News - 2025
തിരുകല്ലറയിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍
സ്വന്തം ലേഖകന്‍ 04-03-2017 - Saturday
ജെറുസലേം: ജെറുസലേമിലെ ഹോളി സെപ്പള്‍ച്ചര്‍ ദേവാലയത്തില്‍ ക്രിസ്തുവിന്റെ തിരുശരീരം സംസ്‌കരിച്ച കല്ലറയില്‍ നടന്നു വന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍. ഈസ്റ്ററിന് മുന്‍പ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമെന്ന്‍ ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ അന്ത്യം കുറിക്കുന്നതിനായി മാര്‍ച്ച് 22-ന് പ്രാര്‍ത്ഥനാശുശ്രൂഷയും പ്രത്യേക ആഘോഷപരിപാടികളും സംഘടിപ്പിക്കും.
1947-ല്‍ ബ്രിട്ടീഷ് സംഘം സ്ഥാപിച്ച ഇരുമ്പ് തൂണുകളും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥാപിച്ചിരുന്ന തട്ടുകളും, പൊളിച്ചു മാറ്റി. അതേ സമയം അന്തരീക്ഷ ഈര്‍പ്പം കൊണ്ട് ഉണ്ടായ കേടുപാടുകള്‍ പൂര്‍ണ്ണമായും ശരിയാക്കുന്നതിന് ഇനിയും പത്ത് മാസം വേണ്ടി വരുമെന്ന് ഗ്രീക്ക് സംഘം അഭിപ്രായപ്പെട്ടു. ഇതിനായി ഏതാണ്ട് 6 ദശലക്ഷം യൂറോ ആവശ്യമായി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പുനരുദ്ധാരണ പദ്ധതിയുടെ സയന്റിഫിക്ക് കോര്‍ഡിനേറ്ററും ഏതന്‍സിലെ നാഷണല്‍ ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറുമായ അന്റോണിയ മൊറോപൗലോ കല്ലറയില്‍ അടിയന്തിരമായ പുനരുദ്ധാരണത്തിന്റെ ആവശ്യമുണ്ടെന്ന് പറഞ്ഞിരുന്നു. മെഴുകു തിരികളില്‍ നിന്നുമുള്ള പുക, അന്തരീക്ഷത്തിലെ ഈര്‍പ്പം, വെള്ളം തുടങ്ങിയ ഘടകങ്ങളാണ് കല്ലറയുടെ സുരക്ഷിതത്തെ ബാധിക്കുന്ന വെല്ലുവിളികള്‍.
കത്തോലിക്കാ സഭയും, ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയും, അര്‍മേനിയന്‍ അപ്പോസ്തോലിക സഭയും സംയുക്തമായി 3.3 ദശലക്ഷം ഡോളര്‍ ചിലവിട്ടാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കു പദ്ധതിയിട്ടത്. ജോര്‍ദാനിലെ അബ്ദുല്ലാ രണ്ടാമന്‍ രാജാവ് തന്റെ വ്യക്തിപരമായ സംഭാവന ഈ പദ്ധതിക്കായി നല്‍കുകയുണ്ടായി.
കഴിഞ്ഞ ഒക്ടോബറില്‍ പലസ്തീന്‍ പ്രസിഡന്റ് മൊഹമ്മദ് അബ്ബാസും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം വാഗ്ദാനം ചെയ്തിരുന്നു. 2016-ല്‍ ആരംഭിച്ച് കഴിഞ്ഞ ഒമ്പത് മാസമായി നടന്നുവന്നിരുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവസാനമാകുന്നത്.
![](/images/close.png)