News - 2025
ലൊറെറ്റോ സന്യാസ സഭ ഏഷ്യയിലെ ശുശ്രൂഷകള്‍ ആരംഭിച്ചിട്ട് 175 വര്‍ഷം
സ്വന്തം ലേഖകന്‍ 11-01-2017 - Wednesday
കൊല്‍ക്കത്ത: ആരംഭകാലഘട്ടത്തില്‍ കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ കന്യാസ്ത്രീയായി ചേര്‍ന്ന കോണ്‍ഗ്രിഗേഷന്‍, ഏഷ്യയിലെ ശുശ്രൂഷകളില്‍ 175 വര്‍ഷം തികച്ചു. IBVM എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന 'ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദ ബ്ലെസ്ഡ് വിര്‍ജിന്‍ മേരി' കോണ്‍ഗ്രിഗേഷനാണ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ശുശ്രൂഷയുടെ 175-ാം വാര്‍ഷികം ആഘോഷിച്ചത്. സിസ്‌റ്റേഴ്‌സ് ഓഫ് ലൊറെറ്റോ എന്ന പേരിലാണ് ഇവര്‍ അറിയപ്പെടുന്നത്. ക്രിസ്തുവിന്റെ വലിയ കാരുണ്യമാണ് ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ ഇത്രയും നാള്‍ തങ്ങളെ പ്രവര്‍ത്തിക്കുവാന്‍ ശക്തിപ്പെടുത്തിയതെന്ന് സൗത്ത് ഏഷ്യ റിലീജിയന്‍സ് പ്രൊവിന്‍സിന്റെ അധ്യക്ഷയായ സിസ്റ്റര്‍ അനിത എം. ബ്രഗാന്‍സാ പറഞ്ഞു.
1609-ല്‍ മേരി വാര്‍ഡാണ് സിസ്‌റ്റേഴ്‌സ് ഓഫ് ലൊറെറ്റോ അയര്‍ലണ്ടില്‍ സ്ഥാപിച്ചത്. ഏഴു കന്യാസ്ത്രീകളും, മഠത്തിലേക്ക് ചേരുവാന്‍ പഠനം നടത്തിയിരുന്ന അഞ്ചു പെണ്‍കുട്ടികളും ഉള്‍പ്പെടുന്ന ചെറു സംഘമായിട്ടാണ് അയര്‍ലണ്ടില്‍ സിസ്റ്റേഴ്‌സ് ഓഫ് ലൊറെറ്റോ സേവനം ആരംഭിച്ചത്. മദര്‍ ഡെല്‍ഫൈന്‍ ഹാര്‍റ്റിന്റെ നേതൃത്വത്തിലുള്ള കന്യാസ്ത്രീകള്‍ 1841 ഡിസംബര്‍ 30-ാം തീയതി കൊല്‍ക്കത്തയില്‍ എത്തിയടെയാണ് കോണ്‍ഗ്രിഗേഷന്റെ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
"23 വയസ് മാത്രമായിരുന്നു ഭാരതത്തില്‍ എത്തുമ്പോള്‍ മദര്‍ ഡെല്‍ഫൈന്‍ ഹാര്‍റ്റിന്റെ പ്രായം. അന്നു വന്ന സംഘത്തിലെ കന്യാസ്ത്രീമാരുടെ ശരാശരി പ്രായം 19 വയസും. സ്വന്തം ഭവനത്തേയും, ബന്ധുക്കളേയും, രാജ്യത്തേയുമെല്ലാം പൂര്‍ണ്ണമായി ഉപേക്ഷിച്ചിട്ടാണ് ഇവര്‍ സേവനമാര്‍ഗവുമായി ഇവിടേയ്ക്ക് കടന്നുവന്നത്. കൊല്‍ക്കത്ത ആസ്ഥാനമാക്കിയുള്ള അവരുടെ പ്രവര്‍ത്തനം പിന്നീട് ഭാരതത്തിന്റെ വിവിധ പ്രദേശങ്ങളിലേക്കും, നേപ്പാള്‍, ബംഗ്ലാദേശ് തുടങ്ങിയ അയല്‍രാജ്യങ്ങളിലേക്കും വ്യാപിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക പരിചരണം നടപ്പിലാക്കിയത് കോണ്‍ഗ്രിഗേഷനിലെ അംഗങ്ങളാണ്". സിസ്റ്റര്‍ അനിത എം ബ്രഗാന്‍സ പറഞ്ഞു.
'ഓര്‍ക്കുക, പുനര്‍ചിത്രീകരിക്കുക, നവീകരണം പ്രാപിക്കുക' എന്നതാണ് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്കായി സിസ്റ്റേഴ്‌സ് ഓഫ് ലൊറിറ്റോ തെരഞ്ഞെടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബര്‍ മാസം 17-ാം തീയതിയാണ് ആഘോഷപരിപാടികള്‍ക്ക് ആരംഭം കുറിച്ചത്. 1928-ല്‍ കൊല്‍ക്കത്തയുടെ വിശുദ്ധ തെരേസ തന്റെ 18-ാം വയസില്‍ കന്യാസ്ത്രീയാകുന്നതിനുള്ള പഠനത്തിന് ചേര്‍ന്നത് അയര്‍ലണ്ടിലെ സിസ്റ്റേഴ്‌സ് ഓഫ് ലൊറെറ്റോയിലാണ്. 1950-ല്‍ ആണ് വിശുദ്ധ മദര്‍ തെരേസ, മിഷ്‌നറീസ് ഓഫ് ചാരിറ്റി എന്ന പേരില്‍ സ്വന്തം കോണ്‍ഗ്രിഗേഷന്‍ ആരംഭിച്ചത്.
