News - 2024

ഭൂകമ്പത്തെ അതിജീവിച്ച ഉണ്ണിയേശുവിന്റെ തിരുസ്വരൂപം ബ്രിട്ടനില്‍ പ്രദര്‍ശിപ്പിക്കും

സ്വന്തം ലേഖകന്‍ 03-03-2017 - Friday

റോം: ഇറ്റലിയില്‍ ഉണ്ടായ ഭൂചലനത്തെ അതിജീവിച്ച് കേടുപാടുകള്‍ സംഭവിക്കാത്ത ഉണ്ണീശോയുടെ തിരുസ്വരൂപം കേംബ്രിഡ്ജില്‍ പ്രദര്‍ശിപ്പിക്കും. 'മൊണാസ്ട്രീ ഓഫ് സാന്താ ചിയാറ'യില്‍ വണക്കത്തിനായി സൂക്ഷിച്ചിരുന്ന തിരുസ്വരൂപമാണ് എക്സിബിഷന് എത്തുന്നവര്‍ക്കു കാണുവാന്‍ സാധിക്കുക. കഴിഞ്ഞ ഒക്ടോബര്‍ മാസം നടന്ന ശക്തമായ ഭൂചലനത്തില്‍ തകര്‍ന്നു വീണ കെട്ടിടങ്ങളുടെ നടുവില്‍ നിന്നും, ഒരു കേടുപാടും കൂടാതെ കണ്ടെത്തിയ ഈ രൂപം ആളുകളില്‍ അത്ഭുതമുളവാക്കിയിരിന്നു.

ഇതേ തുടര്‍ന്നു 'മഡോണാ ആന്റ് മിറക്കിള്‍സ്- ദ ഹോളി ഹോം ഓഫ് റിനൈസെന്‍സ് ഇന്‍ ഇറ്റലി' എന്ന പ്രദര്‍ശനത്തില്‍ ഈ തിരുസ്വരൂപത്തേയും ഉള്‍പ്പെടുത്തുവാന്‍ സംഘാടകര്‍ തീരുമാനിക്കുകയായിരുന്നു. വിശുദ്ധ കാമില ബാറ്റിസ്റ്റ ഡാ വരാണോയാണ്, തനിക്ക് ലഭിച്ച പ്രത്യേക ദര്‍ശനത്തെ തുടര്‍ന്ന് ഇത്തരമൊരു തിരുസ്വരൂപം നിര്‍മ്മിച്ചത്.

രാജകുമാരിയായിരുന്ന കാമില ബാറ്റിസ്റ്റയ്ക്കു ഉണ്ണീയിശോയെ മാതാവ് ചുംബിക്കുന്ന ഒരു ദര്‍ശനം ലഭിച്ചിരിന്നു. ദര്‍ശനത്തെ തുടര്‍ന്നു രാജകുമാരി തന്റെ ജീവിത വ്രതമായി സന്യസ്ഥ ജീവിതം തിരഞ്ഞെടുത്ത് കന്യാസ്ത്രീയായി തീരുകയായിരിന്നു.

സന്യസ്ഥ ജീവിതത്തിലേക്ക് പ്രവേശിച്ച കാമില ബാറ്റിസ നിര്‍മ്മിച്ച ഉണ്ണിയിശോയുടെ ഈ തിരുസ്വരൂപത്തിന്റെ മാതൃകകള്‍ ഇറ്റലിയിലെ മിക്ക വീടുകളിലും നവോത്ഥാന കാലഘട്ടത്തില്‍ സൂക്ഷിച്ചിരുന്നു. ദനഹാ തിരുനാള്‍ ദിവസങ്ങളില്‍ നൂറു കണക്കിന് വിശ്വാസികള്‍ വിശുദ്ധ കാമില നിര്‍മ്മിച്ച ഉണ്ണിയിശോയുടെ തിരുസ്വരൂപം സൂക്ഷിച്ചിരിക്കുന്ന ദേവാലയത്തിലേക്ക് വണക്കത്തിനായി എത്താറുണ്ട്.

ക്രൈസ്തവ വിശ്വാസത്തിന്റെ ശക്തമായ വേരോട്ടം കാണുന്ന തരത്തിലുള്ള കലാനിര്‍മ്മിതികളാണ് പ്രദര്‍ശനത്തില്‍ ഉണ്ടാകുക. പതിനഞ്ച്, പതിനാറ് നൂറ്റാണ്ടുകളില്‍ നിര്‍മ്മിക്കപ്പെട്ട വിവിധ വസ്തുക്കളും ചിത്രങ്ങളുമാണ് കേംബ്രിഡ്ജിലെ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാസം ഏഴാം തീയതി മുതല്‍ ജൂണ്‍ നാലു വരെയാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.


Related Articles »