News - 2024

ഫിലിപ്പീന്‍സില്‍ ലഹരിമരുന്നു വേട്ടയുടെ പേരില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി കത്തോലിക്ക സഭ

സ്വന്തം ലേഖകന്‍ 02-03-2017 - Thursday

മനില: ലഹരി മരുന്നു വേട്ടയുടെ പേരില്‍ ഫിലിപ്പീന്‍സ് സര്‍ക്കാര്‍ കൊലപ്പെടുത്തുന്നവരുടെ ആശ്രിതര്‍ക്ക് സഹായ ഹസ്തവുമായി കത്തോലിക്ക സഭ രംഗത്ത്. കഴിഞ്ഞ വേനല്‍ക്കാലത്ത് ആരംഭിച്ച ലഹരിമരുന്ന് വേട്ടയില്‍ രാജ്യത്ത് ഇതുവരെ ഏഴായിരത്തില്‍ അധികം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നവരെയും, സാധാരണക്കാരെയും വരെ പോലീസ് ഒരു ദയയുമില്ലാതെ വെടിവച്ചു കൊലപ്പെടുത്തുകയാണ്. ഈ സാഹചര്യത്തിലാണ് സഭയുടെ പദ്ധതി.

സഭ ആവിഷ്‌കരിച്ചിരിക്കുന്ന പുതിയ പദ്ധതി പ്രകാരം ലഹരിമരുന്ന് വേട്ടയുടെ ഭാഗമായി കൊല്ലപ്പെട്ട ആളുകളുടെ ബന്ധുക്കള്‍ക്ക് അഭയസ്ഥാനം ഒരുക്കും. സര്‍ക്കാരിന്റെ ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട്, ഏതു നിമിഷവും മരണം പ്രതീക്ഷിച്ച് ഭയത്തോടെ കഴിയുന്നവര്‍ക്കും പ്രത്യേക അഭയസ്ഥാനം ഒരുക്കുവാന്‍ കത്തോലിക്ക സഭ തീരുമാനിച്ചിട്ടുണ്ട്. ഇത്തരം ഒരു നടപടിയിലൂടെ പോലീസ് തങ്ങള്‍ക്ക് നേരെ തിരിയുവാനുള്ള സാധ്യതയുണ്ടെന്ന് പറയുമ്പോള്‍ തന്നെ, ആ ഭീഷണിയെ തങ്ങള്‍ വകവയ്ക്കുന്നില്ലെന്നും കത്തോലിക്ക വൈദികര്‍ വെളിപ്പെടുത്തി.

ലഹരി കടത്തുന്നുവെന്ന് സംശയിക്കുന്ന എല്ലാവരേയും വെടിവച്ചു കൊല്ലുന്ന കിരാതനമായ നടപടിയാണ് ഫിലിപ്പീന്‍സില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്. രാജ്യത്തിന്റെ പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ടിന്റെ പ്രത്യേക ഉത്തരവിന്റെ ബലത്തില്‍ എത്തുന്ന പോലീസ് സംഘമാണ് പദ്ധതി നടപ്പിലാക്കുന്നത്. രാത്രി കാലങ്ങളില്‍ തെരുവിലൂടെ നടക്കുന്നവരെ ബൈക്കില്‍ എത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ വെടിവച്ചു വീഴ്ത്തുന്നത് പതിവ് സംഭവമായി മാറിയിരിക്കുകയാണ്.

നിയമ സംവിധാനങ്ങള്‍ക്ക് വിട്ടു നല്‍കാതെ, കുറ്റവാളികളെ തല്‍സമയം കൊലപ്പെടുത്തുന്നതിനുള്ള പ്രത്യേക അധികാരം ഡ്യൂട്ടേര്‍ട്ട് അധികാരത്തില്‍ എത്തിയ ശേഷമാണ് നടപ്പിലാക്കിയിട്ടുള്ളത്. 'എക്‌സ്ട്രാ ജുഡീഷ്യല്‍ കില്ലിംഗ്' എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ലഹരിക്കെതിരെയുള്ള പോരാട്ടത്തെ അനുകൂലിക്കുമ്പോള്‍ തന്നെ, നിരപരാധികളെ ഉള്‍പ്പെടെ കൊന്നു തള്ളുന്ന സര്‍ക്കാര്‍ നടപടിയോട് തങ്ങള്‍ക്ക് യോജിപ്പില്ലെന്ന് സഭ വ്യക്തമാക്കുന്നു.

ലഹരിമരുന്നുവേട്ടയുടെ ഭാഗമായി ആളുകളെ കൊലപ്പെടുത്തുന്ന നടപടിയ്ക്കെതിരെയുള്ള ഇടയലേഖനം ഈ മാസം അഞ്ചാം തീയതി ദേവാലയങ്ങളില്‍ വായിക്കുവാന്‍ കത്തോലിക്ക ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് തീരുമാനിച്ചിട്ടുണ്ട്. ലഹരിമരുന്നു വേട്ടയുടെ ഭാഗമായി ആളുകളെ കൊലപ്പെടുത്തുന്ന പോലീസിന്റെ ക്രൂരമായ നടപടികളെ ചിത്രീകരിക്കുന്നതിനും അവ പ്രദര്‍ശിപ്പിക്കുന്നതിനും സഭയിലെ വൈദികരുടെയും സെമിനാരി വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തില്‍ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.


Related Articles »