News - 2025

യുക്രൈന്‍ ജനതയുടെ ആത്മീയ പിതാവ് കര്‍ദ്ദിനാള്‍ ലുബോമിര്‍ ഹുസാര്‍ അന്ത്യനിദ്രപ്രാപിച്ചു

സ്വന്തം ലേഖകന്‍ 02-06-2017 - Friday

കീവ്: യുക്രൈന്‍ ജനതയുടെ ആത്മീയപിതാവ് കര്‍ദ്ദിനാള്‍ ലുബോമിര്‍ ഹുസാര്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. 84 വയസ്സായിരുന്നു. ജൂണ്‍ 5-ന് കീവില്‍ വെച്ചായിരിക്കും മൃതസംസ്കാരം. കര്‍ദ്ദിനാളിന്റെ ഭൗതീകശരീരം അദ്ദേഹത്തിന്റെ ജന്മദേശമായ ലിവിവിലേക്ക് കൊണ്ട് വന്നിട്ടുണ്ട്. ഏതാണ്ട് അഞ്ചോളം ഭാഷകളില്‍ പ്രാവീണ്യം നേടി യുക്രൈന്‍ ജനതയുടെ ആത്മീയ അഭിവൃദ്ധിക്ക് വേണ്ടി ഏറെ പൊരുതിയ വ്യക്തിയായിരിന്നു അന്തരിച്ച കര്‍ദിനാള്‍ ലുബോമിര്‍. കര്‍ദ്ദിനാള്‍ ലുബോമിര്‍ ഹുസാറിന്റെ മരണം ഒരു നിമിഷം തങ്ങളെ അനാഥരാക്കി എന്നു ഷെവ്ചൂക്ക്‌ മെത്രാപ്പോലീത്ത പറഞ്ഞു.

1933-ല്‍ ഫെബ്രുവരി 26-നായിരുന്നു കര്‍ദ്ദിനാള്‍ ലുബോമിറിന്റെ ജനനം. സോവിയറ്റ്‌ സൈന്യത്തിന്റെ ആക്രമണ ഭീഷണിയെ തുടര്‍ന്ന് 1944-ല്‍ അദ്ദേഹം തന്റെ മാതാപിതാക്കള്‍ക്കൊപ്പം ഉക്രൈനില്‍ നിന്നും പലായനം ചെയ്തു. ഓസ്ട്രിയക്ക് സമീപമുള്ള സാല്‍സ്ബര്‍ഗിലെ ഉക്രൈന്‍ അഭയാര്‍ത്ഥി ക്യാമ്പിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ആദ്യകാലങ്ങള്‍. 1949-ല്‍ അദ്ദേഹം തന്റെ മാതാപിതാക്കള്‍ക്കൊപ്പം അമേരിക്കയിലേക്ക് കുടിയേറി. 1950-54 കാലയളവില്‍ അദ്ദേഹം സ്റ്റാംഫോര്‍ഡിലെ സെന്റ്‌ ബേസില്‍ സെമിനാരിയില്‍ വിദ്യാര്‍ത്ഥിയായിരുന്നു. 1958-ലാണ് ലുബോമിറിന് പൗരോഹിത്യ പട്ടം ലഭിച്ചത്.

തുടര്‍ന്നുള്ള 11 വര്‍ഷക്കാലം ഒരു സെമിനാരി അദ്ധ്യാപകനായും, ഇടവക തലത്തിലും സേവനം ചെയ്തതിനുശേഷം റോമിലെത്തിയ കര്‍ദ്ദിനാള്‍ സൈദ്ധാന്തിക ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ്‌ എടുത്തു. 1972-ല്‍ അദ്ദേഹം ഉക്രൈനിയന്‍ സ്റ്റുഡൈറ്റ് മൊണാസ്റ്റിക് കമ്മ്യൂണിറ്റിയില്‍ ചേര്‍ന്നു. 1977-ല്‍ ഉക്രൈനില്‍ കത്തോലിക്കാ സഭ നിയമവിരുദ്ധമായിരുന്ന കാലത്താണ് ഫാദര്‍ ലുബോമിര്‍ ഒരു മെത്രാനായി ഉയര്‍ത്തപ്പെടുന്നത്. 1991-ല്‍ സോവിയറ്റ്‌ യൂണിയന്റെ തകര്‍ച്ചയെ തുടര്‍ന്ന് അദ്ദേഹം തന്റെ സ്വന്തം രാജ്യത്ത്‌ മടങ്ങിയെത്തുകയും ലിവിവിലെ ഹോളി സ്പിരിറ്റ്‌ സെമിനാരിയിലെ ആത്മീയ നിയന്താവായി സേവനമനുഷ്ടിക്കുകയും ചെയ്തു.

1996 വരെ കീവ്-വിഷ്ഹോറോദിലെ എക്സാര്‍ക്ക്‌ ആയിരുന്നു ബിഷപ്പ് ലുബോമിര്‍. അധികം താമസിയാതെ അദ്ദേഹം സഹായമെത്രാനായി ഉയര്‍ത്തപ്പെട്ടു. പ്രധാന മെത്രാപ്പോലീത്തയായിരുന്ന കര്‍ദ്ദിനാള്‍ മിറോസ്ലാവ് ലുബാച്ചിവ്സ്കിയുടെ നിര്യാണത്തെ തുടര്‍ന്ന് 2001-ലാണ് അദ്ദേഹം ഉക്രൈനിലെ കത്തോലിക്കാ സഭയുടെ തലവനായി തീര്‍ന്നത്. ഒരു മാസത്തിനു ശേഷം വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ അദ്ദേഹത്തെ കര്‍ദ്ദിനാളാക്കി ഉയര്‍ത്തുകയായിരിന്നു.

റഷ്യന്‍ ഓര്‍ത്തഡോക്സ്‌ സഭയുടെ ശക്തമായ എതിര്‍പ്പുണ്ടായിരുന്നിട്ട് പോലും ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ യുക്രൈന്‍ കത്തോലിക്കാ സഭ വലിയ രീതിയിലുള്ള അഭിവൃദ്ധിയാണ് കൈവരിച്ചിട്ടുണ്ട്. കര്‍ദ്ദിനാള്‍ ലുബോമിറിന്റെ നിര്യാണത്തോടെ സഭയിലെ കര്‍ദ്ദിനാള്‍മാരുടെ എണ്ണം 221 ആയി ചുരുങ്ങി.


Related Articles »