News - 2024

മനില ആര്‍ച്ച് ബിഷപ്പിന്റെ നേതൃത്വത്തില്‍ ചേരിപ്രദേശങ്ങളില്‍ താമസിക്കുന്ന 400 കുട്ടികളുടെ മാമ്മോദീസ നടത്തി

സ്വന്തം ലേഖകന്‍ 17-01-2017 - Tuesday

മനില: ഫിലിപ്പിയന്‍സിന്റെ തലസ്ഥാന നഗരമായ മനിലയിലെ ചേരി പ്രദേശങ്ങളില്‍ താമസിക്കുന്ന 400 കുട്ടികളുടെ മാമ്മോദീസ കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലേയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ച രാവിലെ നടന്ന ചടങ്ങില്‍ കുട്ടികളുടെ മാതാപിതാക്കളും, ബന്ധുക്കളുമടക്കം ആയിരങ്ങളാണ് പങ്കെടുത്തത്. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന ക്രൈസ്തവ ദമ്പതിമാരുടെ മക്കളുടെ മാമ്മോദീസയാണ് ടിഎന്‍കെ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടത്തിയത്. മാമ്മോദീസ സ്വീകരിച്ച കുട്ടികളില്‍ രണ്ടു മാസം മുതല്‍ 13 വയസ് വരെ പ്രായമായവര്‍ ഉണ്ടായിരുന്നു.

ചേരി പ്രദേശമായ ടൊന്‍ഡോ, മത്സ്യബന്ധന കേന്ദ്രമായ നവോട്ടാസ് തുടങ്ങിയ പ്രദേശത്തു നിന്നുമുള്ള കുട്ടികള്‍ക്കാണ് മാമ്മോദീസ നല്‍കപ്പെട്ടത്. കുട്ടികളെ ദൈവവിശ്വാസത്തില്‍ വളര്‍ത്തുക എന്നതാണ് മാതാപിതാക്കളുടെയും, ആത്മീയ മാതാപിതാക്കളുടെയും പ്രധാന ഉത്തരവാദിത്വമെന്നും കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലേ തന്റെ പ്രസംഗത്തിലൂടെ ഓര്‍മ്മിപ്പിച്ചു. സ്‌കൂളിലും, കളിസ്ഥലങ്ങളിലും, കുടുംബങ്ങളിലുമെല്ലാം കുട്ടികളെ മാതാപിതാക്കള്‍ പരിശീലിപ്പിക്കുന്നതു പോലെ തന്നെ യേശുക്രിസ്തുവുമായുള്ള ബന്ധത്തിലും അവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കണമെന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.

"ഇന്ന് ഇവിടെ മാമ്മോദീസ സ്വീകരിച്ച കുട്ടികള്‍ക്ക് ഒരു പുതിയ ജനനമാണ് ഉണ്ടായിരിക്കുന്നത്. പരിശുദ്ധ സഭയുടെ അംഗത്വത്തിലേക്ക് അവര്‍ പ്രവേശിച്ചിരിക്കുന്നു. യേശുക്രിസ്തുവിനെ കുട്ടികള്‍ക്ക് കാണിച്ചു നല്‍കേണ്ടത് മാതാപിതാക്കളാണ്. സമൂഹത്തില്‍ നിന്നും അവഗണിക്കപ്പെട്ടവരെ ക്രിസ്തു എങ്ങനെയാണ് ചേര്‍ത്തു നിര്‍ത്തിയതെന്ന കാര്യം അവര്‍ക്ക് മാതാപിതാക്കള്‍ പറഞ്ഞു നല്‍കണം. ഇപ്രകാരം ചെയ്യുവാന്‍ കുട്ടികള്‍ക്ക് ക്രിസ്തുവിന്റെ ജീവിതം പ്രചോദനമാകണം".

"കുട്ടികളുടെ ആത്മീയ മാതാപിതാക്കളിലും വലിയ ഉത്തരവാദിത്വമാണ് ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. വിശേഷ ദിവസങ്ങളില്‍ അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും, പണം നല്‍കുകയുമെന്നതല്ല അവരുടെ ഉത്തരവാദിത്വം. മറിച്ച് വിശ്വാസ ജീവിതത്തില്‍ അവരെ പരിശീലിപ്പിക്കുക എന്നതിലാണ് അവര്‍ ശ്രദ്ധിക്കേണ്ടത്. തങ്ങളുടെ ജീവിത മാതൃകയിലൂടെ വിശ്വാസമെന്താണെന്ന് കുട്ടികള്‍ക്ക് നിങ്ങള്‍ വേണം കാണിച്ചു നല്‍കുവാന്‍". കര്‍ദിനാള്‍ ടാഗ്ലേ പറഞ്ഞു.

ടിഎന്‍കെ ഫൗണ്ടേഷന്‍ ഇതിനു മുമ്പും ഇത്തരത്തില്‍ കുട്ടികളുടെ മാമ്മോദീസ ഒരുമിച്ച് നടത്തി നല്‍കിയിട്ടുണ്ടെന്ന് അസിസ്റ്റന്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗ്ലോറിയ റിസിയോ പറഞ്ഞു. എന്നാല്‍ കഴിഞ്ഞ ദിവസം നടത്തിയ ചടങ്ങിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മാമ്മോദീസ സ്വീകരിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്ന കുട്ടികളില്‍ പലരുടെയും മാമ്മോദീസ നടത്താതിരുന്നതിന് പിന്നില്‍ സാമ്പത്തികമായ ബുദ്ധിമുട്ടുകളാണെന്ന് മാതാപിതാക്കള്‍ പറയുന്നു. മാമോദീസ ചടങ്ങിനായി വന്നവര്‍ക്കുള്ള ഭക്ഷണവും സംഘടനയുടെ നേതൃത്വത്തില്‍ ക്രമീകരിച്ചു നല്‍കിയിരുന്നു.


Related Articles »