News - 2025
ജീവിതത്തില്‍ ഇരുളടഞ്ഞ മേഖല ഉണ്ടെങ്കില്‍ യേശുവിനെ അന്വേഷിക്കുക: ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 11-07-2017 - Tuesday
വത്തിക്കാന്‍ സിറ്റി: ജീവിതത്തില്‍ ഇരുളടഞ്ഞ മേഖല ഉണ്ടെങ്കില്‍ യേശുവിനെ അന്വേഷിക്കണമെന്നും അവിടുത്തെ സന്നിധിയില്‍ നമ്മുടെ പ്രശ്നങ്ങള്‍ വിവരിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ. വത്തിക്കാന്‍ ചത്വരത്തില്‍ തടിച്ച് കൂടിയ ആയിരങ്ങള്‍ക്ക് ഞായറാഴ്ച ദിന സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. യേശു നമ്മെ എപ്പോഴുംകാത്തിരിക്കുന്നുണ്ടെന്നും നമ്മുടെ ഭാരങ്ങളെ ജീവിതത്തില്‍ നിന്നും ഉയര്‍ത്തിയെടുക്കുകയല്ല, നമ്മുടെ ഹൃദയത്തിലെ ഉത്ക്കണ്ഠകളെ മാറ്റാന്‍ അവിടുന്ന് ആഗ്രഹിക്കുന്നുവെന്നും പാപ്പ തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.
ഒരുപാടു മിഥ്യയായ കാര്യങ്ങള്‍ നമുക്കു മുമ്പിലുണ്ട്. അവ നമുക്കു താല്‍ക്കാലികമായ ഉന്മേഷം തരും. ജീവിതഭാരങ്ങളുടെ മുമ്പില്‍ അല്ലെങ്കില്‍ നിരാശാജനകമായ സാഹചര്യത്തില്‍ നമ്മെ ശ്രവിക്കുന്ന ആരോടെങ്കിലും ഒരു കൂട്ടുകാരനോടോ അല്ലെങ്കില്‍ ഒരു കൗണ്‍സിലറോടോ നമുക്കു സംസാരിക്കാന്‍ തോന്നും. ഇത് നല്ലതാണ്. പക്ഷേ യേശുവിനെ മറക്കാതിരിക്കുക. നമ്മെത്തന്നെ യേശുവിന്‍റെ മുമ്പില്‍ തുറക്കുന്നതിനും നമ്മുടെ ജീവിതം വിവരിക്കുന്നതിനും വ്യക്തികളെയും സാഹചര്യങ്ങളെയും അവിടുത്തേയ്ക്കു സമര്‍പ്പിക്കുന്നതിനും നമുക്കു മറക്കാതിരിക്കാം. ഒരുപക്ഷേ, യേശുവിന്‍റെ മുമ്പില്‍ തുറക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ചില മേഖലകള്‍ നമ്മുടെ ജീവിതത്തിലുണ്ടായിരിക്കാം.
ആര്‍ക്കെങ്കിലും ഈ ഇരുളടഞ്ഞ മേഖല ഉണ്ടെങ്കില്‍, കാരുണ്യത്തിന്‍റെ ഒരു പ്രേഷിതന്‍റെ അടുത്തുപോവുക, ഒരു വൈദികന്‍റെ അടുത്തു പോവുക, പോവുക. എന്നാല്‍ അവിടെയും നിങ്ങള്‍ യേശുവിനെ അന്വേഷിക്കണം. യേശുവിന്‍റെ അടുക്കല്‍ കാര്യങ്ങള്‍ വിവരിക്കണം. ധൈര്യമായിരിക്കുക, നിങ്ങളുടെ ജീവിതഭാരങ്ങളുടെ കീഴില്‍ നിങ്ങളെത്തന്നെ കൈവിട്ടുകളയാതെ, ഭയങ്ങളുടെ മുഖങ്ങളോടു ചേര്‍ന്നുനില്ക്കാതെ എന്‍റെ പക്കല്‍ വരിക എന്ന് ഇന്ന് നാം ഓരോരുത്തരോടുമായി യേശു പറയുന്നു.
യേശു എപ്പോഴും നമ്മെ പ്രതീക്ഷിക്കുന്നു. പ്രശ്നങ്ങളെ ജാലവിദ്യയാല്‍ പരിഹരിക്കുന്നതിനല്ല, നമ്മുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു നമ്മെ ശക്തരാക്കുന്നതിനാണ് അവിടുന്നു ആയിരിക്കുന്നത്. യേശു നമ്മുടെ ഭാരങ്ങളെ ജീവിതത്തില്‍ നിന്നും ഉയര്‍ത്തിയെടുക്കുകയല്ല, മറിച്ച്, നമ്മുടെ ഹൃദയത്തിലെ ഉത്ക്കണ്ഠകളെ മാറ്റുകയാണ് ചെയ്യുന്നത്. നമ്മുടെ കുരിശുകളെ മാറ്റിത്തരികയല്ല, മറിച്ച് നമ്മോടുകൂടി ആ കുരിശു വഹിക്കുകയാണ്. അവിടുത്തോടുകൂടി വഹിക്കുമ്പോള്‍ നമ്മുടെ എല്ലാ ഭാരവും ലഘുവായിത്തീരുന്നു. നാം ഭാരംവഹിച്ചു തളരുമ്പോള്‍ നമ്മുടെ നാഥയായ കന്യകാമാതാവ് യേശുവിന്‍റെ പക്കലേയ്ക്ക് ആനയിക്കട്ടെ എന്ന ആശംസയോടെയാണ് പാപ്പ തന്റെ സന്ദേശം ഉപസംഹരിച്ചത്.