News - 2025
മയക്കുമരുന്നിന്റെ ഉപയോഗം തടയാന്‍ സ്‌പോര്‍ട്ട്‌സ് പദ്ധതിയുമായി ജലന്തര്‍ രൂപത
സ്വന്തം ലേഖകന്‍ 23-02-2017 - Thursday
ജലന്തര്‍: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് ഉപയോഗവും വിപണനവും നടക്കുന്ന പഞ്ചാബിലെ യുവതലമുറയെ രക്ഷിക്കാന്‍ നൂതനമായ ആശയവുമായി ജലന്തര്‍ രൂപത. 'സ്‌പോര്‍ട്ട്‌സ് യുവാക്കളുടെ വളര്‍ച്ചക്ക്' എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന പദ്ധതി വഴി തൊഴില്‍രഹിതരും സ്‌കൂള്‍ പഠനം പാതി വഴിക്കുവെച്ച് ഉപേക്ഷിച്ചവരെയും തിരഞ്ഞെടുത്ത് കായികരംഗത്ത് പരിശീലനം നല്‍കുവാനാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ജലന്തര്‍ രുപതയുടെ കീഴിലുള്ള നവജീവന്‍ ചാരിറ്റബിള്‍ സൊസൈറ്റി ഫോര്‍ ഇന്റഗ്രല്‍ ഡവലപ്‌മെന്റ് എന്ന സാമൂഹ്യ സേവന സംഘടനയാണ് കാരിത്താസ് ഇന്ത്യയുമായി സഹകരിച്ച് പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികളും യുവാക്കളുമടങ്ങുന്ന 540 പേര്‍ക്ക് ഇതിന്റെ ഭാഗമായി എട്ട് കോച്ചുകള്‍ ഹോക്കി പരിശീലനം നല്‍കുന്നുണ്ട്.
സംസ്ഥാനത്ത് മയക്കുമരുന്നിന് അടിമകളായ കുട്ടികളിലും യുവാക്കളിലും പ്രകടമായ മാറ്റമുണ്ടാക്കാന്‍ പുതിയ പദ്ധതി ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി നവജീവന്‍ ഡയറക്ടറായ ഫാ. ആന്റണി മാടശ്ശേരി അഭിപ്രായപ്പെട്ടു.
മയക്ക് മരുന്നിന്റെ അടിമകളില്‍ മാറ്റമുണ്ടാക്കാന്‍ സ്‌പോര്‍ട്ട്സ് പര്യാപ്‌തമാണ്. ജീവിത ശൈലി മാറ്റിയെടുക്കുന്നതോടെ ഇവരെ സമൂഹവും കടുബവുമായി ബന്ധപ്പടുത്തിയാല്‍ ഉത്തരവാദിത്വമുള്ള പൗരന്മാരായി മാറും. ഇതോടെ, ഇവര്‍ തൊഴില്‍ തേടാനും സമൂഹത്തിന്റെ മുഖ്യധാരയില്‍ പ്രവര്‍ത്തിക്കാനും ഇടവരും.
പദ്ധതി പ്രാദേശിക തലത്തില്‍ വ്യാപിപ്പിക്കുവാന്‍ ഇടവക തലത്തില്‍ വേദിയൊരുക്കുന്നുണ്ട്. സമാന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനകളും പ്രസ്ഥാനങ്ങളും വ്യക്തികളുമായി ബന്ധപ്പെട്ട് കൂടുതല്‍ ശക്തമായ രീതിയില്‍ പദ്ധതി നിര്‍വ്വഹണം നടത്താനും ഉദ്ദേശിക്കുന്നു. ഫാ. ആന്റണി പറഞ്ഞു.
2015 ഫെബ്രുവരി-ഏപ്രില്‍ മാസങ്ങള്‍ക്കിടയില്‍ ഓപ്പിയോയിഡ് ഇന്റിപെന്റന്റ് നടത്തിയ സര്‍വ്വേയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. സംസ്ഥാനത്ത് ഏകദേശം 2.30 ലക്ഷം പേര്‍ മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിക്കുന്നവരുണ്ടെന്നും ഒരു ലക്ഷം ആളുകളില്‍ 836 പേരും മയക്കുമരുന്ന് ഉപയോഗിക്കുന്നുവരാണെന്നും പഠനത്തില്‍ കണ്ടെത്തിയിരിന്നു. ഈ സാഹചര്യത്തില്‍ സ്‌നേഹവും കരുതലും പരിഗണനയും നല്‍കി മയക്കുമരുന്നിന്റെ അടിമത്വത്തില്‍ നിന്നും യുവജനങ്ങളെ കരകയറ്റാന്‍ പുതിയ പദ്ധതി ഗുണം ചെയ്യുമെന്നാണ് ജലന്തര്‍ രൂപത പ്രതീക്ഷിക്കുന്നത്.