News - 2025
ക്രൈസ്തവര്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ദുഃഖം രേഖപ്പെടുത്തികൊണ്ട് ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 28-05-2017 - Sunday
കെയ്റോ: ഈജിപ്തിലെ മിന്യ പ്രവിശ്യയിലെ കോപ്റ്റിക് ക്രൈസ്തവര്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ദുഃഖം രേഖപ്പെടുത്തി കൊണ്ട് ഫ്രാന്‍സിസ് പാപ്പ ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് അബ്ദുല്‍ അല്‍ ഫത്താ അല്‍ സീസിയ്ക്ക് കത്തയച്ചു. ക്രൈസ്തവര്‍ക്ക് നേരെയുണ്ടായ പൈശാചികമാണെന്നും വിദ്വേഷത്തിന്‍റെ ബുദ്ധിശൂന്യമായ പ്രവര്‍ത്തിയാണെന്നും മാര്‍പാപ്പ അയച്ച കത്തില്‍ വ്യക്തമാക്കി. മാര്‍പാപ്പയ്ക്ക് വേണ്ടി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പീയട്രോ പരോളിനാണ് സന്ദേശമയച്ചത്.
അനേകര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും മുറിവേല്‍ക്കുകയും ചെയ്തതില്‍ മാര്‍പാപ്പാ ദു:ഖിതനാണ്. ദുരന്തത്തില്‍ മരണമടഞ്ഞ കുട്ടികളെ പാപ്പാ പ്രത്യേകം ഓര്‍ക്കുന്നു. വധിക്കപ്പെട്ടവരുടെ ആത്മാവിനെ സര്‍വ്വശക്തന്‍റെ കാരുണ്യത്തിന് സമര്‍പ്പിക്കുന്നുവെന്നും അവരുടെ വേര്‍പാടില്‍ കേഴുന്ന കുടുംബങ്ങള്‍ക്കും മുറിവേറ്റവര്‍ക്കും സാന്ത്വനവും പ്രാര്‍ത്ഥനയും ഉറപ്പുനല്കുന്നുവെന്നും സന്ദേശത്തില്‍ പറയുന്നു.
കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ 29പേരാണ് കൊല്ലപ്പെട്ടത്. ഈജിപ്തില്‍ രണ്ടുമാസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് കോപ്റ്റിക് ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നത്. ഏപ്രില്‍ 9ന് ഓശാന ഞായറാഴ്ച നടന്ന ഭീകരാക്രമണത്തില്‍ 46 പേര്‍ക്ക് ജീവന്‍ നഷ്ട്ടമായിരിന്നു. കഴിഞ്ഞ ഡിസംബറില്‍ കെയ്റോയില്‍ ദേവാലയത്തിലുണ്ടായ മറ്റൊരു ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടിരുന്നു.