News - 2025
പ്രലോഭനം കൂടാതെ വിശ്വാസത്തില്‍ വളരുക സാധ്യമല്ല: ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 04-03-2017 - Saturday
വത്തിക്കാന്‍: വളരുകയും പക്വത നേടുകയും ചെയ്യുന്നതിനുള്ള നിരന്തരമായ പാതയാണ് വിശ്വാസമെന്നും പ്രലോഭനം കൂടാതെ വിശ്വാസത്തിലുള്ള വളര്‍ച്ച സാധ്യമല്ല എന്നും ഫ്രാന്‍സിസ് പാപ്പ. മാര്‍ച്ച് 2-ന് റോമിലെ സെന്റ് ജോണ്‍ ലാറ്ററന്‍ ബസലിക്കാ പള്ളിയില്‍ വെച്ച് റോം രൂപതയിലെ പുരോഹിതരുമായി കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരിന്നു മാര്‍പാപ്പ. തങ്ങളുടേതായ കുറവുകളുണ്ടെങ്കിലും ഒരു മനുഷ്യനിലും, പുരോഹിതനിലും എപ്രകാരമാണ് വിശ്വാസം വളരുന്നതെന്ന്‍ വിശുദ്ധ പത്രോസിന്റെ ജീവിതം ചൂണ്ടികാണിച്ച് മാര്‍പാപ്പ വിവരിച്ചു.
"ശിമയോന്‍ പത്രോസിന്റെ ജീവിതത്തില്‍ പ്രലോഭനം ഉണ്ടായിരുന്നു എന്ന കാര്യം വ്യക്തമാണ്, അതുപോലെ നമ്മുടെ ജീവിതത്തിലും എപ്പോഴും പ്രലോഭനങ്ങള്‍ ഉണ്ട്. എന്നാല്‍ പ്രലോഭനമില്ലാതെ നിങ്ങള്‍ക്ക് വിശ്വാസത്തില്‍ വളരുവാന്‍ കഴിയുകയില്ല. ‘സ്വര്‍ഗ്ഗസ്ഥനായ പിതാവേ’ എന്ന പ്രാര്‍ത്ഥനയില്‍ ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ എന്നാണ് നമ്മള്‍ പ്രാര്‍ത്ഥിക്കുന്നത്".
"ഒരാള്‍ ദൈവത്തോടും മനുഷ്യരോടും എടുത്തിട്ടുള്ള വ്രതവും വാഗ്ദാനവുമാണ് പൗരോഹിത്യം. പൗരോഹിത്യജീവിതത്തില്‍ ഒരു വൈദികനെ നയിക്കുന്നത് ഈ വാഗ്ദാനമാണ്. സഭയില്‍ നമ്മെ വിശ്വസ്തതയോടെ ജീവിക്കാന്‍ ഈ വാഗ്ദാനത്തിന്റെ ഓര്‍മ്മ സഹായിക്കുന്നു. പ്രത്യാശയോടെയാണ് ദൈവവിളിയുടെ വഴിയില്‍ വൈദികര്‍ ചരിക്കേണ്ടത്". മാര്‍പാപ്പ പറഞ്ഞു.
വിഭൂതിത്തിരുനാള്‍ കഴിഞ്ഞുവരുന്ന വ്യാഴാഴ്ച റോമാ രൂപതയിലെ വൈദികരുമായി എല്ലാവര്‍ഷവും നടത്താറുള്ള കൂടിക്കാഴ്ചയുടെ ആവര്‍ത്തനമാണ് മാര്‍പാപ്പ കഴിഞ്ഞ ദിവസം നടത്തിയത്. 200-ല്‍ അധികം വൈദികര്‍ ലാറ്ററന്‍ ബസിലിക്കയില്‍ സന്നിഹിതരായിരുന്നു.
![](/images/close.png)