയിക്കുന്നവര്‍ക്ക് ലഭിക്കുന്ന പേരും പ്രശസ്തിയും വളരെ വലുതാണ്. പണവും പ്രശസ്തിയും മിക്ക താരങ്ങളുടെയും ജീവിതത്തെ ദൈവഭയമില്ലാത്ത അവസ്ഥയിലേക്ക് കൊണ്ടുചെന്ന് എത്തിക്കാറാണ് പതിവ്. ഹോളിവുഡില്‍ നിന്നും ഇത്തരം നിരവധി അഭിനേതാക്കളുടെ കഥകള്‍ നാം ദിനംപ്രതി കേള്‍ക്കാറുണ്ട്. എന്നാല്‍ ഇവരില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്ഥനാണ് ക്രിസ് പ്രാറ്റ്. ഉത്തമ ക്രൈസ്തവ സാക്ഷ്യത്തിന്റെ ഉടമയാണ് ഹോളിവുഡിലെ ഈ തിളക്കമുള്ള നടന്‍.
തന്റെ ഉള്ളിലെ ക്രൈസ്തവ വിശ്വാസം ഒരിക്കലും മറച്ചുപിടിക്കുവാന്‍ ക്രിസ് പ്രാറ്റ് ശ്രമിച്ചിട്ടില്ലായെന്നത് ശ്രദ്ധേയമാണ്. അഭിമുഖങ്ങളിലും, സാമൂഹിക മാധ്യമങ്ങളിലും എല്ലാം, നസ്രായനായ യേശുവിന്റെ പിന്‍ഗാമിയാണ് താനെന്ന സത്യം ഭയമില്ലാതെ ക്രിസ് പ്രാറ്റ് തുറന്നു പറഞ്ഞു. ദൈവം തന്നെ കൈപിടിച്ചു നടത്തിയ പല സംഭവങ്ങളും ക്രിസ് പ്രാറ്റ് അഭിമുഖങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. മദ്യപാനത്തിന്റെയും മറ്റ് പാപങ്ങളുടെയും പടുകുഴിയിലേക്ക് വീണു കൊണ്ടിരിന്ന താന്‍ എങ്ങനെയാണ് ക്രിസ്തുവിനെ അറിഞ്ഞതെന്ന് വാനിറ്റി ഫെയര്‍ എന്ന മാസികയ്ക്ക് അടുത്തിടെ നല്‍കിയ അഭിമുഖത്തിലാണ് ക്രിസ് പ്രാറ്റ് വെളിപ്പെടുത്തിയത്.
"ഹവായി ബീച്ചിന്റെ തീരത്തുള്ള ഒരു കടയില്‍ മദ്യത്തിനായി ഞാന്‍ കാത്തിരിക്കുകയായിരുന്നു. ഒരു സുഹൃത്താണ് മദ്യംവാങ്ങുവാന്‍ പോയത്. അയാളുടെ വരവും കാത്ത് ഞാന്‍ ഇരിക്കുമ്പോഴാണ് ഹെന്‍റ്റി എന്നു പേരുള്ള ഒരാള്‍ എന്നെ തേടി വന്നത്. കാര്യങ്ങള്‍ മുന്‍കൂട്ടി അറിയുന്ന രീതിയിലാണ് അയാള്‍ എന്നോട് സംസാരിച്ചത്. മദ്യപിക്കുവാനും, ക്ലബുകളിലേക്ക് പോയി പെണ്‍കുട്ടികളുടെ കൂടെ ഉല്ലസിക്കുവാനും പോകുകയാണെന്ന് ഹെന്‍റ്റിയോട് ഞാന്‍ തുറന്നു പറഞ്ഞു".
"കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ താങ്കള്‍ എന്തിനാണ് ഇത്തരം കാര്യങ്ങള്‍ തിരക്കുന്നതെന്ന് ഞാന്‍ ഹെന്‍റ്റിയോട് ചോദിച്ചു. ''നിങ്ങളോട് സംസാരിക്കണമെന്ന് യേശു എന്നോടു പറഞ്ഞു''. ഈ മറുപടിയാണ് ഹെന്‍റ്റി എനിക്കു നല്‍കിയത്. അല്പ സമയം ചിന്തിച്ച ശേഷം ഞാന്‍ ഹെന്‍റ്റിയുടെ കൂടെ പോയി. പാപത്തിലേക്ക് വീഴുവാന്‍ നിമിഷങ്ങളുടെ അകലം മാത്രമുള്ളപ്പോള്‍ ഒരു ദൈവദൂതനെ പോലെ ഹെന്‍റ്റി എന്നെ അതില്‍ നിന്നും അകറ്റി. യേശുവിനെ എനിക്ക് കാണിച്ചു നല്‍കി. ദേവാലയത്തിലേക്ക് എന്നെ ഹെന്‍റ്റി കൂട്ടിക്കൊണ്ടു പോയി. എനിക്കുണ്ടായ അത്ഭുത മാറ്റം എന്റെ കൂട്ടുകാരെ അമ്പരിപ്പിച്ചു". ക്രിസ് പ്രാറ്റ് തന്റെ ജീവിതാനുഭവം വാനിറ്റി ഫെയര്‍ മാഗസിന്‍ ലേഖകനോട് പങ്കുവെച്ചു.
