News - 2025
കണ്ണൂർ ബിഷപ്പ് ഒന്നാം പ്രമാണം ലംഘിച്ചു: ബിഷപ്പ് ഹൗസിൽ നിസ്കാര പായ വിരിച്ചു ബാങ്ക് വിളി
സ്വന്തം ലേഖകന്‍ 30-06-2017 - Friday
മതസൗഹാർദത്തിന്റെ പേരിൽ ചില മെത്രാന്മാരും വൈദികരും ഒന്നാം പ്രമാണം ലംഘിക്കുന്ന കാഴ്ച സഭയിൽ`കണ്ടു വരുന്നുണ്ട്. സത്യദൈവത്തെ ആരാധിക്കാത്ത മതങ്ങളുടെ ദൈവികസങ്കല്പങ്ങളെയും വിഗ്രഹങ്ങളെയും വണങ്ങുന്ന വൈദികരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയായിലൂടെ പ്രചരിക്കാറുണ്ട്. എന്നാൽ കണ്ണൂർ ബിഷപ്പ് ഒരു പടികൂടി കടന്ന് ബിഷപ്പ് ഹൗസിൽ നിസ്കാര പായ വിരിച്ചു ബാങ്ക് വിളി നടത്തുകയും, നിസ്കരിക്കുകയും ചെയ്യുന്ന കാഴ്ച മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുകയും സോഷ്യൽമീഡിയായിലൂടെ പ്രചരിക്കുകയും ചെയ്യുന്നു. ഇത് "നിന്റെ ദൈവമായ കർത്താവ് ഞാനാകുന്നു; ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്" എന്ന ഒന്നാം പ്രമാണത്തിന്റെ പരസ്യമായ ലംഘനമാണ്. ഇതിനെതിരെ സഭാനേതൃത്വം ശക്തമായ നടപടി സ്വീകരിക്കേണ്ടിയിരിക്കുന്നു.
സഭയുടെ അധികാരികൾ തന്നെ ഇപ്രകാരം ഒന്നാം പ്രമാണം ലംഘിക്കുമ്പോൾ, വിശ്വാസികള്‍ക്ക് ഇത്തരം മാരക പാപങ്ങൾ വളരെ ലഘുവായി തോന്നാം. ചിലരൊക്കെ ഇത്തരം പ്രവർത്തികളെ അനുകരിക്കാൻ ശ്രമിച്ചേക്കാം. ഇത്തരം കാര്യങ്ങളില്‍ വിശ്വാസികള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. വായനക്കാരുടെ പ്രതികരണങ്ങളെ ഭയന്നും വായനക്കാര്‍ നഷ്ടപ്പെട്ടുപോകുമോ എന്ന ആശങ്ക കൊണ്ടും ക്രൈസ്തവ മാധ്യമങ്ങള്‍ പോലും ഇത്തരം വാര്‍ത്തകള്‍ക്കു നേരെ കണ്ണടക്കുകയാണ് ചെയ്യുന്നത്.
"നിങ്ങളുടെ ചുറ്റുമുള്ള ജനതകള്‍ സേവിക്കുന്ന അന്യദേവന്മാരെ നിങ്ങള്‍ സേവിക്കരുത്; സേവിച്ചാല്‍ അവിടുത്തെ കോപം നിങ്ങള്‍ക്കെതിരായി ജ്വലിക്കുകയും നിങ്ങളെ ഭൂമുഖത്ത് നിന്നു നശിപ്പിച്ചു കളയുകയും ചെയ്യും" (നിയമാ 6:14-15) എന്നു ദൈവമായ കര്‍ത്താവ് ശക്തമായി താക്കീതു നല്‍കുന്നു. മാമ്മോദീസാ എന്ന കൂദാശയിലൂടെ ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചവർ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികള്‍ മാരകമായ പാപമാണെന്ന് വിശ്വാസികള്‍ തിരിച്ചറിയണം.
ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിനു ശേഷം അപ്പസ്തോലന്മാർ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും പോയി ക്രിസ്തുവിനെ പ്രഘോഷിച്ചു. അവർ എത്തിച്ചേർന്ന സ്ഥലങ്ങളിലെല്ലാം ജനങ്ങൾ ദൈവമല്ലാത്ത വെറും 'ദൈവിക സങ്കൽപങ്ങളെയും', വിഗ്രഹങ്ങളെയും മൃഗങ്ങളെയും ആരാധിച്ചിരുന്നു. അപ്പസ്തോലന്മാർ അവരോടൊപ്പം ചേർന്ന് അവരുടെ ദൈവിക സങ്കൽപങ്ങളെ ആരാധിക്കുകയല്ല ചെയ്തത്. പിന്നെയോ, അവർ ആരാധിക്കുന്നത് സത്യദൈവത്തെ അല്ലന്നും, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി യേശുനാമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്ന് അവരോടു വിളിച്ചു പറഞ്ഞു. ഇപ്രകാരം സത്യം വിളിച്ചു പറഞ്ഞതിന്റെ പേരിൽ അപ്പസ്തോലൻമാരിൽ പലരും മൃഗീയമായി കൊലചെയ്യപ്പെട്ടു. ഇപ്രകാരം കൊലചെയ്യപ്പെട്ടപ്പോഴും അവർ വിളിച്ചു പറഞ്ഞു: "യേശു ഏകരക്ഷകൻ".
അപ്പസ്തോലൻമാരുടെ പിൻഗാമിയായ ഒരു ബിഷപ്പ് ഇപ്രകാരം ചെയ്യുന്നത് മാരകമായ പാപമാണ്. നാം മറ്റു മതങ്ങളിലുള്ള നമ്മുടെ സഹോദരങ്ങളെ ബഹുമാനിക്കുകയും അവരെ സ്നേഹിക്കുകയും വേണം. പക്ഷെ അവരോടുള്ള സ്നേഹവും സൗഹൃദവും പങ്കു വയ്ക്കേണ്ടത് അവർ ആരാധിക്കുന്ന തെറ്റായ ദൈവിക സങ്കൽപങ്ങളെ ആരാധിച്ചുകൊണ്ടല്ല. 'മതസ്വാതന്ത്ര്യത്തിനുള്ള അവകാശം തെറ്റിനെ പുല്‍കാനുള്ള ധാര്‍മ്മികാനുവാദമോ തെറ്റു ചെയ്യാനുള്ള അവകാശമോ അല്ല. ഒന്നാം പ്രമാണം ബഹുദേവതാ സങ്കല്‍പ്പത്തെ ശപിച്ചു തള്ളുന്നു. മനുഷ്യന്‍ ഏകദൈവത്തെയല്ലാതെ, മറ്റു ദൈവങ്ങളില്‍ വിശ്വസിക്കുകയോ മറ്റു ദേവന്മാരെ ആരാധിക്കുകയോ ചെയ്യരുത് എന്ന്‍ അത് ആവശ്യപ്പെടുന്നു' (Catechism of the Catholic Church 2108, 2112).
കണ്ണൂർ ബിഷപ്പ് ഹൗസിൽ നിസ്കാര പായ വിരിച്ചു ബാങ്ക് വിളി നടത്തുകയും, ഇഫ്താർ വിരുന്നു സംഘടിപ്പിക്കുകയും, നിസ്കാരത്തിൽ ബിഷപ്പ് പങ്കെടുക്കുകയും ചെയ്യുന്ന വീഡിയോ കാണാം.