News - 2025
ബജ്റംഗ്ദള്ളിന്റെ സമ്മര്‍ദ്ധം: മലയാളി കന്യാസ്ത്രീക്ക് നേരെ വീണ്ടും പോലീസ് കേസ്
സ്വന്തം ലേഖകന്‍ 17-06-2017 - Saturday
ഭോപ്പാല്‍: മദ്ധ്യപ്രദേശിൽ മതപരിവർത്തനം ആരോപിച്ച് റെയിൽവേ പോലീസ് പന്ത്രണ്ട് മണിക്കൂറോളം തടഞ്ഞു വെച്ച മലയാളി കന്യാസ്ത്രീ സിസ്റ്റര്‍ ബീന ജോസഫിനെതിരെ വീണ്ടും പോലീസ് അതിക്രമം. നിർബന്ധ മതപരിവർത്തനം നടത്തിയെന്ന പരാതി തെറ്റാണെന്ന് തെളിഞ്ഞതിനു പിന്നാലെ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കുറ്റം ചുമത്തിയാണ് സത്ന റെയിൽവേ പോലീസ് വീണ്ടും കേസെടുത്തിരിക്കുന്നത്.
യുവതികളെ നിർബന്ധിത മതപരിവർത്തനത്തിനു കൊണ്ടുപോകുകയാണെന്ന തീവ്ര ഹൈന്ദവ സംഘടനായ ബജരംഗ്ദൾ പ്രവർത്തകരുടെ പരാതിയിലായിരുന്നു ആദ്യം പോലീസ് നടപടിയെടുത്തത്. ജാർഖണ്ഡിൽനിന്നു ഭോപ്പാലിലേക്കു സത്ന എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. പോലീസ് നടപടിയില്‍ തെറ്റ് കണ്ടെത്തിയ സബ് ജുഡീഷൽ മജിസ്ട്രേറ്റ് സിസ്റ്റർ ബീന ജോസഫിനെ മോചിപ്പിച്ചിരിന്നു. ഇതിന് പിന്നാലെയാണ് പുതിയ ആരോപണം. ബജരംഗ്ദൾ പ്രവർത്തകരുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നു കന്യാസ്ത്രീക്കെതിരേ പുതിയ കേസെടുത്തതെന്നാണു റിപ്പോര്‍ട്ട്.
20 വയസുള്ള പെണ്‍കുട്ടിയുടെ ആധാർ കാർഡിൽ ജനന തീയതി തെറ്റായി രേഖപ്പെടുത്തിയതാണ് തെറ്റിദ്ധാരണയുണ്ടാക്കിയതെന്നും ഇതു പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കിയതിനു പിന്നാലെയാണ് തട്ടിക്കൊണ്ടുപോയെന്ന പേരിൽ പുതിയ കേസെടുത്തത്. പെണ്‍കുട്ടിക്കു പ്രായപൂർത്തിയായില്ലെന്ന ആരോപണവും തെറ്റാണെന്നു സിസ്റ്റർ ബീന ജോസഫ് നേരത്തെ വെളിപ്പെടുത്തിയിരിന്നു.
അതേ സമയം ഭോപ്പാലിൽ നിന്നു ചെന്നൈക്കു കൊണ്ടുപോകുന്നെന്ന പേരിലാണു പെണ്‍കുട്ടിയെ കൊണ്ടുവന്നതെന്നു പെണ്‍കുട്ടിയുടെ പിതാവ് മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണു കേസെടുത്തതെന്നാണു പോലീസിന്റെ വിശദീകരണം. എന്നാൽ, പഠനത്തിനായാണ് ഭോപ്പാലിൽ കൊണ്ടുവന്നതെന്നു പെണ്‍കുട്ടികൾ സബ് ജുഡീഷൽ മജിസ്ട്രേറ്റിനു മുന്‍പാകെ മൊഴി നൽകിയിട്ടുണ്ട്. ഇതിനെ കുറിച്ച് പ്രതികരിക്കാൻ പോലീസ് തയാറായില്ല.