News - 2025
അടുത്ത സിനഡിൽ ചർച്ചചെയ്യപ്പെടേണ്ട കാര്യങ്ങൾ യുവാക്കള്‍ തന്നെ നിര്‍ദേശിക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ
സ്വന്തം ലേഖകന്‍ 17-01-2017 - Tuesday
വത്തിക്കാന്‍: യുവജനങ്ങളുടെ ജീവിതത്തെ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകള്‍ നടത്തപ്പെടുന്ന അടുത്ത സിനഡിലേക്കുള്ള വിഷയങ്ങള്‍ യുവാക്കള്‍ തന്നെ നിര്‍ദേശിക്കുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. ഈ മാസം 13-ാം തീയതി യുവാക്കള്‍ക്കു വേണ്ടി എഴുതിയ പ്രത്യേക കത്തിലാണ് പരിശുദ്ധ പിതാവ് യുവാക്കളുടെ അഭിപ്രായങ്ങള്‍ പറയുവാന്‍ അവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രാദേശിക ബിഷപ്പുമാരോടും, വൈദികരോടും, തന്നോടു നേരിട്ടും, യുവാക്കള്‍ക്ക് അവര്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും, അവരുടെ പ്രതീക്ഷയെ കുറിച്ചുമുള്ള കാര്യങ്ങള്‍ പങ്കുവയ്ക്കാമെന്നും പാപ്പ കത്തില്‍ പറയുന്നു.
"യുവാക്കളെ, സഭയ്ക്ക് നിങ്ങളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുവാന്‍ താല്‍പര്യമുണ്ട്. നിങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും, നിങ്ങളുടെ വിവിധ ആശങ്കളെ കുറിച്ചും ഞങ്ങള്‍ അറിയുവാന്‍ ആഗ്രഹിക്കുന്നു. സഭയിലെ ഏതെങ്കിലും നടപടികളോട് നിങ്ങള്‍ക്ക് എതിര്‍പ്പോ, വിയോജിപ്പോ ഉണ്ടെങ്കില്‍ അതും നിങ്ങള്‍ക്ക് ഈ അവസരത്തില്‍ തുറന്നു പറയാം". ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ കത്തില്‍ പറയുന്നു.
സിനഡിന്റെ പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കുന്നത് ദേശീയ ബിഷപ്പ് കോണ്‍ഫറന്‍സുകളില്‍ നിന്നും, സഭയുടെ മറ്റ് സംഘാടനകളില്‍ നിന്നും ലഭിക്കുന്ന വിവര ശേഖരണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. ഇതിനായി ചില പ്രധാനപ്പെട്ട ചോദ്യങ്ങളുടെ രേഖകളും പുറത്തിറക്കിയിട്ടുണ്ട്. ഈ ചോദ്യങ്ങളിലെല്ലാമുള്ള യുവാക്കളുടെ അഭിപ്രായത്തെ പ്രത്യേകം മനസിലാക്കണമെന്നും രേഖ പ്രത്യേകം നിര്‍ദേശിക്കുന്നുണ്ട്. ഇവയുടെ ഉത്തരങ്ങളുടെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചകള്‍ കൂടുതല്‍ ഫലകരമാകുമെന്നതാണ് സഭ കരുതുന്നത്.
2018 ഒക്ടോബറില്‍ നടക്കുന്ന പൊതു സിനഡിന്റെ അടിസ്ഥാന വിഷയം 'യുവാക്കളും, വിശ്വാസവും, ദൈവവിളിയുടെ തിരിച്ചറിവും' എന്നതാണ്. ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെ പ്രത്യേകം താല്‍പര്യമെടുത്താണ് ഇത്തരമൊരു വിഷയം തെരഞ്ഞെടുത്തിരിക്കുന്നത്.
