News - 2025

ക്രൈസ്തവ സാക്ഷ്യവുമായി വീണ്ടും പോളണ്ട്: ദേവാലയ ശുശ്രൂഷകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

സ്വന്തം ലേഖകന്‍ 12-01-2017 - Thursday

വാര്‍സോ: പോളണ്ടില്‍ ദേവാലയങ്ങളിലേക്ക് കടന്നുവരുന്ന വിശ്വാസികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായതായി പുതിയ കണക്കുകള്‍. 2015-ല്‍ 39.1 ശതമാനം പേര്‍ ദേവാലയങ്ങളിലേക്ക് എത്തിയപ്പോള്‍ കഴിഞ്ഞ വര്‍ഷം അത് 39.8 ശതമാനമായി ഉയര്‍ന്നതായി രേഖകള്‍ വ്യക്തമാക്കുന്നു. വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നവരുടെ എണ്ണം 16.3 ശതമാനത്തില്‍ നിന്നും 17 ശതമാനമായി ഉയര്‍ന്നുവെന്നും പഠനഫലം വ്യക്തമാക്കുന്നു. 'ഇന്‍സ്റ്റിട്യൂട്ട് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫ് ദ കാത്തലിക് ചര്‍ച്ച് ഇന്‍ പോളണ്ടാണ്' ഇതുസംബന്ധിക്കുന്ന രേഖകള്‍ പുറത്തുവിട്ടിരിക്കുന്നത്.

രാജ്യത്തെ കത്തോലിക്ക വൈദികരുരുടെ എണ്ണവും സര്‍വ്വകാല റെക്കോര്‍ഡിലേക്ക് കടന്നിരിക്കുകയാണ്. 20,800 വൈദികരാണ് ഇപ്പോള്‍ പോളണ്ടിലെ കത്തോലിക്ക സഭയ്ക്ക് ഉള്ളത്. മറ്റ് യുറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് തങ്ങളുടെ ക്രൈസ്തവ വിശ്വാസത്തെ ശക്തമായി ചേര്‍ത്തു പിടിച്ച് കൊണ്ട് കൂടുതല്‍ വിശ്വാസതീക്ഷ്ണതയോടെ വിശ്വാസികള്‍ മുന്നേറുകയാണെന്ന് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തേയും, ഭരണത്തേയും പാടെ ഉപേക്ഷിച്ച് പുതിയ വിശ്വാസപാതയിലൂടെ മുന്നേറ്റം നടത്തുകയാണ് രാജ്യം.

2015-ലെ കണക്കുകള്‍ പ്രകാരം 3,69,000 പേരാണ് രാജ്യത്ത് ജ്ഞാനസ്നാനം സ്വീകരിച്ച് സഭയില്‍ അംഗങ്ങളായത്. 2,70,000 പേര്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തുകയും 1,34,000 പേര്‍ കൂദാശപരമായി വിവാഹജീവിതത്തിലേക്ക് കടന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മറ്റ് രാജ്യങ്ങള്‍ കൂടുതലായും ലിബറല്‍ മൂല്യങ്ങളെ ഉയര്‍ത്തിപിടിക്കുമ്പോള്‍, അതിനെതിരെയുള്ള ചെറുത്തു നില്‍പ്പുകൂടിയാണ് പോളണ്ടില്‍ നടക്കുന്നത്. ദൈവവിശ്വാസത്തെ തുടച്ചു നീക്കുവാന്‍ പാഴ്ശ്രമങ്ങള്‍ നടത്തി വന്‍ പരാജയവും തകര്‍ച്ചയും ഏറ്റുവാങ്ങിയ മുന്‍ കമ്മ്യൂണിസ്റ്റ് ഭരണാധികാരികളുടെ വീഴ്ച്ചയില്‍ നിന്നും പാഠം മനസിലാക്കിയാണ് പോളണ്ട് മുന്നോട്ട് നീങ്ങുന്നത്.

ഇക്കഴിഞ്ഞ നവംമ്പര്‍ മാസത്തില്‍ തങ്ങളുടെ രാജ്യത്തിന്റെ രാജാവായി യേശുക്രിസ്തുവിനെ സ്വീകരിക്കുന്നുവെന്ന പ്രത്യേക പ്രഖ്യാപനവും പോളണ്ട് ജനത നടത്തിയിരുന്നു. രാജ്യത്തെ ബിഷപ്പിന്റെ നേതൃത്വത്തില്‍ ഒത്തുകൂടിയ വലിയ വിശ്വാസ സമൂഹം, പ്രസിഡന്റ് ആന്‍ഡര്‍സെജ് ഡ്യൂഡയുടെ സാന്നിധ്യത്തിലാണ് ക്രിസ്തുവിനെ തങ്ങളുടെ രാജ്യത്തിന്റെ രാജാവായി സ്വീകരിക്കുന്നുവെന്ന് പ്രഖ്യാപിച്ചത്. അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി തങ്ങളുടെ വാതിലുകളെ തുറന്നു നല്‍കുന്നതിനും പ്രത്യേക താല്‍പര്യമാണ് രാജ്യം കാണിച്ചിട്ടുള്ളത്.


Related Articles »