News - 2025
ഫാ. ടോം ബന്ധിയാക്കപ്പെട്ടിട്ട് ഇന്ന് ഒരു വര്‍ഷം: അനിശ്ചിതത്വം തുടരുന്നു
സ്വന്തം ലേഖകന്‍ 04-03-2017 - Saturday
ഏദന്‍: യെമനില്‍ മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ ആശ്രയ ഭവനം ആക്രമിച്ച് ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിലിനു വേണ്ടിയുള്ള കാത്തിരിപ്പിന് ഇന്ന് ഒരുവർഷം. 2016 മാര്‍ച്ച് 4ാം തിയതിയാണ് ഏഡൻ നഗരത്തിൽ പ്രവർത്തിക്കുന്ന മിഷണറീസ് ഓഫ് ചാരിറ്റിയുടെ ആശ്രയഭവനം ആക്രമിച്ച് ഫാദർ ടോം ഉഴുന്നാലിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്. അന്നത്തെ ആക്രമണത്തില്‍ നാലു സന്യാസിനികളും 12 അന്തേവാസികളും കൊല്ലപ്പെട്ടിരിന്നു.
കഴിഞ്ഞ ജൂണിലും ഡിസംബറിലും വൈദികന്‍ ഫേസ്‌ബുക്ക് പേജിലൂടെ സഹായമഭ്യര്‍ഥിക്കുന്ന വീഡിയോകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വീഡിയോയിലുള്ളത് ഫാ. ടോം തന്നെയാണെന്ന് ബന്ധുക്കളും ദക്ഷിണ അറേബ്യന്‍ രാജ്യങ്ങളുടെ ചുമതലയുള്ള യു.എ.ഇയിലെ ബിഷപ് ഡോ. പോള്‍ ഹിന്‍ഡറും സ്‌ഥിരീകരിച്ചു.
അതേ സമയം ഫാ. ടോമിന്റെ മോചനം സാധ്യമാക്കാൻ പറ്റുന്നതെല്ലാം ചെയ്യുന്നുണ്ടെന്നു സർക്കാർ അധികൃതർ പറയുന്നുണ്ടെങ്കിലും സമൂഹത്തിന്റെ നാനാതുറകളില്‍ പ്രതിഷേധം വ്യാപിച്ചിരിക്കുകയാണ്. വൈദികന്റെ കാര്യത്തില്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ നിസംഗത പുലര്‍ത്തുകയാണെന്നാണ് ആക്ഷേപം. വൈദികന്റെ മോചനശ്രമം ഊര്‍ജിതപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള കൂടിക്കാഴ്‌ചയില്‍ സഭാതലവന്മാര്‍ ആവശ്യപ്പെട്ടിരുന്നു.
യെമനിൽ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം ഇല്ലാത്തതും അവിടെ സുസ്ഥിരമായ ഒരു സർക്കാർ ഇല്ലാത്തതിനാലും വൈദികന്റെ മോചനത്തിന് തടസ്സമാണെന്നാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം. ഇതിനിടെ ഫാ.ടോം ഉഴുന്നാലിൽ ആരാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ചോദിച്ചതു വിവാദത്തിന് പുതിയ മാനം നൽകിയിരിന്നു.
വൈദികന്‍ ബന്ധിയാക്കപ്പെട്ടതിന്റെ ഒന്നാം വാര്‍ഷിക ദിനമായ ഇന്ന്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹത്തിന്റെ മോചനത്തിനായി പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടത്തും.