News - 2024

കന്ധമാലില്‍ നിന്നും വീണ്ടും ക്രൈസ്തവസാക്ഷ്യം: 6 ഡീക്കന്മാര്‍ കൂടി തിരുപട്ടം സ്വീകരിച്ചു

സ്വന്തം ലേഖകന്‍ 26-01-2017 - Thursday

ഭുവനേശ്വര്‍: നിരപരാധികളായ ക്രൈസ്തവരുടെ രക്തത്താല്‍ വിശുദ്ധീകരിക്കപ്പെട്ട ഒഡീഷായിലെ കന്ധമാലില്‍ ആറു ഡീക്കന്മാര്‍ കൂടി തിരുപട്ടം സ്വീകരിച്ച് അജപാലന ദൗത്യത്തിലേക്ക് പ്രവേശിച്ചു. കട്ടക് - ഭുവനേശ്വര്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് ജോണ്‍ ബര്‍വയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഇക്കഴിഞ്ഞ ശനിയാഴ്ച്ചയും, തിങ്കളാഴ്ച്ചയുമായിട്ടാണ് വൈദികര്‍ക്ക് തിരുപട്ടം നല്‍കിയത്. തിരുപട്ടം സ്വീകരിച്ചവരില്‍ ഒരാള്‍ സലേഷ്യന്‍ സഭാംഗമാണ്. ആദ്യമായാണ് കന്ധമാലില്‍ സലേഷ്യന്‍ സഭയില്‍ നിന്നുള്ള ഒരു വൈദികന്‍ അഭിഷിക്തനാകുന്നത്.

ശനിയാഴ്ച്ച നടന്ന ചടങ്ങില്‍ മൂന്നു കപ്പൂച്ചിന്‍ സഭാംഗങ്ങളാണ് തിരുപട്ടം സ്വീകരിച്ചത്. തേജേശ്വര്‍ ബഡറായിറ്റോ, പ്രതാപ് ചന്ദ്ര ബിഷോയി, ലിമന്‍ നായക്ക് എന്നിവരാണ് അന്നേ ദിവസം പട്ടമേറ്റത്. കുട്ടക് - ഭുവനേശ്വര്‍ അതിരൂപതയിലെ സിമോന്‍ബാഡിയിലുള്ള പാദ്രേ പിയോ ദേവാലയത്തിലാണ് ചടങ്ങുകള്‍ നടത്തപ്പെട്ടത്. മുപ്പതില്‍ അധികം വൈദികരും, 20 കന്യാസ്ത്രീകളും പങ്കെടുത്ത തിരുപട്ട ശുശ്രൂഷകള്‍ കാണുവാന്‍ മൂവായിരത്തില്‍ അധികം വിശ്വാസികളാണ് ദേവാലയത്തിലേക്ക് എത്തിയത്.

ദൈവത്തോട് ഏറെ കടപ്പെട്ടിരിക്കുന്ന സമയമാണിതെന്നു കപ്പൂച്ചിന്‍ സഭയുടെ പ്രോവിന്‍ഷ്യാള്‍ സുപ്പീരിയര്‍ ഫാദര്‍ ചീനു പൊളിസെറ്റി പറഞ്ഞു. "വൈദികരാകുവാന്‍ ഇവരെ തെരഞ്ഞെടുത്ത ദൈവത്തോട് നന്ദി പറയുന്നു. പീഡനങ്ങളുടെയും കൊലപാതകങ്ങളുടെയും നടുവിലും വിശ്വാസത്തെ ഉയര്‍ത്തിപിടിച്ച ജനവിഭാഗമാണ് ഇവിടെയുള്ള ക്രൈസ്തവ ജനത. അവരുടെ മധ്യത്തില്‍ വൈദികരായി സേവനം ചെയ്യുവാന്‍ സാധിക്കുന്നതു തന്നെ വലിയ ഭാഗ്യമാണ്". ഫാദര്‍ ചീനു പൊളിസെറ്റി കൂട്ടിച്ചേര്‍ത്തു.

ഒരു രൂപതാ വൈദികനും, സലേഷ്യന്‍ സഭയിലെ അംഗമായ ഒരാളും, ഇന്ത്യന്‍ മിഷ്‌ണറി സൊസൈറ്റിയിലെ അംഗവുമാണ് തിങ്കളാഴ്ച തിരുപട്ടം സ്വീകരിച്ചത്. സലേഷ്യന്‍ സഭയുടെ കൊല്‍ക്കത്ത ആസ്ഥാനത്തു നിന്നുമുള്ള കുമുഡ കുമാര്‍ ഡിഗലാണ് തിരുപട്ടം സ്വീകരിച്ച സലേഷ്യന്‍ സഭാംഗം. ആര്‍ച്ച് ബിഷപ്പ് ജോണ്‍ ബര്‍വയുടെ നേതൃത്വത്തില്‍ കട്ടിന്‍ഗിയായിലെ തിരുഹൃദയ ദേവാലയത്തിലാണ് ശുശ്രൂഷകള്‍ നടന്നത്.

പ്രദേശത്ത് സേവനം ചെയ്യുവാന്‍ വേണ്ടി നിയോഗിക്കപ്പെട്ട ആദ്യത്തെ സലേഷ്യന്‍ സഭാംഗമാകുവാന്‍ കഴിഞ്ഞതില്‍ താന്‍ ഏറെ സന്തോഷിക്കുന്നുവെന്ന് ഫാദര്‍ കുമുഡ കുമാര്‍ ഡിഗല്‍ പറഞ്ഞു. സാധുക്കളും പാവങ്ങളുമായ വലിയ ഒരു പറ്റം യുവാക്കളുള്ള കന്ധമാലില്‍ തന്റെ സേവനം അവര്‍ക്കും, സമൂഹത്തിന് മുഴുവനുമായി പ്രയോജനകരമായി മാറണമേ എന്ന പ്രാര്‍ത്ഥനയാണ് തനിക്കുള്ളതെന്നും ഫാദര്‍ ഡിഗല്‍ കൂട്ടിച്ചേര്‍ത്തു.

2008 ആഗസ്റ്റ് 23-ല്‍ സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകത്തെ തുടര്‍ന്ന് കന്ധമാലില്‍ അരങ്ങേറിയ ആക്രമണത്തില്‍ 100ഓളം ക്രൈസ്തവര്‍ രക്തസാക്ഷിത്വം വരിച്ചിരിന്നു. തുടര്‍ന്ന് ആഴ്ചകളോളം നീണ്ടുനിന്ന അക്രമത്തില്‍ 300-ഓളം ക്രിസ്തീയ ദേവാലയങ്ങളും, 6000-ത്തോളം ക്രിസ്തീയ ഭവനങ്ങളും കൊള്ളയടിക്കപ്പെടുകയും ചെയ്തിരിന്നു. ക്രൈസ്തവരുടെ രക്തം വീണു കുതിര്‍ന്ന ഒഡീഷയിലെ കന്ധമാനിലെ സഭയെ കര്‍ത്താവ് ശക്തമായി വളര്‍ത്തുവെന്നതിന്റെ തെളിവാണ് പുതിയ വൈദികരുടെ ദൈവവിളി സൂചിപ്പിക്കുന്നത്.


Related Articles »