News - 2025
ജി20 ഉച്ചകോടിയ്ക്കു ആശംസകള്‍ നേര്‍ന്ന് മാര്‍പാപ്പ
സ്വന്തം ലേഖകന്‍ 08-07-2017 - Saturday
ഹാംബര്‍ഗ്: ജര്‍മനിയിലെ ഹാംബര്‍ഗില്‍ ഇന്നലെ ആരംഭിച്ച ജി 20 ഉച്ചകോടിക്ക് ആശംസകള്‍ നേര്‍ന്ന് ഫ്രാന്‍സിസ് പാപ്പ. 2009-ല്‍ തന്‍റെ മുന്‍ഗാമിയായ ബെനഡിക്ട് പതിനാറാമന്‍ പാപ്പാ തുടങ്ങിവച്ച പാരമ്പര്യം താന്‍ തുടരുന്നുവെന്നു പറഞ്ഞു കൊണ്ട് ആരംഭിക്കുന്ന സന്ദേശം ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചലാ മെര്‍ക്കലിനെ അഭിസംബോധന ചെയ്തു കൊണ്ടുള്ളതാണ്.
ഇന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സംഘട്ടനങ്ങള്‍, കുടിയേറ്റം എന്നീ ആഗോള പ്രശ്നങ്ങളെ ഉച്ചകോടിയില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയില്ലായെന്ന് ഫ്രാന്‍സിസ് പാപ്പാ സന്ദേശത്തില്‍ സൂചിപ്പിച്ചു. ഐക്യം സംഘട്ടനത്തെ അതിജീവിക്കുന്നുവെന്നും, ആശയങ്ങളെക്കാള്‍ യാഥാര്‍ഥ്യങ്ങള്‍ കൂടുതല്‍ പ്രധാനമാണെന്നും ഇത് ഹാംബെര്‍ഗ് സമ്മേളനത്തിലെ വിചിന്തനങ്ങള്‍ക്കു സഹായമാകുമെന്നു താന്‍ വിശ്വസിക്കുന്നുവെന്നും മാര്‍പാപ്പ കുറിച്ചു.
അന്താരാഷ്ട്രസമൂഹത്തിന്‍റെ സമ്മേളനത്തില്‍ സകല ജനതകളെയും വ്യക്തികളെയും ഉള്‍ക്കൊള്ളുന്നതിനും സുസ്ഥിര വികസനത്തിനു രൂപം കൊടുക്കുന്നതിനും പരിസ്ഥിതിയോടുള്ള ആദരവ് നിലനിര്‍ത്തുന്നതിനും ദൈവാനുഗ്രഹം നേരുന്നു എന്ന പ്രാര്‍ത്ഥാനാശംസയോടെയാണ് പാപ്പാ തന്‍റെ സന്ദേശം ഉപസംഹരിക്കുന്നത്.
![](/images/close.png)