News - 2024

സുവിശേഷം പ്രഘോഷിച്ച് യേശുവിന്റെ ദൗത്യം സഭയിൽ തുടരണം: ഫ്രാൻസിസ് പാപ്പ

സ്വന്തം ലേഖകന്‍ 29-05-2017 - Monday

വത്തിക്കാൻ സിറ്റി: യേശുവിന്റെ സന്ദേശം മനുഷ്യവംശം മുഴുവനും പ്രഘോഷിക്കാൻ അവിടുന്ന് നാമോരോരുത്തർക്കും ഉത്തരവാദിത്വം നൽകിയിട്ടുണ്ടെന്നും ഈ ദൗത്യം സഭയിലൂടെ നാം തുടരണമെന്നും ഫ്രാന്‍സിസ് പാപ്പ. ഞായറാഴ്ച സ്വർഗ്ഗാരോഹണ തിരുനാള്‍ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. സുവിശേഷവത്ക്കരണത്തിനായി നമ്മുടെ കഴിവുകളിൽ ആശയിക്കാതെ പരിശുദ്ധാത്മാവിന്റെ ശക്തിക്കായി പ്രാർത്ഥിക്കണമെന്നും മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.

വി. മത്തായിയുടെ സുവിശേഷത്തിൽ നിന്നുമുള്ള വായനയ്ക്കു ശേഷമാണ് മാര്‍പാപ്പ തന്റെ സന്ദേശം പങ്കുവെച്ചത്. യേശുവിന്റെ ദൗത്യത്തിന്റെ പൂർത്തീകരണവും സഭയുടെ ദൗത്യത്തിന്റെ ആരംഭമാണ് ഈശോയുടെ സ്വർഗ്ഗാരോഹണം. യേശുവിൽ വിശ്വസിക്കുന്നവരുടെ സമൂഹമായ സഭയിലൂടെ അവിടുത്തെ ലക്ഷ്യം ലോകാവസാനത്തോളം പൂർത്തീകരിക്കണം. യുഗാന്ത്യം വരെ എന്നും ഞാൻ നിങ്ങളോട് കൂടെയുണ്ടായിരിക്കുമെന്ന അവിടുത്തെ വാഗ്ദാനമാണ് ജീവിക്കുന്ന ദൈവത്തിനു വേണ്ടി അദ്ധ്വാനിക്കുവാന്‍ നമ്മുക്ക് ലഭിക്കുന്ന പ്രോത്സാഹനം.

ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കാനും പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ജ്ഞാനസ്നാനം നൽകാനുമാണ് അവിടുത്തെ ആഹ്വാനം. യേശുവിനെ പ്രഘോഷിക്കുന്നതിൽ നാം ആനന്ദിക്കണം. സഹായകനായ പരിശുദ്ധാത്മാവിന്റെ സാന്നിധ്യം ഇന്നും ആഗോളസുവിശേഷവത്കരണത്തിന് സഭയെ നയിക്കുന്നു. ഗലീലിയിൽ നിന്നും തിരഞ്ഞെടുത്ത യേശുവിന്റെ ശിഷ്യന്മാരാണ് അവിടുത്തെ സഭയിലെ പ്രഥമ അംഗങ്ങൾ.

അവര്‍ യേശുവിന്റെ പീഡാസഹനങ്ങളിലൂടെ കടന്നു പോവുകയും അവിടുത്തെ ഉത്ഥാനത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്തു. എന്നിരുന്നാലും അവരിൽ പലരും സംശയാലുക്കളായിരിന്നു. അവരെപ്പോലെ തന്നെ ഇന്നും സഭയിൽ സംശയം നിലനില്ക്കുന്നുണ്ടെന്നും മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ സൂചിപ്പിച്ചു.

ഇഹലോകവാസത്തിനു ശേഷം പിതാവിന്റെ വലതുഭാഗത്തിരിക്കുന്ന യേശുവിന്റെ അടുത്തേയ്ക്ക് നാം എത്തിച്ചേരും. അതിനായി വിശ്വാസ തീക്ഷണതയോടെ ധീരമായി ജീവിക്കണം. നമ്മുടെ കഴിവുകളിൽ ആശയിക്കാതെ പരിശുദ്ധാത്മാവിന്റെ ശക്തിക്കായി പ്രാർത്ഥിക്കുകയും പരിശുദ്ധ അമ്മയുടെ സഹായം തേടുകയും ചെയ്യുമ്പോൾ ദൈവം നമുക്ക് വാഗ്ദ്ധാനം ചെയ്ത സ്വർഗ്ഗീയ നാട്ടിലെത്തിച്ചേരാന്‍ സാധിയ്ക്കും എന്ന വാക്കുകളോടെയാണ് മാർപാപ്പ തന്റെ സന്ദേശം ഉപസംഹരിച്ചത്.


Related Articles »