News - 2024

ട്രംപ്‌ ഭരണത്തിന്‍ കീഴില്‍ അമേരിക്കയിലേക്കുള്ള ക്രൈസ്തവ അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

സ്വന്തം ലേഖകന്‍ 13-07-2017 - Thursday

വാഷിംഗ്ടണ്‍: ട്രംപ്‌ ഭരണകൂടം അധികാരത്തിലേറി അഞ്ച് മാസങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ അമേരിക്കയില്‍ പ്രവേശിക്കപ്പെട്ട അഭയാര്‍ത്ഥികളില്‍ ഭൂരിപക്ഷവും ക്രിസ്ത്യാനികള്‍. യു.എസ് സ്റ്റേറ്റ് റെഫൂജി ഡിപ്പാര്‍ട്ട്മെന്റിന്റെ പക്കലുള്ള കണക്കുകള്‍ വിശകലനം ചെയ്തുകൊണ്ട് കഴിഞ്ഞ ദിവസം പ്യൂ റിസര്‍ച്ച് സെന്‍റര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടികാണിക്കുന്നത്.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ ഭരണത്തിന്റെ അവസാന സാമ്പത്തിക വര്‍ഷത്തില്‍ അമേരിക്കയില്‍ പ്രവേശിച്ചവരില്‍ ഭൂരിഭാഗവും ഇസ്ലാം മത വിഭാഗത്തില്‍പ്പെട്ടവരായിരുന്നു. പ്യൂ റിസര്‍ച്ച് സെന്‍റര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ ദിനം മുതല്‍ ജൂണ്‍ 30 വരെ അമേരിക്കയില്‍ പ്രവേശിച്ചവരില്‍ പകുതിയോളം പേര്‍ ക്രിസ്ത്യാനികളാണ്.

അതേ സമയം ഇസ്ലാം മതവിശ്വാസികളുടെ എണ്ണം 38 ശതമാനത്തോളം ഉണ്ടെന്നതും ശ്രദ്ധേയമാണ്. 2017 ജനുവരി 1 മുതല്‍ ജൂണ്‍ 30 വരെ അമേരിക്കയിലേക്ക് പ്രവേശനം ലഭിച്ച അഭയാര്‍ത്ഥികളില്‍ 9,598 പേര്‍ ക്രിസ്ത്യാനികളാണ്. 7,250 പേര്‍ മുസ്ലീംകളും, ഏതാണ്ട് 11 ശതമാനത്തോളം പേര്‍ മറ്റ് മതങ്ങളില്‍പ്പെടുന്നവരാണ്. യാതൊരു മതവുമായി ബന്ധമില്ലാത്ത 1 ശതമാനം ആളുകളും കുടിയേറിയിട്ടുണ്ട്.

മാസാടിസ്ഥാനത്തിലുള്ള പ്യൂ റിസര്‍ച്ച് സെന്‍ററിന്റെ വിശകലന പ്രകാരം 2017 ഫെബ്രുവരിയില്‍ 50 ശതമാനത്തോളമായിരുന്ന മുസ്ലീംകളുടെ എണ്ണം ജൂണ്‍ ആയപ്പോഴേക്കും 31 ശതമാനമായി കുറഞ്ഞു. 2016-ല്‍ ഒബാമ ഭരണത്തിന്‍ കീഴിലാണ് ഏറ്റവും അധികം മുസ്ലീംകള്‍ അമേരിക്കയിലെത്തിയത്. 38,901 ഇസ്ലാം മത വിശ്വാസികളാണ് കഴിഞ്ഞ വര്‍ഷം അമേരിക്കയിലേക്ക് കുടിയേറിയത്.

ഏഴ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ (ഇറാന്‍, ഇറാഖ്, ലിബിയ, സൊമാലിയ, സുഡാന്‍, സിറിയ, യെമന്‍) നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് ജനുവരി 27-ന് ട്രംപ്‌ പുറപ്പെടുവിച്ച ഉത്തരവാണ് നിലവിലെ ഏറ്റകുറച്ചിലിന് പ്രധാനകാരണമായി ചൂണ്ടിക്കാണിക്കുന്നത്.


Related Articles »