News - 2025
സാമൂഹിക ചുറ്റുപാടുകള്‍ മാറിയിട്ടും അമേരിക്കന്‍ ജനതയുടെ ബൈബിള്‍ വായനാ ശീലത്തില്‍ മാറ്റമില്ലെന്ന് പഠനം
സ്വന്തം ലേഖകന്‍ 24-01-2017 - Tuesday
വാഷിംഗ്ടണ്‍: കഴിഞ്ഞ ആറു വര്‍ഷത്തിനിടെ അമേരിക്കന്‍ സമൂഹത്തിന്റെ ജീവിതം വിവിധ തലങ്ങളില്‍ മാറി മറിഞ്ഞുവെങ്കിലും, ബൈബിള്‍ വായനയുടെ കാര്യത്തില്‍ ജനത്തിന് മാറ്റങ്ങളൊന്നുമില്ലെന്ന് പഠനം. ബര്‍ണാ ഗ്രൂപ്പും അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റിയും നടത്തിയ പഠനത്തിലാണ് ആറു വര്‍ഷമായി ബൈബിള്‍ വായിക്കുന്നവരുടെ എണ്ണത്തില്‍ കുറവൊന്നും സംഭവിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.
ബൈബിള്‍ വായിക്കുവാന്‍ താല്‍പര്യപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് യുഎസിലെ പ്രായപൂര്‍ത്തിയായ 61 ശതമാനം പേരും ഉണ്ട് എന്ന മറുപടിയാണ് നല്‍കിയത്. 2015-ലും ഈ ചോദ്യത്തിന് ജനം നല്‍കിയ ഉത്തരം ഇതേ ശതമാന നിരക്ക് തന്നെയായിരുന്നു. 2013-ല്‍ 61 ശതമാനവും, 2012-ല്‍ അറുപതു ശതമാനവുമായിരുന്നു ബൈബിള്‍ ദിനംപ്രതി വായിക്കുന്നവരുടെ എണ്ണം. ബൈബിള്‍ വായിക്കുന്നതിന്റെ കാര്യത്തില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഒരു കുറവും തങ്ങള്‍ വരുത്തിയിട്ടില്ലെന്ന് 66 ശതമാനം പേരും ഉത്തരം നല്‍കി.
ജോലി തിരക്കും, മറ്റു ചില ബുദ്ധിമുട്ടുകളും കാരണം 58 ശതമാനം പേര്‍ ബൈബിള്‍ വായിക്കുവാന്‍ ചില പ്രതിസന്ധികള്‍ നേരിടുന്നതായും സര്‍വ്വേയില്‍ വെളിപ്പെടുത്തി. വിവിധ പ്രതിസന്ധികളും നേരിടുമ്പോഴും ദൈവജനത്തിന് വചനം വായിക്കുവാനുള്ള താല്‍പര്യത്തില്‍ ഒരു കുറവും വന്നിട്ടില്ലെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് ബര്‍ണാ ഗ്രൂപ്പിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് റോക്‌സാണി സ്‌റ്റോണി പറഞ്ഞു.
"വിശ്വാസ സമൂഹം ബൈബിള്‍ വായനയെ ഏറെ താല്‍പര്യത്തോടെയാണ് കാണുന്നത്. എന്നിരിന്നാലും ആത്മീയ നേതാക്കന്‍മാര്‍ ബൈബിള്‍ വായിക്കുന്നതിനെ ഇനിയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ക്രൈസ്തവ ജീവിതത്തിന്റെ കേന്ദ്രത്തിലേക്ക് ബൈബിള്‍ വായനയെ കൊണ്ടുവരുവാന്‍ വിശ്വാസ സമൂഹത്തെ നയിക്കുന്നവര്‍ ആവശ്യപ്പെടണം". റോക്‌സാണി സ്‌റ്റോണി പറഞ്ഞു.
