News - 2025

തിന്മയെ നന്മകൊണ്ട്‌ നേരിടുക, കുടുബത്തിലെ ശത്രുക്കളെ സ്‌നേഹിക്കുക: ഫ്രാന്‍സിസ്‌ പാപ്പ

സ്വന്തം ലേഖകന്‍ 21-02-2017 - Tuesday

വത്തിക്കാന്‍ സിറ്റി: കുടുംബത്തിനകത്തുള്ള ശത്രുക്കളെ സ്നേഹിക്കുവാൻ വിശ്വാസികളോട് ആഹ്വാനം ചെയ്തുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ. നമ്മുടെ കുടുംബ ബന്ധത്തിൽ പെട്ടവർ നമ്മെപ്പറ്റി ദുഷ്‌പ്രചരണം നടത്തുമ്പോഴും നമ്മോട്‌ തെറ്റു ചെയ്യുമ്പോഴും അവരെ സ്‌നേഹിക്കാന്‍ അത്ര എളുപ്പമുള്ള കാര്യമല്ലെങ്കിലും ക്രൈസ്‌തവ സ്‌നേഹത്താൽ നമുക്ക് അതിനു സാധിക്കുമെന്ന് മാർപാപ്പ പറഞ്ഞു.

"പിശാചിനെ സഹിക്കണമെന്ന്‌ യേശു നമ്മോട്‌ ആവശ്യപ്പെടുന്നില്ല; പകരം തിന്മക്കെതിരെ പ്രതികരിക്കാനാണ്‌ അവിടുന്നു പറയുന്നത്‌." തിന്മയെ തിന്മകൊണ്ട്‌ നേരിടാനല്ല മറിച്ച്‌ നന്മകൊണ്ട്‌ നേരിടാനാണ് ക്രിസ്തു നമ്മെ പഠിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മത്തായിയുടെ സുവിശേഷം അഞ്ചാം അദ്ധ്യായം 43 മുതല്‍ 48 വരെയുള്ള വാക്യങ്ങൾ വിശദീകരിച്ചു സംസാരിക്കയായിരുന്നു പരിശുദ്ധ പിതാവ്‌.

"മറ്റൊരാൾ ചെയ്യുന്ന തിന്മപ്രവർത്തിയെ നാം മറ്റൊരു തിന്മകൊണ്ടു നേരിടുമ്പോൾ തിന്മകളുടെ ഒരു ചങ്ങല സൃഷ്ടിക്കപ്പെടുകയാണ് ചെയ്യുന്നത്. പിശാചിന്റെ ഈ ചങ്ങല പൊട്ടിക്കണമെങ്കിൽ നാം തിന്മയെ നന്മകൊണ്ട്‌ നേരിടണം. എന്നാൽ ഇത്, തിന്മയെ അംഗീകരിക്കണമെന്നോ നീതി നിഷേധിക്കണമെന്നോ അര്‍ത്ഥമാക്കുന്നില്ല. നീതിക്കും തിരിച്ചടിക്കും മധ്യേയുള്ള നമ്മുടെ സമിപനം വളരെ പ്രധാനപ്പട്ടതാണന്നാണ് യേശു പഠിപ്പിക്കുന്നത്." സെന്റ്‌ പീറ്റേഴ്‌സ്‌ ചത്വരത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ പങ്കെടുത്ത വിശ്വാസികളോട് അദ്ദേഹം വ്യക്തമാക്കി.

More Archives >>

Page 1 of 143