News - 2025
റോമിനെ ലക്ഷ്യമിട്ട് വന്‍ തീവ്രവാദ ആക്രമണത്തിന് സാധ്യതയെന്നു ഇറ്റാലിയന്‍ സുരക്ഷാസേന തലവന്റെ മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍ 11-01-2017 - Wednesday
റോം: റോമിനെ ലക്ഷ്യമിട്ട് തീവ്രവാദ ആക്രമണം നടക്കുവാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഇറ്റാലിയന്‍ സുരക്ഷാ സേന തലവന്‍ ഫ്രാന്‍കോ ഗബ്രിയേലിന്റെ മുന്നറിയിപ്പ്. ഇറ്റാലിയന്‍ ദുരന്തനിവാരണ സേനയായ 'പ്രൊട്ടിസിയോണി സിവിലി'യുടെ തലവനായ ഫ്രാന്‍കോ ഗബ്രിയേലി 'ഇല്‍ ഗിയോര്‍നാലേ' എന്ന ഇറ്റാലിയന്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കും, വത്തിക്കാനും നേരെ ആക്രമണം നടന്നേക്കാമെന്ന മുന്നറിയിപ്പ് ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. ഐഎസിന്റെ സ്ഥിരം പ്രസിദ്ധീകരണത്തില്‍ ഇത്തരത്തിലുള്ള സൂചനകള്‍ ഉണ്ടെന്ന് ഫ്രാന്‍കോ ഗബ്രിയേലി ചൂണ്ടികാണിക്കുന്നു. "തീവ്രവാദ സ്വഭാവമുള്ള ചില ഇസ്ലാമിക സംഘടനകള്‍ ഇറ്റലിക്ക് നേരെ നടത്തുവാന്‍ സാധ്യതയുള്ള ആക്രമണത്തെ ഗൗരവം കുറച്ചു കാണുന്നത് തികച്ചും ബുദ്ധിശൂന്യതയാണ്. ഐഎസുമായി ബന്ധമുള്ളവയും അല്ലാത്തവയുമായ ചില സംഘടനകള്‍ അണിയറയില്‍ ഇതിനുള്ള നീക്കം നടത്തുന്നുണ്ട്".
"ഇത്തരം ആക്രമണങ്ങള്‍ക്ക് നാം വലിയ വില നല്‍കേണ്ടി വരും. ഏറെ ജാഗ്രതയോടെ വേണം ഇത്തരം ഭീഷണികളെ നാം കൈകാര്യം ചെയ്യുവാന്‍. അടുത്തിടെ പുറത്തുവന്ന ചില സന്ദേശങ്ങളില്‍ വത്തിക്കാനും, മാര്‍പാപ്പയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് തീവ്രവാദികള്‍ വ്യക്തമാക്കുന്ന നിരവധി തെളിവുകള്‍ ഉണ്ട്". ഫ്രാന്‍കോ ഗബ്രിയേലി വിവരിക്കുന്നു.
ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഒരു പ്രസിദ്ധീകരണത്തില്‍ റോമിന്റെ അറബിക് പേരായ 'റൂമിയാഹ്' എന്നതിനെ ആവര്‍ത്തിച്ച് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം സൂചനകളെല്ലാം അടുത്തതായി തങ്ങള്‍ ആരെയാണ് ലക്ഷ്യമിടുന്നതെന്ന വിവരം അണികള്‍ക്കു നല്‍കുവാന്‍ വേണ്ടിയാണ് ഐഎസ് ഉപയോഗിക്കാറുള്ളതെന്നും ഫ്രാന്‍കോ ഗബ്രിയേലി ചൂണ്ടികാണിക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന തീവ്രവാദ ആക്രമണവും ഭീഷണികളും റോമിലേക്കും വ്യാപിക്കുവാന്‍ സാധ്യതയുണ്ടെന്നാണ് ഫ്രാന്‍കോ ഗബ്രിയേലിന്റെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നത്.
