News - 2025
ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു ആശംസകള്‍ നേര്‍ന്ന് അമേരിക്ക
സ്വന്തം ലേഖകന്‍ 14-03-2017 - Tuesday
വത്തിക്കാന്‍ സിറ്റി: പത്രോസിന്റെ പിന്‍ഗാമിയായി ഫ്രാന്‍സിസ് മാര്‍പാപ്പയെ തെരഞ്ഞെടുത്തതിന്റെ നാലാം വാര്‍ഷികത്തില്‍ ആശംസകള്‍ നേര്‍ന്ന് അമേരിക്ക. യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ പ്രത്യേകം തയ്യാറാക്കിയ പ്രസ്താവനയിലൂടെയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും രാജ്യത്തിന്റെയും ആശംസകളും, ഭാവുകങ്ങളും നേരുന്നതായി പാപ്പയെ അറിയിച്ചത്.
"റോമിന്റെ ബിഷപ്പായും ആഗോള കത്തോലിക്ക സഭയുടെ തലവനായും ഫ്രാന്‍സിസ് പാപ്പ തെരഞ്ഞെടുക്കപ്പെട്ടതിന്റെ നാലാം വാര്‍ഷികത്തില്‍ അമേരിക്കയുടെ ആശംസകള്‍ അറിയിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേരിലും, ഈ രാജ്യത്തെ പൗരന്‍മാരുടെ പേരിലുമുള്ള ആശംസകളും, പ്രാര്‍ത്ഥനകളും ഈ അവസരത്തില്‍ കൈമാറുന്നു. യുഎസും വത്തിക്കാനും ചേര്‍ന്ന് നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളാണ് ചെയ്യുന്നത്".
"ആഗോള തലത്തില്‍ മനുഷ്യസമൂഹം വെല്ലുവിളികള്‍ നേരിടുന്ന പലമേഖലകളിലും ഇരുകൂട്ടരും ചേര്‍ന്നുള്ള പ്രവര്‍ത്തനം അനേകര്‍ക്ക് ആശ്വാസമായിട്ടുണ്ട്. ഭക്ഷ്യസുരക്ഷയുടെ കാര്യത്തിലും, ആരോഗ്യപരിപാലനത്തിലും, മനുഷ്യക്കടത്ത് തുടങ്ങിയ സാമുഹിക പ്രശ്‌നങ്ങളുടെ പരിഹാരത്തിനും വത്തിക്കാനുമായി യുഎസ് വര്‍ഷങ്ങളായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള ഭിന്നിപ്പുകളെ പരിഹരിക്കുവാനും വത്തിക്കാന്റെ ഇടപെടല്‍ ഫലം കണ്ടിട്ടുണ്ട്". സന്ദേശത്തില്‍ പറയുന്നു.
2013 ഫെബ്രുവരി 11നാണ് ബനഡിക്ട് പതിനാറാമൻ സ്‌ഥാനത്യാഗം പ്രഖ്യാപിച്ചത്. തുടർന്ന് 2013 മാര്‍ച്ച് 13-ാം തീയതിയാണ് സഭാ ചരിത്രത്തിലെ 266-ാമത്തെ മാര്‍പാപ്പയായി അര്‍ജന്റീനക്കാരനായ കര്‍ദിനാള്‍ ജോര്‍ജ് മരിയോ ബെർഗോളിയോ തെരഞ്ഞെടുത്തത്. പിന്നീട് അദ്ദേഹം ഫ്രാന്‍സിസ് എന്ന പേരു സ്വീകരിക്കുകയായിരിന്നു.