News - 2025

'സുഡാനായി മാർപാപ്പ' പദ്ധതിക്കു നന്ദിയറിയിച്ച് സഭാനേതൃത്വം

സ്വന്തം ലേഖകന്‍ 01-07-2017 - Saturday

ഖാർടോം: ആഭ്യന്തര യുദ്ധകെടുതിയിൽ ഉഴലുന്ന സുഡാനു നൽകിയ ഫ്രാൻസിസ് പാപ്പയുടെ സാമ്പത്തിക സഹായത്തിന് നന്ദിയര്‍പ്പിച്ച് സുഡാൻ മെത്രാൻ സമിതി. ദേശീയ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷനും തോബുര-യാബയോ മെത്രാനുമായ മോൺ.എഡ്വാർഡ് ഹിബോറോ കുസ്സാലയാണ് സഹായത്തിന് നന്ദി രേഖപ്പെടുത്തി മാര്‍പാപ്പക്കു കത്തയച്ചത്.

രാജ്യത്ത് സമാധാനത്തിനും പുരോഗതിയ്ക്കുമായി യത്നിക്കുന്ന മത സംഘടനകളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനവും ഊർജ്ജവുമാണ് 'സുഡാനായി മാർപാപ്പ' പദ്ധതിയെന്ന്‍ ബിഷപ്പ് സ്മരിച്ചു.

ഇക്കഴിഞ്ഞ ജൂൺ 21നാണ് വിദ്യാഭ്യാസം, ആരോഗ്യം, കൃഷി എന്നീ മേഖലകളിൽ 'സുഡാനായി മാർപാപ്പ' എന്ന പേരില്‍ മാര്‍പാപ്പ സഹായം ലഭ്യമാക്കുന്ന കാര്യം വത്തിക്കാന്‍ മാധ്യമങ്ങളെ അറിയിച്ചത്. സാമ്പത്തിക സഹായം അഭയാർത്ഥി ക്യാമ്പുകളിൽ ഭക്ഷണമെത്തിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്ന പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുമെന്നും ബിഷപ്പ് എഡ്വാർഡ് കൂട്ടിച്ചേർത്തു.

സ്വാതന്ത്യലബ്ധി മുതൽ സുഡാനിലെ സ്ഥിതിഗതികൾ വെല്ലുവിളികളുയർത്തുന്നതാണ്. ജീവിതത്തിന്റെ വിശുദ്ധിയെയും മനുഷ്യമഹത്വത്തെയും കുറിച്ച് സമൂഹത്തിൽ അവബോധം സഭ സൃഷ്ടിക്കുന്നുണ്ട്. യുദ്ധം, ദാരിദ്രം, ക്ഷാമം, രാഷ്ട്രീയ അരാജകത്വം, അനീതി തുടങ്ങിയവ മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാൻ സുഡാൻ മെത്രാൻ സമിതി നിലകൊള്ളുമെന്ന് ബിഷപ്പ് രേഖപ്പെടുത്തി.

അഞ്ചു ലക്ഷം യു.എസ് ഡോളറാണ് മാർപാപ്പയുടെ സാമ്പത്തിക സഹായമായി സുഡാനു ലഭിച്ചത്. രാജ്യത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകളും ഫ്രാൻസിസ് പാപ്പയ്ക്ക് അയച്ച കത്തിൽ ബിഷപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

More Archives >>

Page 1 of 194