ഈ സംഭവം നടന്ന് കൃത്യം ഒരു മാസം കഴിഞ്ഞപ്പോഴാണ് ക്രിസ് പ്രാറ്റിനെ ഹവാനയിലെ ഒരു റെസ്റ്റോറന്‍ഡില്‍ വച്ച് ചലച്ചിത്ര സംവിധായകന്‍ പരിചയപ്പെടുന്നതും സിനിമയില്‍ അവസരം നല്‍കുന്നതും. ഹൊറര്‍ കോമഡി ചലച്ചിത്രമായ 'കേഴ്‌സിഡ് പാര്‍ട്ട് ത്രീ'യില്‍ അഭിനയിക്കുവാന്‍ ക്രിസ് പ്രാറ്റിന് കഴിഞ്ഞു. ഹോളിവുഡിലെ ഏറ്റവും മൂല്യമുള്ള നടനായി ക്രിസ് പ്രാറ്റിനെ ദൈവം കൈപിടിച്ച് ഉയര്‍ത്തി. 2014-ല്‍ ഹോളിവുഡിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ നടനായി ക്രിസ് പ്രാറ്റ് മാറി. പ്രസ്തുത വര്‍ഷത്തില്‍ 1.2 ബില്യണ്‍ യുഎസ് ഡോളറാണ് ക്രിസ് പ്രാറ്റിന് പ്രതിഫലമായി ലഭിച്ചത്.
2012 ൽ കുഞ്ഞിന്റെ ജനന ശേഷം ഉണ്ടായ ദൈവാനുഭവത്തെ പറ്റിയും ക്രിസ് തുറന്നു പറഞ്ഞു. ജാക് പ്രാറ്റ് എന്നു വിളിക്കുന്ന അദ്ദേഹത്തിന്റെ കുഞ്ഞിന്റെ ജനനം മാസം തികയാതെയായിരുന്നു. പൂര്‍ണ്ണവളര്‍ച്ച എത്തിയിട്ടില്ലാത്ത കുഞ്ഞിന്റെ ഭാരം വെറും 3 പൗണ്ട് മാത്രമായിരുന്നു. തുടര്‍ന്നു കുഞ്ഞ് ഇൻക്യുബേറ്ററിലായി. ക്രിസും അദ്ദേഹത്തിന്റെ ഭാര്യ അന്ന ഫാരിസും മാസങ്ങളോളം കുഞ്ഞിന്റെ ആരോഗ്യത്തിനുവേണ്ടി മട്ടിപ്പായി പ്രാർത്ഥിച്ചു. ദൈവം മകനെ സുഖപ്പെടുത്തി. ക്രിസ്തുവിലുള്ള തന്റെ വിശ്വാസത്തെ വീണ്ടും ആഴത്തില്‍ ഉറപ്പിക്കുന്നതിന് ഈ പരീക്ഷണം തന്നെയും ഭാര്യയേയും സഹായിച്ചുവെന്ന്‍ അഭിമുഖത്തില്‍ ക്രിസ് പ്രാറ്റ് വിവരിച്ചു.
ഈസ്റ്ററിന് മുമ്പുള്ള ശനിയാഴ്ച ദിവസം തന്റെ വീടിനു സമീപത്തുള്ള ചെറു കുന്നില്‍ ഒരു കുരിശ് രൂപം ഉയര്‍ത്തിയും ക്രിസ് പ്രാറ്റ് മാധ്യമങ്ങളില്‍ ഇടംനേടിയിരുന്നു. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് മാനവകുലത്തിന്റെ രക്ഷയ്ക്കായി യേശുക്രിസ്തു വഹിച്ച കുരിശിനെ നാം ഓര്‍ക്കണമെന്നും, രക്ഷയുടെ മാര്‍ഗത്തിലേക്ക് മനസ്താപത്തോടെ തിരിയണമെന്നും ക്രിസ് പ്രാറ്റ് ഉറക്കെ വിളിച്ചു പറഞ്ഞു. ലഭിക്കുന്ന അവസരങ്ങളിലെല്ലാം ക്രിസ്തുവിനെ പ്രഘോഷിക്കുവാന്‍ ക്രിസ് പ്രാറ്റ് ശ്രമിക്കാറുണ്ട്. ഹോളിവുഡ് നടിയായ അന്നാ ഫാരിസാണ് ക്രിസ് പ്രാറ്റിന്റെ ജീവിതസഖി.