News - 2025
കാബൂള്‍ ആക്രമണത്തില്‍ വേദന രേഖപ്പെടുത്തി മാര്‍പാപ്പ
സ്വന്തം ലേഖകന്‍ 01-06-2017 - Thursday
വത്തിക്കാന്‍ സിറ്റി: അഫ്ഗാനിസ്ഥാന്‍ തലസ്ഥാന നഗരമായ കാബൂളില്‍ നടന്ന ഭീകരാക്രമണത്തില്‍ മാര്‍പാപ്പാ ദുഃഖം രേഖപ്പെടുത്തി. വത്തിക്കാനിലേയ്ക്കുള്ള അഫ്ഗാനിസ്ഥാന്‍റെ അംബാസിഡര്‍ക്ക് അയച്ച ടെലിഗ്രാമിലൂടെയാണ് സംഭവത്തില്‍ ഫ്രാന്‍സിസ് പാപ്പാ തന്‍റെ വേദന രേഖപ്പെടുത്തിയത്.
മരണമടഞ്ഞവരുടെ ആത്മാക്കളെ ദൈവകരങ്ങളില്‍ സമര്‍പ്പിക്കുന്നുവെന്നും വേദനിക്കുന്നവരെ സാന്ത്വനം അറിയിക്കുകയും അഫ്ഗാനിസ്ഥാന്‍റെ സമാധാനത്തിനായി തുടര്‍ന്നും പ്രാര്‍ത്ഥിക്കുന്നുവെന്നും മാര്‍പാപ്പയുടെ സന്ദേശത്തില്‍ പറയുന്നു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ വഴിയാണ് ബുധനാഴ്ച രാവിലെ തന്നെ പാപ്പാ അഫ്ഗാനിലേയ്ക്ക് സന്ദേശമയച്ചത്.
കാബൂളിലെ വാസിർ ഖാൻ പ്രദേശത്താണ് സ്ഫോടനം നടന്നത്. ആക്രമണത്തില്‍ 80ലേറെ പേര്‍ കൊല്ലപ്പെട്ടു. സ്ഫോടക വസ്തുകൾ നിറച്ച കാറുമായി ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോർട്ട്. നിരവധി രാജ്യങ്ങളുടെ എംബസികൾ സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരിന്നു.
![](/images/close.png)