News - 2025
വിശുദ്ധ പദവിയിലേക്കു ഉയര്‍ത്തപ്പെടുന്നതിന് പുതിയ മാര്‍ഗ്ഗം മാര്‍പാപ്പ പ്രഖ്യാപിച്ചു
സ്വന്തം ലേഖകന്‍ 12-07-2017 - Wednesday
വത്തിക്കാന്‍ സിറ്റി: വിശുദ്ധ പദവി പ്രാപിക്കുന്നതിനായി നാലാമതൊരു മാര്‍ഗ്ഗം കൂടി ഫ്രാന്‍സിസ് പാപ്പാ സൃഷ്ടിച്ചു. രക്തസാക്ഷിത്വം, വീരോചിതമായ ജീവിതം, ഒരു വിശുദ്ധന് ചേര്‍ന്ന കീര്‍ത്തി എന്നിവയായിരുന്നു ഇതുവരെ വിശുദ്ധ പദവിക്കായി കത്തോലിക്കാ സഭ പരിഗണിച്ചിരുന്ന മാനദണ്ഡങ്ങള്‍. ഇതിന് തുടര്‍ച്ചയായാണ് “മറ്റുള്ളവര്‍ക്കായി ജീവിതം സമര്‍പ്പിക്കല്‍” എന്ന് വിളിക്കപ്പെടുന്ന മാര്‍ഗ്ഗം മാര്‍പാപ്പ പ്രഖ്യാപിച്ചത്.
“മായിയോരെം ഹാക്ക് ഡിലെക്ഷനേം” (Greater love than this) എന്ന അപ്പസ്തോലിക കുറിപ്പനുസരിച്ച് ക്രിസ്തുവിനെ അനുഗമിച്ചുകൊണ്ടുള്ള വീരോചിതമായ ജീവിതസമര്‍പ്പണവും വിശുദ്ധ പദവിയിലേയ്ക്കുയര്‍ത്തപ്പെടുന്നതിനുള്ള മാനദണ്ഡമായി മാര്‍പാപ്പ പ്രഖ്യാപിച്ചിരിക്കുകയാണ്. രക്തസാക്ഷിത്വത്തിനു സമാനമാണ് പുതിയ മാനദണ്ഡമെങ്കിലും രക്തസാക്ഷിത്വത്തിന്റെ നിര്‍വചനത്തിനും പുറത്തുള്ള സാഹചര്യങ്ങളും പുതിയ മാര്‍ഗ്ഗത്തില്‍ പരിഗണിക്കും.
നല്ല കത്തോലിക്കാ ജീവിതം നയിക്കുകയും ദൈവത്തിനോ, മറ്റുള്ളവരുടെ നന്മക്കായോ സ്വന്തം ജീവന്‍ നല്‍കികൊണ്ട് സമയത്തിന് മുന്‍പേ മരണംവരിച്ചവര്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തപ്പെടുവാന്‍ യോഗ്യരാണെന്ന് ഫ്രാന്‍സിസ് പാപ്പാ പ്രഖ്യാപിച്ചതായി വത്തിക്കാന്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
വിശുദ്ധ പദവിയിലേക്കുള്ള ആദ്യപടിയെന്ന നിലയില്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തപ്പെടുന്നതിനു മുന്‍പായി പരിഗണിക്കപ്പെടുന്ന വ്യക്തിയുടെ മാധ്യസ്ഥത്താലുള്ള ഒരു അത്ഭുതമെങ്കിലും ഈ വ്യക്തിയുടെ പേരില്‍ ഉണ്ടായിരിക്കണം. എന്നാല്‍ വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച വ്യക്തിയുടെ കാര്യത്തില്‍ അത്ഭുതത്തിന്റെ ആവശ്യമില്ല.
2016 സെപ്റ്റംബര്‍ 27-ലെ പ്ലീനറി സമ്മേളത്തില്‍ വെച്ച് നാമകരണ നടപടികളുടെ തിരുസംഘം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമായ പഠനം നടത്തിയിരിന്നു. തിരുസംഘത്തിന്റെ പിന്തുണയോടെയാണ് വിശുദ്ധ പദവിയിലേക്കു ഉയര്‍ത്തപ്പെടുന്നതിനുള്ള പുതിയ മാര്‍ഗ്ഗം മാര്‍പാപ്പ സൃഷ്ടിച്ചിരിക്കുന്നത്.
![](/images/close.png)