News - 2024

മാര്‍പാപ്പയുടെ ഇടവകാ സന്ദര്‍ശനം പുനരാരംഭിച്ചു

സ്വന്തം ലേഖകന്‍ 16-01-2017 - Monday

വത്തിക്കാന്‍: കരുണയുടെ ജൂബിലി വര്‍ഷവുമായി ബന്ധപ്പെട്ട് ഫ്രാന്‍സിസ് പാപ്പ നിറുത്തിവച്ചിരിന്ന ഇടവകാ സന്ദര്‍ശനം പുനരാരംഭിച്ചു. സേത്തെവീലെയിലെ ദൈവമാതാവിന്‍റെ നാമത്തിലുള്ള ദേവാലയമാണ് മാര്‍പാപ്പ സന്ദര്‍ശിച്ചത്. ഇന്നലെ ഉച്ചതിരിഞ്ഞ് 3.30-നാണ് പാപ്പ റോമിനു പുറത്തായി സ്ഥിതി ചെയ്യുന്ന സാന്താ മരിയ ദേവാലയത്തിലേക്ക് സന്ദര്‍ശനത്തിനായി എത്തിയത്.

നാഡീവ്യൂഹത്തിന് തകരാര്‍ ബാധിക്കുന്ന രോഗമായ എഎല്‍എസ് (ALS) ബാധിച്ച ഫാദര്‍ ഗിയൂസിപ്പി ബറാര്‍ഡിനോയെ നേരില്‍ കാണുക എന്നതും പാപ്പയുടെ സന്ദര്‍ശന ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു. റോമിന്റെ വികാരി ജനറാള്‍ ആയ കര്‍ദിനാള്‍ അഗോസ്റ്റീനോ വാലിനിയും വടക്കന്‍ റോമിന്റെ ബിഷപ്പായ ഗ്യൂറിനോ ഡീ ടോറായും ചേര്‍ന്നു പരിശുദ്ധ പിതാവിനെ ദൈവാലയത്തിലേക്ക് സ്വീകരിച്ചു.

ദേവാലയത്തിലേക്ക് എത്തിയ ശേഷം പാപ്പ നേരെ പോയത് ഫാദര്‍ ഗിയൂസിപ്പി ബറാര്‍ഡിനോയെ സന്ദര്‍ശിക്കുവാനാണ്. 14 വര്‍ഷങ്ങള്‍ക്ക് മുമ്പ് സാന്താ മരിയ ദേവാലയത്തിലേക്ക് എത്തിയതാണ് ഫാദര്‍ ഗിയൂസിപ്പി ബറാര്‍ഡിനോ. രോഗം തളര്‍ത്തുന്നതിന് മുമ്പ് വരെ സഭയുടെ സജീവ സേവനത്തിനായി അഹോരാത്രം പ്രയത്‌നിച്ച വൈദികനായിരിന്നു അദ്ദേഹം. യുവാക്കളോടൊപ്പമാണ് ഫാദര്‍ ഗിയൂസിപ്പി ബറാര്‍ഡിനോ തന്റെ ശുശ്രൂഷയുടെ ഭൂരിഭാഗവും ചെലവഴിച്ചത്. വൈദികനെ സന്ദര്‍ശിച്ച മാര്‍പാപ്പ തന്റെ സ്നേഹവും സാന്ത്വനവും പകര്‍ന്ന് നല്‍കി. തുടര്‍ന്നു ഇടവകാജനത്തിന് വേണ്ടി പരിശുദ്ധ പിതാവ് ദിവ്യബലി അര്‍പ്പിച്ചു.

വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിന് മുമ്പ് ദേവാലയത്തിലെ രോഗികളായ 30 പേരെ പ്രത്യേകം സന്ദര്‍ശിക്കുവാനും, 40 ദമ്പതിമാരോട് ആശയവിനിമയം നടത്തുവാനും പാപ്പ സമയം കണ്ടെത്തി. 220-ല്‍ പരം യുവാക്കളുടെ വലിയ സംഘത്തിന് പാപ്പയോട് ചോദ്യങ്ങള്‍ ചോദിക്കുവാനും, അടുത്ത് ഇടപെഴുകുവാനും അവസരം ലഭിച്ചു. ഇടവകയിലെ നാലു പേരുടെ കുമ്പസാരം പാപ്പ നേരില്‍ കേട്ടു. ഇതില്‍ രോഗിയായ ഒരു കുട്ടിയുടെ പിതാവും, അടുത്തിടെ വിശ്വാസത്തിലേക്ക് വന്ന യുവാവും, ഫാദര്‍ ഗിയൂസിപ്പി ബറാര്‍ഡിനോയെ ശുശ്രൂഷിക്കുന്ന ദമ്പതിമാരും ഉള്‍പ്പെടുന്നു.


Related Articles »