News - 2025
മൊസൂളില്‍ വീണ്ടും കുരിശ് ഉയര്‍ന്നു: പ്രതീക്ഷയോടെ ക്രൈസ്തവ വിശ്വാസികള്‍
സ്വന്തം ലേഖകന്‍ 24-02-2017 - Friday
മൊസൂള്‍: ഐഎസ് ഭീകരരുടെ താവളമായിരിന്ന ഇറാഖിലെ മൊസൂളില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കുരിശ് രൂപം ഉയര്‍ന്നു. മൊസൂളില്‍ നിന്നും 17 മൈലുകള്‍ അകലെയുള്ള തെലകഫ്-ടെസ്‌ഖോപ്പ ഗ്രാമത്തിനോട് ചേര്‍ന്നുള്ള മലമുകളിലാണ് വിശ്വാസികള്‍ കുരിശു രൂപം നാട്ടിയത്. പ്രതിസന്ധിയും കടുത്ത പീഢനങ്ങളും തരണം ചെയ്യാന്‍ തങ്ങളുടെ ക്രൈസ്‌തവ വിശ്വാസത്തിനു ശക്തിയുണ്ടെന്ന സാക്ഷ്യവുമായാണ് വിശ്വാസികള്‍ കുരിശ് സ്ഥാപിച്ചത്.
ഇറാഖി സൈന്യം ഐഎസിനെ തുരുത്തിയതോടെ ക്രൈസ്‌തവര്‍ ഗ്രാമത്തിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സെന്റ് ജോര്‍ജ് ദേവാലയത്തില്‍ ആദ്യമായി ദിവ്യബലിയര്‍പ്പണവും പ്രത്യേക പ്രാര്‍ത്ഥനകളും അടുത്തിടെ നടന്നിരിന്നു. ബാഗ്‌ദാദിലെ കല്‍ദായ കത്തോലിക്ക പാത്രിയാര്‍ക്കീസ് ലൂവിസ് സാക്കോ അന്ന് ആശീര്‍വദിച്ച ഭീമന്‍ കുരിശാണ് മലമുകളില്‍ സ്ഥാപിച്ചത്.
ഐഎസ് ഭീകരുടെ വാഴ്‌ചയില്‍ തകര്‍ക്കപ്പെട്ട ദേവാലയങ്ങളും ക്രൈസ്‌തവര്‍ തിങ്ങി താമസിച്ചിരുന്ന പ്രദേശങ്ങളും നേരത്തെ ഇറാഖി സൈന്യം പിടിച്ചെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ക്രൈസ്‌തവര്‍ പ്രദേശത്തേക്ക് കൂട്ടത്തോടെ തിരിച്ചെത്തി തങ്ങളുടെ വിശ്വാസ പ്രഖ്യാപനത്തിന്റെ ഭാഗമായി വലിയ കുരിശു രൂപം നാട്ടിയത്. പുതിയ പ്രതീക്ഷയും അടിയുറച്ച ക്രൈസ്തവ വിശ്വാസവുമായി ഗ്രാമത്തിലേക്ക് മടങ്ങുന്ന വിശ്വാസികളുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുകയാണ്.