News - 2025
ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പില്‍ ഉള്‍പ്പെടെ 36 മെത്രാപ്പോലീത്തമാര്‍ പാലിയം സ്വീകരിച്ചു
സ്വന്തം ലേഖകന്‍ 30-06-2017 - Friday
വത്തിക്കാന്‍ സിറ്റി: വരാപ്പുഴ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പില്‍ അടക്കം സഭയിലെ 36 നവമെത്രാപ്പോലീത്തമാര്‍ ഫ്രാന്‍സിസ് പാപ്പയില്‍ നിന്നും സ്ഥാനികചിഹ്നമായ പാലിയം ഉത്തരീയം സ്വീകരിച്ചു. വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാള്‍ ദിനമായ ഇന്നലെ രാവിലെ 9.30നു വത്തിക്കാന്‍ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ വെച്ചാണ് ചടങ്ങുകള്‍ നടന്നത്. ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പില്‍ കൂടാതെ ഏഷ്യന്‍ രാജ്യക്കാരായ മറ്റ് അഞ്ച് മെത്രാപ്പോലീത്തമാരും പാലിയം സ്വീകരിച്ചവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.
ഫ്രാന്‍സിസ് പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയുടെ ആദ്യഭാഗത്തായിരുന്നു ശുശ്രൂഷ. ആമുഖപ്രാര്‍ത്ഥനക്കു ശേഷം കര്‍ദ്ദിനാള്‍ പ്രോട്ടോ ഡീക്കന്‍ ഷോണ്‍ ലൂയി ട്യുറാന്‍ നവമെത്രാപ്പോലീത്തമാരുടെ പേരുവിളിച്ച് പാലിയം ഉത്തരീയം സ്വീകരിക്കേണ്ട നവമെത്രാപ്പോലീത്തമാരുടെ സാന്നിദ്ധ്യം അറിയിച്ചു. തുടര്‍ന്നു ആഗോള സഭാകൂട്ടായ്മയിലുള്ള ഈ മെത്രാപ്പോലീത്തമാരുടെ ഭാഗഭാഗിത്വത്തിന്‍റെയും, പത്രോസിന്‍റെ പരമാധികാരത്തിലുള്ള അവരുടെ പങ്കാളിത്തത്തിന്‍റെയും അടയാളമായി പാലിയം ആശീര്‍വ്വദിച്ചു നല്കണമെന്ന് പാപ്പായോട് കര്‍ദ്ദിനാള്‍ ട്യുറാന്‍ അഭ്യര്‍ത്ഥിച്ചു.
ഇതിന് പിന്നാലേ മെത്രാപ്പോലീത്തമാര്‍ കൂട്ടമായി അവരുടെ വിധേയത്വം പാപ്പായുടെ മുന്നില്‍ ഏറ്റുചൊല്ലി. തുടര്‍ന്നു പാപ്പ പാലിയം ആശീര്‍വദിച്ചു. പിന്നീട് ദിവ്യബലിയുടെ സമാപനാശീര്‍വ്വാദത്തിനുശേഷം പാപ്പാ ഫ്രാന്‍സിസ് നവമെത്രാപ്പോലീത്തമാരെ വ്യക്തിപരമായി അഭിവാദ്യം ചെയ്തു ഓരോരുത്തര്‍ക്കും ആശീര്‍വ്വദിച്ച പാലിയങ്ങള്‍ നല്‍കുകയായിരിന്നു. നല്ലിടയനായ ക്രിസ്തുവിനോട് ഐക്യപ്പെടേണ്ട മെത്രാപ്പോലീത്തായുടെ ഇടയദൗത്യമാണ് പാലിയം ഉത്തരീയത്തിലൂടെ സൂചിപ്പിക്കുന്നത്.