News - 2024

ബംഗ്ലാദേശിലെ ക്രൈസ്തവ വിശ്വാസികളുടെ എണ്ണത്തില്‍ അത്ഭുതാവഹമായ വളര്‍ച്ച

സ്വന്തം ലേഖകന്‍ 17-03-2017 - Friday

ധാക്ക: ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം രാജ്യങ്ങളില്‍ നാലാം സ്ഥാനത്തുള്ള ബംഗ്ലാദേശില്‍ ക്രിസ്ത്യാനികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവെന്ന്‍ പുതിയ റിപ്പോര്‍ട്ട്. ക്രിസ്റ്റ്യന്‍ ഫ്രീഡം ഇന്റര്‍നാഷണല്‍ എന്ന സംഘടന പുറത്തുവിട്ട പ്രകാരം രാജ്യത്തെ ക്രൈസ്തവ വിശ്വാസികളുടെ എണ്ണത്തില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

'ഓപ്പണ്‍ ഡോര്‍സ്' എന്ന സന്നദ്ധ സംഘടന പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ബംഗ്ലാദേശില്‍ ഏകദേശം 8,66,000ത്തോളം ക്രിസ്ത്യാനികള്‍ ഉണ്ടെന്നാണ് ഇത് വരെയുണ്ടായിരിന്ന വിലയിരുത്തല്‍. എന്നാല്‍ ഇത് തെറ്റാണെന്നും ഏതാണ്ട് 15.6 ലക്ഷത്തോളം ക്രൈസ്തവ വിശ്വാസികള്‍ രാജ്യത്തുണ്ടെന്നും സി‌എഫ്‌ഐ ചൂണ്ടികാണിക്കുന്നു.

ക്രിസ്തുമത വിശ്വാസത്തില്‍ ജനിക്കുകയും സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള പള്ളികളില്‍ പോവുകയും ചെയ്യുന്ന പരമ്പരാഗത ക്രിസ്ത്യാനികള്‍ മാത്രമേ ഔദ്യോഗിക കണക്കുകളില്‍ വന്നിട്ടുള്ളു എന്നും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടുള്ള ഇസ്ലാം മതസ്ഥരുടെ എണ്ണം കണക്കില്‍ വന്നിട്ടില്ല എന്നുമാണ് ക്രിസ്റ്റ്യന്‍ ഫ്രീഡം ഇന്റര്‍നാഷണല്‍ പുതിയ കണക്കുകള്‍ പ്രകാരം ചൂണികാണിക്കുന്നത്. സി‌എഫ്‌ഐ കണക്കുകള്‍ പ്രകാരം രാജ്യത്തെ ആകെ ജനസംഖ്യയുടെ 10 ശതമാനവും ക്രൈസ്തവരാണെന്നാണ് റിപ്പോര്‍ട്ട്.

അതേ സമയം ക്രൈസ്തവരുടെ എണ്ണം കൂടുംതോറും വിശ്വാസികള്‍ക്ക് നേരെയുള്ള പീഡനങ്ങളും വര്‍ദ്ധിച്ചു വരികയാണെന്നും റിപ്പോര്‍ട്ടുണ്ട്. ദേവാലയങ്ങള്‍ക്ക് നേരെയും വിശ്വാസികള്‍ക്ക് നേരെയും അക്രൈസ്തവരുടെ ആക്രമണങ്ങള്‍ തുടരുകയാണെന്ന് ഇസ്ലാം മതത്തില്‍ നിന്ന്‍ പരിവര്‍ത്തനം ചെയ്ത ഖാലേക്ക് എന്ന വിശ്വാസി സി‌എഫ്‌ഐയോട് വെളിപ്പെടുത്തി.

2007-ല്‍ മതപരിവര്‍ത്തനം ചെയ്തതിനു ശേഷം തന്റെ കടയും, വാഹനവും തനിക്ക് നഷ്ടപ്പെട്ടുവെന്നും വധശ്രമം വരെ നേരിട്ടുയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഏതാണ്ട് ഇരുപതിനായിരത്തോളം ഇസ്ലാം മത വിശ്വാസികള്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിട്ടുണ്ടെന്നും ഖാലേക്ക് കൂട്ടിച്ചേര്‍ത്തു.

ഓപ്പണ്‍ ഡോര്‍സിന്റെ ഏറ്റവും പുതിയ സര്‍വ്വേ പ്രകാരം ക്രൈസ്തവ വിശ്വാസികള്‍ ഏറ്റവും കൂടുതലായി പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങളില്‍ 26-മത്തെ സ്ഥാനമാണ് ബംഗ്ലാദേശിന്. പീഡനങ്ങള്‍ക്ക് നടുവിലും ശക്തമായ ക്രൈസ്തവ സാക്ഷ്യവുമായി രാജ്യത്തെ വിശ്വാസികള്‍ ക്രിസ്തുവിനെ പ്രഘോഷിക്കുകയാണ്.


Related Articles »