News - 2025
ഇറാനില്‍ വിശ്വാസത്തിന്റെ പേരില്‍ തടവിലടക്കപ്പെടുന്ന ക്രിസ്ത്യാനികളുടെ എണ്ണം വര്‍ദ്ധിക്കുന്നു
സ്വന്തം ലേഖകന്‍ 06-07-2017 - Thursday
ടെഹ്റാന്‍: മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇറാനില്‍ മതപരമായ കുറ്റങ്ങള്‍ ആരോപിച്ച് നീണ്ടകാലത്തേക്ക് തടവിലടക്കപ്പെടുന്ന ക്രിസ്ത്യാനികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ മൂന്ന്‍ മാസങ്ങള്‍ക്കുള്ളില്‍ അഹമദ്സാദേ എന്ന ജഡ്ജി മാത്രം 16-ഓളം ക്രിസ്ത്യാനികളെ 5 മുതല്‍ 10 വര്‍ഷങ്ങള്‍ വരെ തടവ് ശിക്ഷക്ക് വിധിച്ചിട്ടുണ്ടെന്നാണ് ക്രിസ്റ്റ്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നത്. ഇതിനിടെ മിഷണറി പ്രവര്‍ത്തനവും, രാഷ്ട്രസുരക്ഷക്ക് ഭീഷണിയാവുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തുവെന്ന കുറ്റങ്ങള്‍ ചുമത്തി ക്രിസ്റ്റ്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡിനാല് ക്രിസ്ത്യാനികളെ അന്യായമായി 10 വര്‍ഷത്തേക്ക് തടവ് ശിക്ഷക്ക് വിധിച്ചു.
ഇറാന്‍ സ്വദേശിയായ നാസര്‍ നവാര്‍ഡ് ഗോള്‍ടാപെ, അസര്‍ബൈജാന്‍ സ്വദേശികളായ യൂസിഫ് ഫര്‍ഹാദോവ്, എല്‍ഡാര്‍ ഗുര്‍ബാനോവ്, ബഹ്റാം നാസിബോവ് എന്നീ ക്രൈസ്തവ വിശ്വാസികള്‍ക്കാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. യാതൊരുവിധത്തിലും നീതീകരിക്കുവാന്‍ കഴിയാത്ത വിധിയാണ് ഇവരുടെ കാര്യത്തില്‍ ഉണ്ടായതെന്ന് ക്രിസ്റ്റ്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡിന്റെ ചീഫ് എക്സിക്യുട്ടീവായ മെര്‍വിന്‍ തോമസ് പറഞ്ഞു. ഇവര്‍ക്കെതിരെ യാതൊരുവിധ തെളിവുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മതവിശ്വാസത്തിന്റെ പേരില്‍ ആരേയും ശിക്ഷിക്കുവാനോ തടവിലാക്കുവാനോ പാടില്ല എന്ന് പ്രസ്താവിക്കുന്ന ഭരണഘടനയാണ് ഇറാനിലെ ഭരണഘടന. എന്നാല്‍ വിശ്വാസത്തിന്റെ പേരില്‍ അനേകം ക്രിസ്ത്യാനികളാണ് ഇറാനിലെ വിവിധ ജയിലുകളില്‍ കഴിയുന്നത്. തങ്ങളുടെ വീടുകളില്‍ ആരാധന നടത്തി എന്ന കുറ്റത്തിന് നിരവധി ക്രിസ്ത്യാനികള്‍ ഇപ്പോഴും വിചാരണ നേരിടുന്നുണ്ടെന്ന് 'പ്രീമിയര്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.
നീതിക്ക് നിരക്കാത്ത ഇത്തരത്തിലുള്ള വിധിന്യായങ്ങള്‍ മുസ്ലീം ഭൂരിപക്ഷരാജ്യമായ ഇറാനിലെ ക്രിസ്ത്യാനികള്‍ക്കിടയില്‍ ആശങ്കയുളവാക്കിയിട്ടുണ്ടെന്ന് മനുഷ്യാവകാശ സംഘടനയായ ആര്‍ട്ടിക്കിള്‍ 18-ന്റെ അഡ്വോക്കസി ഡയറക്ടറായ മാന്‍സോര്‍ ബോര്‍ജി പറഞ്ഞു. ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള മനുഷ്യാവകാശ ധ്വംസനങ്ങള്‍ ഏറിവരുന്ന സാഹചര്യത്തില്‍ രാജ്യത്തു പൂര്‍ണ്ണ മതസ്വാതന്ത്ര്യം നല്‍കണമെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ ശക്തമായ സമ്മര്‍ദ്ദം ഇറാന്റെ മേലുണ്ട്.