News - 2025

നിശബ്ദ സേവനത്തിന്റെ 90 വര്‍ഷങ്ങളുമായി കത്തോലിക്ക സന്നദ്ധ സംഘടന

സ്വന്തം ലേഖകന്‍ 18-03-2017 - Saturday

വത്തിക്കാന്‍: പശ്ചിമേഷ്യ, വടക്ക്-കിഴക്കന്‍ ആഫ്രിക്ക, കിഴക്കന്‍ യൂറോപ്പ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ പാവപ്പെട്ട ആളുകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന കത്തോലിക് നിയര്‍ ഈസ്റ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ സ്തുത്യര്‍ഹമായ സേവനത്തിന്റെ 90 വര്‍ഷങ്ങള്‍ പിന്നിട്ടു. പ്രാദേശിക സഭകളുടെ സഹകരണത്തോട് കൂടി പ്രവര്‍ത്തിക്കുന്ന അസോസിയേഷന്‍ വിദ്യാഭ്യാസം, പരിസ്ഥിതി, ആരോഗ്യം, തുടങ്ങിയ മേഖലയില്‍ വ്യക്തമായ ഇടപെടലാണ് നടത്തുന്നത്.

റഷ്യയിലും, പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും സഹായമെത്തിക്കുവാന്‍ അമേരിക്കന്‍ കത്തോലിക്കാ സംഘടനകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന പിയൂസ് പതിനൊന്നാമന്‍ പാപ്പായുടെ ആഹ്വാനത്തെ തുടര്‍ന്നു 1926-ലാണ് 'കത്തോലിക് നിയര്‍ ഈസ്റ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍' സ്ഥാപിക്കപ്പെട്ടത്. പാപ്പായുടെ പിന്തുണയുള്ള സംഘടന എന്ന നിലയില്‍ കത്തോലിക്കാ സഭയെ സഹായിക്കുവാനും, വിവിധ സഭകള്‍ തമ്മിലുള്ള ഐക്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുവാനുമുളള പ്രത്യേക അധികാരം അസോസിയേഷന് വത്തിക്കാനില്‍ നിന്ന്‍ ലഭിച്ചിട്ടുണ്ട്.

14 രാജ്യങ്ങളിലെ സേവനങ്ങള്‍ക്കായി ഏതാണ്ട് 22 ദശലക്ഷത്തോളം ഡോളറാണ് അസോസിയേഷന്‍ അടുത്തിടെ ചിലവഴിച്ചത്. പൗരസ്ത്യ രാജ്യങ്ങളിലുള്ള സഭകളില്‍ അജപാലനപരവും, മനുഷ്യത്വപരവുമായ സേവനങ്ങള്‍ ചെയ്യുന്നതില്‍ സഭയെ സഹായിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് അസോസിയേഷന്‍ സെക്രട്ടറിയായ മോണ്‍സിഞ്ഞോര്‍ ജോണ്‍ കോസര്‍ പറഞ്ഞു. ഈ വര്‍ഷം ഫ്രാന്‍സിസ് പാപ്പാ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും, ആ സന്ദര്‍ശനം ഇന്ത്യയില്‍ തങ്ങള്‍ നടത്തിവരുന്ന നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ വടക്കന്‍ സംസ്ഥാനങ്ങളിലെ വിദൂര ഗ്രാമങ്ങളില്‍ സുവിശേഷ പ്രഘോഷണത്തെ സഹായിക്കുകയെന്നതു സംഘടനയുടെ ദൗത്യത്തിന്റെ ഭാഗമാണ്.

ഈജിപ്ത് പോലെ സഭക്ക് വെല്ലുവിളികള്‍ നേരിടുന്ന പ്രദേശങ്ങളില്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ സജീവമാണ്. ആഫ്രിക്കയിലെ വരള്‍ച്ചാ ബാധിത പ്രദേശങ്ങളിലെ സ്കൂള്‍ കുട്ടികള്‍ക്കിടയിലും, റഷ്യയുമായുള്ള യുദ്ധത്തില്‍ ഭവനരഹിതരായ ദശലക്ഷകണക്കിന് ആളുകള്‍ക്കിടയിലും സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് അസോസിയേഷന്‍ കാഴ്ചവെക്കുന്നത്. വിവിധ സഭകളും മതങ്ങളുമായി സംവാദങ്ങള്‍ സംഘടിപ്പിക്കുന്നതിലും പരസ്പര ഐക്യം നിലനിര്‍ത്തുവാന്‍ സംഘടനക്ക് കാര്യമായ പങ്കുണ്ടെന്നു മോണ്‍സിഞ്ഞോര്‍ പറഞ്ഞു.

പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ പ്രത്യേകിച്ച് ഇറാഖ്, സിറിയ, ലെബനന്‍, ജോര്‍ദ്ദാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ പ്രശ്നങ്ങളാണ് ഇപ്പോള്‍ തങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന്‍ മോണ്‍സിഞ്ഞോര്‍ ജോണ്‍ കോസര്‍ കൂട്ടിച്ചേര്‍ത്തു. ന്യൂയോര്‍ക്കിലെ മെത്രാപ്പോലീത്തയായ കര്‍ദ്ദിനാള്‍ തിമോത്തി ഡോളനാണ് അസോസിയേഷന്റെ ചെയര്‍മാന്‍.


Related Articles »