News - 2025

ഭ്രൂണഹത്യയെ പ്രോത്സാഹിപ്പിക്കുവാന്‍ പുതിയ നീക്കവുമായി ലോകാരോഗ്യ സംഘടന

സ്വന്തം ലേഖകന്‍ 01-07-2017 - Saturday

ജനീവ: ഭ്രൂണഹത്യയെ പ്രോത്സാഹിപ്പിക്കുവാന്‍ ഐക്യരാഷ്ട്രസഭയുമായി ചേര്‍ന്ന് പുതിയ നീക്കവുമായി ലോകാരോഗ്യസംഘടന. ഇതിന്റെ മുന്നോടിയായി ആഗോളതലത്തില്‍ നിലനില്‍ക്കുന്ന ഭ്രൂണഹത്യാ നിയമങ്ങളെക്കുറിച്ചും, നയങ്ങളെക്കുറിച്ചുമുള്ള പുതിയ വിവരശേഖരണത്തിന് ലോകാരോഗ്യസംഘടന (WHO) തുടക്കം കുറിച്ചുയെന്നാണ് പ്രമുഖ പ്രോലൈഫ് മാധ്യമമായ 'ലൈഫ്സൈറ്റ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗര്‍ഭാവസ്ഥയിലുള്ള കുട്ടിയുടെ നിയമപരമായ സംരക്ഷണം ഇല്ലാതാക്കുക എന്നതാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യം.

ഐക്യരാഷ്ട്രസഭാ ഏജന്‍സികളുടേയും, ഉദ്യോഗസ്ഥരുടേയും നിര്‍ദ്ദേശപ്രകാരമുള്ള ഭ്രൂണഹത്യാനിയമങ്ങള്‍ നിലവില്‍ വരുത്തുവാന്‍ ലോകരാഷ്ട്രങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുക എന്ന ലക്ഷ്യത്തോടെ ആണ് ഈ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. അനായാസവും, സുരക്ഷിതവുമായ രീതിയില്‍ അബോര്‍ഷന്‍ സേവനം തേടുന്നതിനുള്ള സൗകര്യം സ്ത്രീകള്‍ക്ക് ഉറപ്പ് വരുത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് പദ്ധതിയെക്കുറിച്ചുള്ള വിവരണത്തില്‍ ലോകാരോഗ്യസംഘടന തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

2012-ല്‍ സുരക്ഷിതമായ അബോര്‍ഷന് വേണ്ടി എന്ന പേരില്‍ പ്രസിദ്ധീകരിച്ച വിവാദപരമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും, നയരേഖകളും ഉപയോഗിച്ചുകൊണ്ടുള്ളതാണ് പുതിയ വസ്തുതാ ശേഖരണമെന്ന കാര്യം സ്പഷ്ടമാണ്. ഐക്യരാഷ്ട്രസഭയുടെ എക്കണോമിക്ക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്സ് (DESA) ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേതന്നെ വിവിധ രാഷ്ട്രങ്ങളിലെ അബോര്‍ഷന്‍ നിയമങ്ങളുടെ ഒരു വലിയ ശേഖരണം തന്നെയുണ്ടായിരിന്നു.

ഇപ്പോള്‍ ലോകാരോഗ്യസംഘടനയുമായി ചേര്‍ന്ന് പുതിയ വിവരശേഖരണത്തിനു ഒരുങ്ങുകയാണ് ഐക്യരാഷ്ട്രസഭ. ഈ വിവരങ്ങള്‍ DESA-യുടേയും, ലോകാരോഗ്യ സംഘടനയുടെയും വെബ്സൈറ്റുകളില്‍ ഇതിനോടകം ലഭ്യമായിട്ടുണ്ട്. ലോകാരോഗ്യസംഘടന പുതുതായി ശേഖരിച്ചിട്ടുള്ള വിവരങ്ങള്‍ srhr.org എന്ന വെബ്സൈറ്റിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അബോര്‍ഷന്‍ നിയമങ്ങള്‍ക്ക് പുറമേ അബോര്‍ഷനെക്കുറിച്ചുള്ള യു.എന്‍. ട്രീറ്റി മോണിട്ടറിംഗ് വിഭാഗങ്ങളുടെ നിര്‍ദ്ദേശങ്ങളും ഈ വിവരശേഖരത്തില്‍ ഉണ്ടായിരിക്കും.

ലോകരാജ്യങ്ങളെ തങ്ങളുടെ അബോര്‍ഷന്‍ നിയമങ്ങള്‍ മാറ്റുവാന്‍ സമ്മര്‍ദ്ദം ചെലുത്തുക മാത്രമല്ല, യുഎന്നിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ഭ്രൂണഹത്യ നിയമപരമാക്കുക എന്ന ലക്ഷ്യവും നീക്കത്തിന്റെ പിന്നിലുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

അബോര്‍ഷന്‍ നിയമപരമാക്കുവാന്‍ ലോകരാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള നിരവധി വിവാദ പ്രസിദ്ധീകരണങ്ങള്‍ ലോകാരോഗ്യസംഘടന ഇതിനു മുന്‍പും പ്രസിദ്ധീകരിച്ചിരിന്നു. അവയെല്ലാം ശക്തമായ എതിര്‍പ്പുകള്‍ക്ക് കാരണമായെങ്കിലും തങ്ങളുടെ നിലപാടില്‍ ഉറച്ചു പുതിയ നയങ്ങള്‍ രൂപീകരിക്കുകയാണ് സംഘടന.

More Archives >>

Page 1 of 194