News - 2024

കുടുംബങ്ങളിലൂടെയും സോഷ്യല്‍ മീഡിയായിലൂടെയും സുവിശേഷവത്ക്കരണം നടത്തുക: നൈജീരിയന്‍ ബിഷപ്പ് ബഡീജോ

സ്വന്തം ലേഖകന്‍ 02-02-2017 - Thursday

അബൂജ: കുടുംബങ്ങളും സാമൂഹ്യ മാധ്യമങ്ങളും വഴി സുവിശേഷവത്ക്കരണം നടത്താന്‍ പരിശ്രമിക്കണമെന്ന് നൈജീരിയന്‍ ബിഷപ്പ് ഇമ്മാനുവേല്‍ അഡിറ്റോയിസി ബഡീജോ. കാത്തലിക് ന്യൂസ് ഏജന്‍സിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് നൈജീരിയായിലെ ഒയോ രൂപതയുടെ അധ്യക്ഷനായ ബിഷപ്പ് ബഡീജോ ഇപ്രകാരം പറഞ്ഞത്. സുവിശേഷവല്‍ക്കരണത്തിന് കുടുംബങ്ങള്‍ക്കും, നവമാധ്യമങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് ഉള്ളതെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. നൈജീരിയായില്‍ കഴിഞ്ഞ ആഴ്ച്ച സമാപിച്ച ബിഷപ്പ്‌സ് കോണ്‍ഫറന്‍സിന് ശേഷമാണ് ബിഷപ്പ് ബഡീജോ കാത്തലിക് ന്യൂസ് ഏജന്‍സിക്ക് അഭിമുഖം നല്‍കിയത്.

"മാധ്യമങ്ങള്‍ക്ക് ജനങ്ങളെ ഭിന്നിപ്പിക്കുവാനും ഒന്നിപ്പിക്കുവാനും സാധിക്കും. വാര്‍ത്തകള്‍ എഴുതുവാന്‍ വേണ്ടി പിടിക്കുന്ന പേനയും, വാര്‍ത്തകള്‍ പകര്‍ത്തുവാന്‍ വേണ്ടി പിടിക്കുന്ന ക്യാമറയും ആരുടെ കൈകളിലാണ് ഇരിക്കുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്, സമൂഹത്തില്‍ വാര്‍ത്തകള്‍ എപ്രകാരമുള്ള ചലനങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് തീരുമാനിക്കുക. സഭ ഒരിക്കലും മാധ്യമങ്ങള്‍ക്ക് എതിരല്ല. എന്നു മാത്രമല്ല മാധ്യമങ്ങളുടെ സാധ്യതയെ പരമാവധി ഉപയോഗിക്കണമെന്ന് സഭ കരുതുകയും ചെയ്യുന്നു".

"മനുഷ്യര്‍ക്ക് ലഭിച്ച ഒരു നല്ല സമ്മാനമായി വേണം സാമൂഹിക മാധ്യമങ്ങളെ കണക്കിലാക്കുവാന്‍. ക്രിസ്തുവിന്റെ സാക്ഷികളായ പലരും ഇന്ന് തങ്ങളുടെ സന്ദേശത്തെ ആളുകളിലേക്ക് എത്തിക്കുവാന്‍ ഉപയോഗിക്കുന്നതും സാമൂഹിക മാധ്യമങ്ങളെയാണ്. സുവിശേഷത്തിന്റെ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കുവാന്‍ മാധ്യമങ്ങളിലും വലിയ സ്ഥാനം വഹിക്കുന്നത് കുടുംബങ്ങളാണ്. അവിടെ നിന്നുമാണ് കുട്ടികള്‍ നന്മയുടെ പാഠങ്ങള്‍ ആദ്യമായി പഠിക്കുന്നത്". ബിഷപ്പ് ബഡീജോ പറഞ്ഞു.

"മതേതരത്വ മാധ്യമങ്ങള്‍ കുടുംബങ്ങളെ വിശ്വാസത്തില്‍ നിന്നും അകറ്റുവാനാണ് ശ്രമിക്കുന്നത്. ഇത്തരം പ്രവണതകള്‍ അപകടത്തിലേക്കാണ് സമൂഹത്തെ കൊണ്ടെത്തിക്കുക. മനുഷ്യത്വം മരവിച്ച ഒരു സമൂഹം ആരും ആഗ്രഹിക്കാത്ത ഒന്നാണ്. ദേവാലയങ്ങളില്‍ നിന്നും കുടുംബങ്ങള്‍ അകലുമ്പോള്‍ ഇത്തരം പ്രവണതകള്‍ സമൂഹത്തില്‍ വളര്‍ന്നു വരും. പലരും തങ്ങളുടെ പ്രശ്‌നങ്ങളില്‍ അഭയം കണ്ടെത്തുന്നത് മാധ്യമങ്ങളിലൂടെ മാത്രം ലഭിക്കുന്ന ചില സന്ദേശങ്ങളില്‍ നിന്നുമാണ്". മാധ്യമങ്ങള്‍ കുടുംബങ്ങളില്‍ അപകടകരമായി മാറുന്ന സാഹചര്യത്തെ ബിഷപ്പ് ചൂണ്ടികാണിച്ചു. വൈദികനായി അഭിഷേകം ചെയ്തതിന്റെ 30-ാം വാര്‍ഷികവും, ബിഷപ്പായി ഉയര്‍ത്തപ്പെട്ടതിന്റെ ഒന്‍പതാം വാര്‍ഷികവും ബിഷപ്പ് ബഡീജോ ഈ വര്‍ഷം ആഘോഷിക്കും.


Related Articles »