News - 2025
എറിട്രിയയില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള പീഡനം വര്‍ദ്ധിക്കുന്നു
സ്വന്തം ലേഖകന്‍ 30-06-2017 - Friday
അസ്മാറ: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എറിട്രിയയില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള അടിച്ചമര്‍ത്തല്‍ കൂടുതല്‍ ശക്തമാകുന്നു. ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളുടെ ഭാഗമായി ഇതിനോടകം തന്നെ ഏറ്റവും ചുരുങ്ങിയത് 160-ഓളം ക്രിസ്ത്യാനികള്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വിവിധ മനുഷ്യാവകാശ സംഘടനകള്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
അതേ സമയം മതപീഡനത്തിനെതിരെ നിലകൊള്ളുന്ന അന്തരാഷ്ട്ര സംഘടനയായ ക്രിസ്റ്റ്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡിന്റെ റിപ്പോര്‍ട്ടനുസരിച്ച് വിവിധ പട്ടണങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഏതാണ്ട് 170-ഓളം ക്രിസ്ത്യാനികള്‍ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ മാസത്തില്‍ ഒരു വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്തുകൊണ്ടിരുന്ന നൂറോളം ക്രിസ്ത്യാനികളെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
ബൈബിള്‍ പോലെയുള്ള മതപരമായ വസ്തുക്കള്‍ പിടിച്ചെടുക്കുകയും, ദിവ്യകര്‍മ്മങ്ങള്‍ തടസ്സപ്പെടുത്തുകയുമായിരുന്നു നേരത്തെ സര്‍ക്കാര്‍ അധികൃതര്‍ നടത്തി കൊണ്ടിരിന്നത്. നിലവില്‍ ക്രിസ്ത്യാനികളെ അവരുടെ വീടുകളില്‍ വെച്ച് തന്നെ അറസ്റ്റ് ചെയ്യുവാന്‍ തുടങ്ങിയിരിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.
അതേ സമയം എറിട്രിയയിലെ അദി ക്വാലാ ജയിലില്‍ 2 മാസം പ്രായമുള്ള കുട്ടി ഉള്‍പ്പെടെ ഏതാണ്ട് 12-ഓളം കുട്ടികള്‍ തങ്ങളുടെ മാതാപിതാക്കള്‍ക്കൊപ്പം തടവില്‍ കഴിയുന്നുണ്ടെന്നാണ് റിലീസ് ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. 50-ഓളം കുട്ടികളെ അവരുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തശേഷം തനിയെ വിട്ടിരിക്കുകയാണ്. അവര്‍ക്ക് ഏതെങ്കിലും ക്രിസ്തീയ സമുദായത്തില്‍ നിന്നും സഹായം ലഭിക്കുന്നുണ്ടോ എന്ന് നിരീക്ഷിച്ച് വരികയും ചെയ്യുന്നുണ്ട്.
എറിട്രിയായിലെ അതോറിട്ടേറിയന്‍ സര്‍ക്കാരിന്റെ അംഗീകാരമില്ലാത്ത മതവിഭാഗങ്ങള്‍ക്ക് നേരെ 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ സര്‍ക്കാര്‍ അടിച്ചമര്‍ത്തല്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി നിരവധി ദേവാലയങ്ങള്‍ തകര്‍ക്കുകയും, മതാചാരങ്ങള്‍ നിരോധിക്കുകയുണ്ടായി. ‘ഓപ്പണ്‍ ഡോര്‍സ്’ തയ്യാറാക്കിയ പട്ടികയില്‍ ലോകത്ത് ഏറ്റവും അധികം മതപീഡനം നടക്കുന്ന രാജ്യങ്ങളില്‍ പത്താം സ്ഥാനത്താണ് എറിട്രിയയുടെ സ്ഥാനം.