News - 2024

സൈബർ സുരക്ഷയ്ക്കായി റോമില്‍ സമ്മേളനം

സ്വന്തം ലേഖകന്‍ 02-06-2017 - Friday

റോം: ഇന്റർനെറ്റിന്റെ മാന്ത്രിക വലയത്തിൽ നിന്നും കുട്ടികളെ സുരക്ഷിതരാക്കാൻ ഉതകുന്ന നിർദേശങ്ങൾ റോമിൽ നടക്കുന്ന അന്തർദേശീയ സമ്മേളനത്തിൽ ആവിഷ്കരിക്കും. ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ ഒക്ടോബർ മൂന്ന് മുതൽ ആറു വരെയാണ് സമ്മേളനം നടക്കുക. ലൈംഗിക അതിപ്രസരം നിറഞ്ഞ സന്ദേശങ്ങൾ കുട്ടികളെ തെറ്റായ വഴിയിലേക്ക് നയിക്കുന്നുവെന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ നടത്തപ്പെടുന്ന സമ്മേളനം മാർപ്പാപ്പയുടെ സന്ദേശത്തോടെയാണ് സമാപിക്കുക.

ലോകമെമ്പാടും വ്യാപിച്ച സൈബര്‍ അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടികളും മുൻ കരുതലുകളും എടുക്കാനാണ് മേഖലയിലെ വിദഗ്ദ്ധരെ വിളിച്ചു കൂട്ടി സമ്മേളനം സംഘടിപ്പിക്കുന്നതിന്റെ ലക്ഷ്യം. സമ്മേളനത്തിന് മുന്നോടിയായുള്ള ഒരുക്കത്തിന്റെ ഭാഗമായി നൂറ്റി നാല്പതിലേറെ വിദ്യാഭ്യാസ വിദഗ്ധരെയും രാഷ്ട്രീയ നേതാക്കന്മാരെയും മതമേലദ്ധ്യക്ഷന്മാരെയും ആഗോളതലത്തിൽ ക്ഷണിക്കാൻ തീരുമാനമായി.

ഉയർന്നു വരുന്ന ആഗോള സൈബർ ലോകത്തെ ആശങ്കകളകറ്റാൻ, ഗവൺമെന്റും മത നേതാക്കന്മാരും വിദ്യാഭ്യാസ മേഖലയും വ്യവസായ പ്രമുഖരും കൈക്കോർക്കണമെന്ന് യു കെ ഇന്റർനെറ്റ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റിയെ പ്രതിനിധീകരിക്കുന്ന ജോന്ന ഷീൽഡ്സ് അഭിപ്രായപ്പെട്ടു. മെയ് 31 വരെയുള്ള കണക്കു പ്രകാരം 320 ലക്ഷം ഇന്റർനെറ്റ് ഉപഭോക്താക്കളിൽ നാലിലൊന്ന് വിദ്യാർത്ഥികളാണ്.

കുട്ടികളെയും കൗമാരക്കാരെയുമാണ് ലൈംഗികച്ചുവ നിറഞ്ഞ സാമൂഹ്യ മാധ്യമങ്ങളിലെ ആക്ഷേപഹാസ്യങ്ങളും ഭീഷണികളും ലക്ഷ്യമിടുന്നത് . ഇതുവഴി അവർ ലൈംഗിക ചൂഷണങ്ങൾക്കു പോലും വിധേയരാകുന്നുവെന്ന്‍ റിപ്പോര്‍ട്ടുണ്ട്. ഇന്റർനെറ്റ് അവബോധം,സുരക്ഷ മാർഗ്ഗങ്ങൾ ഇൻറർനെറ്റ് ഉപഭോക്താക്കളുടെ ഉത്തരവാദിത്വം തുടങ്ങിയവയെക്കുറിച്ച് ചർച്ചകളും പരിശീലന കളരികളും സമ്മേളനത്തില്‍ സംഘടിപ്പിക്കും.


Related Articles »