News - 2025

അമേരിക്ക ക്രൈസ്തവരായ അഭയാര്‍ത്ഥികള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കും: ഡൊണാള്‍ഡ് ട്രംപ്

സ്വന്തം ലേഖകന്‍ 28-01-2017 - Saturday

വാഷിംഗ്ടണ്‍: നിരന്തരം പീഡനം അനുഭവിച്ചു കൊണ്ടിരിക്കുന്ന ക്രൈസ്തവരായ അഭയാര്‍ത്ഥികളെ യുഎസിലേക്ക് കൂടുതലായി സ്വീകരിക്കുവാനുള്ള നടപടിയെടുക്കുമെന്ന് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ക്രിസ്ത്യന്‍ ബ്രോഡ്കാസ്റ്റ് നെറ്റ്‌വര്‍ക്ക് നടത്തിയ ഇന്‍റര്‍വ്യൂവിലാണ് ട്രംപ് തന്റെ തീരുമാനം പ്രഖ്യാപിച്ചത്. സിറിയയില്‍ നിന്നും ക്രൈസ്തവരായ അഭയാര്‍ത്ഥികള്‍ക്ക് യുഎസിലേക്ക് കടക്കുവാന്‍ ഒരിക്കലും സാധിക്കില്ലെന്ന വിചിത്രമായ സ്ഥിതിയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നും ട്രംപ് പറഞ്ഞു.

"നിങ്ങള്‍ ഒരു മുസ്ലീം ആണെങ്കില്‍ നിങ്ങള്‍ക്ക് യുഎസിലേക്കു കടന്നുവരാം. ഒരു പ്രശ്‌നവുമില്ല. എന്നാല്‍ സിറിയയില്‍ നിന്നുള്ള ഒരു ക്രൈസ്തവ അഭയാര്‍ത്ഥിയാണ് നിങ്ങളെങ്കില്‍ ഒരിക്കലും യുഎസിലേക്ക് കടന്നു വരുവാന്‍ സാധിക്കാത്ത സ്ഥിതിയാണ് നിലനില്‍ക്കുന്നത്. സിറിയയില്‍ തീവ്രവാദികള്‍ അനേകരുടെ തലയരിഞ്ഞു വീഴ്ത്തുന്നു. ഇതില്‍ ക്രൈസ്തവരുടെ എണ്ണം വളരെ കൂടുതലാണ്. ഒരുപോലെ കഷ്ടതയും ദുഃഖവും സഹിക്കുന്ന ജനങ്ങളില്‍ ഒരു കൂട്ടരോട് മാത്രം യുഎസിലേക്ക് കടക്കുവാന്‍ സാധിക്കില്ലെന്ന് പറയുന്നത് തെറ്റാണ്". ഡൊണാള്‍ഡ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കി.

യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം സെക്യൂരിറ്റിയും ആഭ്യന്തരമന്ത്രാലയവുമാണ് അഭയാര്‍ത്ഥികളെ രാജ്യത്തേക്ക് പ്രവേശിക്കുവാന്‍ അനുവദിക്കേണ്ടത്. ഈ മന്ത്രാലയങ്ങള്‍ ക്രൈസ്തവ അഭയാര്‍ത്ഥികളോട് വിവേചനത്തോടെ പെരുമാറുന്നുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരിന്നു. ഇതിനെ ശരി വെച്ചാണ് പീയൂ റിസേര്‍ച്ച് സെന്ററിന്റെ പഠന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നത്. പീയൂ റിസേര്‍ച്ചിന്റെ കണക്കുകള്‍ പ്രകാരം സിറിയയില്‍ നിന്നും യുഎസിലേക്ക് അഭയാര്‍ത്ഥികളായി പ്രവേശിപ്പിച്ചിട്ടുള്ളവരില്‍ 99 ശതമാനം പേരും മുസ്ലീങ്ങളാണ്. ഒരു ശതമാനത്തില്‍ താഴെയാണ് യുഎസിലേക്ക് പ്രവേശനം ലഭിച്ച സിറിയന്‍ ക്രൈസ്തവ അഭയാര്‍ത്ഥികളുടെ എണ്ണം.

സിറിയന്‍ ജനസംഖ്യയുടെ 87 ശതമാനം മുസ്ലീങ്ങളും 10 ശതമാനത്തില്‍ അധികം പേര്‍ ക്രൈസ്തവ വിശ്വാസികളുമാണെന്ന വസ്തുത നിലനില്‍ക്കുമ്പോഴാണ് അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നവരുടെ അനുപാതത്തില്‍ ഈ വലിയ വ്യത്യാസം. ക്രൈസ്തവരോട് മാത്രമായി യുഎസ് സര്‍ക്കാര്‍ പ്രത്യേക നയം സ്വീകരിക്കുന്നുവെന്നതിന്റെ തെളിവാണ് ഇത്. ക്രൈസ്തവരായ സിറിയന്‍ അഭയാര്‍ത്ഥികളെ കൂടുതലായി രാജ്യത്തേക്ക് കടത്തിവിടുമെന്ന് പറയുമ്പോള്‍ തന്നെ വിചിത്രമായ ഒരു നടപടി കൂടി ട്രംപിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്.

അഭയാര്‍ത്ഥികളെ രാജ്യത്തേക്ക് കടത്തിവിടുന്നതിനുള്ള നടപടികള്‍ മരവിപ്പിക്കുവാനുള്ള ഉത്തരവില്‍ ട്രംപ് കഴിഞ്ഞ ദിവസം ഒപ്പ് വെച്ചിരിന്നു. ട്രംപിന്റെ പ്രഖ്യാപനവും, നടപടിയും തമ്മില്‍ എങ്ങനെയാണ് യോജിച്ച് പോകുക എന്ന കാര്യത്തില്‍ ആശയകുഴപ്പങ്ങള്‍ നിലനില്‍ക്കുകയാണ്. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും അഭയാര്‍ത്ഥികളായി യുഎസിലേക്കും യൂറോപ്പിലേക്കും വരുന്ന മുസ്ലീം മതവിശ്വാസികളില്‍ ഒരു വിഭാഗം, തങ്ങളെ സ്വീകരിക്കുന്ന രാജ്യങ്ങളില്‍ തീവ്രവാദി ആക്രമണങ്ങള്‍ നടത്തിയ നിരവധി സംഭവങ്ങള്‍ ഇതിനോടകം ഉണ്ടായിട്ടുണ്ട്.


Related Articles »