News - 2025

ആദിമ സഭ മറിയത്തിന്റെ മാധ്യസ്ഥം തേടിയിരുന്നു എന്നതിനു തെളിവായി മൂന്നാം നൂറ്റാണ്ടിലെ പ്രാര്‍ത്ഥന

സ്വന്തം ലേഖകന്‍ 25-02-2017 - Saturday

ലണ്ടൻ: ദൈവമാതാവായ പരിശുദ്ധ കന്യകാ മറിയത്തോടുള്ള ഭക്തിയും ആദരവും നിരവധി പ്രൊട്ടസ്റ്റന്റ് വിഭാഗക്കാര്‍ അംഗീകരിക്കുന്നില്ല. പരിശുദ്ധ മാതാവിനോടുള്ള ഭക്തി മധ്യകാല-ഘട്ടങ്ങളിലെ പാപ്പാ അനുകൂലികള്‍ വികസിപ്പിച്ചെടുത്തതും സത്യവുമായി യാതൊരു ബന്ധവും പുലര്‍ത്താത്തതുമാണെന്നാണ് അവരുടെ വാദം. എന്നാൽ ഈ വാദം തെറ്റാണെന്നും ആദിമ സഭ മറിയത്തിന്റെ മാധ്യസ്ഥം തേടിയിരുന്നു എന്നും വെളിപ്പെടുത്തുന്നതാണ് “സബ് ടൂം പ്രേസിഡിയം” (Sub Tuum Praesidium) എന്ന പ്രാർത്ഥന.

മാതാവിന്റെ മാധ്യസ്ഥം അപേക്ഷിക്കുന്ന പ്രാര്‍ത്ഥനകളിൽ, ഇന്ന് ലഭ്യമായിട്ടുള്ളതിൽ വച്ച് ഏറ്റവും പഴക്കമുള്ള പ്രാര്‍ത്ഥനയാണ് “സബ് ടൂം പ്രേസിഡിയം”. പാശ്ചാത്യ-പൗരസ്ത്യ സഭകളില്‍ പുരാതനകാലം മുതലേ ചൊല്ലികൊണ്ടിരുന്ന ഒരു ഗീതമാണ് ഈ പ്രാര്‍ത്ഥന. ഈ പ്രാര്‍ത്ഥനയുടെ പഴക്കം ഈജിപ്തില്‍ നിന്നും കണ്ടെടുത്ത മൂന്നാം പാപ്പിറസ് ചുരുളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഡെസിയൂസിലെ വലേരിയന്റെ മതപീഡനകാലത്ത്‌ എഴുതപ്പെട്ടതാണെന്ന് കരുതപ്പെടുന്ന ഈ പാപ്പിറസില്‍ അക്കാലത്തെ സഭാവിശ്വാസികൾ വലിയ അപകടത്തിലാണെന്നും, ആ അപകടത്തില്‍ നിന്നും രക്ഷിക്കുവാന്‍ പരിശുദ്ധ മാതാവിന്റെ മാധ്യസ്ഥം അപേക്ഷിക്കുകയും ചെയ്യുന്ന പ്രാര്‍ത്ഥനയാണുള്ളത്.

ഈ പ്രാര്‍ത്ഥനയുടെ ലഭ്യമായ പകര്‍പ്പുകളില്‍ ഏറ്റവും പഴക്കമേറിയത് 1938-ല്‍ C.H. റോബെര്‍ട്സിനാല്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതാണ് (cf: Catalogue of the Greek and Latin Papyri in the John Rylands Library, III, Theological and literacy Texts, Manchester 1938, pp. 46-47). അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്ന ഇ. ലൊബെലിന്റെ അഭിപ്രായത്തില്‍ ഈ പ്രാര്‍ത്ഥന AD 250നും 280നും ഇടക്ക്‌, ഏതാണ്ട് മൂന്നാം നൂറ്റാണ്ട് മുതല്‍ നിലവിലുള്ളതാണ്, .

ഇതില്‍ നിന്നും വെളിവാകുന്ന ഒരു പ്രധാനപ്പെട്ട കാര്യം പുരാതന ക്രിസ്ത്യാനികള്‍ “തിയോടോകോസ്” (Theotokos) അതായത്‌ “ദൈവ മാതാവ്‌” എന്ന പദം 431-ലെ എഫേസൂസ്‌ കൗണ്‍സിലിനും നൂറ്റാണ്ടുകള്‍ക്ക്‌ മുന്‍പ്‌ ഉപയോഗിച്ചിരുന്നുവെന്നതാണ്. ഇത് ചില പ്രൊട്ടസ്റ്റന്റ് വിഭാഗക്കാരുടെ വാദങ്ങളെ പാടെ നിരാകരിക്കുവാന്‍ പര്യാപ്തമാണ്, അതായത്‌ പുരാതന ക്രിസ്ത്യാനികള്‍ പരിശുദ്ധ മറിയത്തോട് അവളുടെ മാധ്യസ്ഥവും സംരക്ഷണവും നേരിട്ട് അപേക്ഷിച്ചിരുന്നു എന്ന് ഇതില്‍ നിന്നും വ്യക്തമാകുന്നു.

ഈ പ്രാർത്ഥനയുടെ മലയാള പരിഭാഷ

പരിശുദ്ധ ദൈവമാതാവേ,
നിന്റെ സംരക്ഷണത്തിൻ കീഴില്‍ ഞങ്ങള്‍ ശരണം തേടുന്നു.
ഞങ്ങളുടെ ബുദ്ധിമുട്ടുകളില്‍ ഞങ്ങളെ ഉപേക്ഷിക്കരുതേ,
ശ്രേഷ്ഠതയും, അനുഗ്രഹവും നിറഞ്ഞ കന്യകയേ,
എല്ലാ അപകടങ്ങളില്‍ നിന്നും സദാ ഞങ്ങളെ രക്ഷിക്കണമേ.

More Archives >>

Page 1 of 143