India - 2025
മാര്ത്തോമ പുരസ്കാരം ഫാ. തോമസ് മണ്ണൂരാപറമ്പിലിന്
സ്വന്തം ലേഖകന് 01-07-2017 - Saturday
ചങ്ങനാശേരി: ക്രിസ്തീയ പൈതൃകത്തിന്റെ പരിപോഷണാർഥം ദൈവശാസ്ത്രം, കല, സാഹിത്യം, സഭാചരിത്രം തുടങ്ങിയ മേഖലകളിൽ സംഭാവനകൾ നൽകിയവരെ ആദരിക്കുന്നതിനായി അല്മായർക്കു വേണ്ടിയുള്ള ഉന്നത ദൈവശാസ്ത്ര പഠന കേന്ദ്രമായ ചങ്ങനാശേരി മാർത്തോമ്മാ വിദ്യാനികേതൻ ഏർപ്പെടുത്തിയ മാർത്തോമ്മാ പുരസ്കാരം റവ.ഡോ.തോമസ് മണ്ണൂരാംപറമ്പിലിന്.
ചങ്ങനാശേരി ആർച്ച്ബിഷപ്സ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിൽ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടമാണ് അവാർഡ് പ്രഖ്യാപിച്ചത്. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണു പുരസ്കാരം.
പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ, റവ.ഡോ.തോമസ് കുഴുപ്പിൽ, പ്രഫ.ജോസഫ് ടിറ്റോ നേര്യംപറന്പിൽ എന്നിവരടങ്ങിയ ജൂറി അംഗങ്ങളാണ് റവ.ഡോ.തോമസ് മണ്ണൂരാംപറമ്പിലിനെ തിരഞ്ഞെടുത്തത്. സീറോമലബാർ സഭയുടെ ആരാധനക്രമ പുനരുദ്ധാരണത്തിന് റവ.തോമസ് മണ്ണൂരാംപറന്പിൽ നൽകിയ നിസ്തുല സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.
ആരാധനക്രമ പണ്ഡിതൻ, ചരിത്രകാരൻ, ഗവേഷകൻ, ഗ്രന്ഥകാരൻ, അധ്യാപകൻ എന്നീ മേഖലകളിൽ വൈദികന് അതുല്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ദുക്റാനതിരുനാൾ ദിനമായ മൂന്നിന് ഉച്ചകഴിഞ്ഞ് 2.30ന് വിദ്യാനികേതൻ ഹാളിൽ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അവാർഡ് സമ്മാനിക്കും.