News - 2024

പ്രതിസന്ധികളെ യുക്രൈൻ പ്രത്യാശയോടെ തരണം ചെയ്യും: കർദ്ദിനാൾ ലിയോനാർഡോ സാന്ദ്രി

സ്വന്തം ലേഖകന്‍ 14-07-2017 - Friday

കീവ്: പ്രതിസന്ധികൾക്കിടയിലും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയിൽ മുന്നേറുന്ന രാജ്യമാണ് യുക്രൈനെന്ന് പൗരസ്ത്യസഭകള്‍ക്കായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കർദ്ദിനാൾ ലിയോനാർഡോ സാന്ദ്രി. തന്റെ യുക്രൈൻ സന്ദർശനവേളയില്‍ കത്തോലിക്കാ മാധ്യമായ സൈവ് ടിവിയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ക്രൈസ്തവ രാജ്യമെന്ന നിലയില്‍ യുക്രെയിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ അദ്ദേഹം പങ്കുവെച്ചത്.

രാഷ്ട്രീയ അരാജകത്വവും കിഴക്കൻ മേഖലയിലെ റഷ്യൻ അധിനിവേശവും മൂലം ആയിരക്കണക്കിന് ആളുകളുടെ ജീവന്‍ നഷ്ട്ടമായതിനെയും പതിനായിരകണക്കിന് ജനങ്ങൾ പലായനം ചെയ്യുന്നതിനെയും ആശങ്കയോടെ നോക്കികാണുന്നതായി അദ്ദേഹം പറഞ്ഞു. സഹനങ്ങളുടേയും പുറത്താക്കൽ ഭീഷണികളുടേയും നടുവിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് മാർപാപ്പ സാന്ത്വനമറിയിക്കുന്നതായും കർദിനാൾ സാന്ദ്രി പറഞ്ഞു.

യുക്രൈൻ തലസ്ഥാനമായ കിവിൽ 2014ലെ കലാപത്തിൽ മരണമടഞ്ഞവർക്കായി പൂക്കളർപ്പിച്ച് പ്രാർത്ഥനയോടെ ആരംഭിച്ച കർദിനാൾ സാന്ദ്രിയുടെ സന്ദർശനത്തില്‍ ഹോളോഡോ മോർ മ്യൂസിയവും കർദിനാൾ ലൂബോമിർ ഹുസാർ കല്ലറയും ഉള്‍പ്പെട്ടിരിന്നു. യുക്രൈൻ ഓർത്തഡോക്സ് മെത്രാപ്പോലീത്ത നിക്കോഡെമോസമായും ഗ്രീക്ക് കത്തോലിക്കാ മെത്രാപ്പോലീത്ത ബിഷപ്പ് വോളഡമിർ വിറ്റിഷ്യയുമായും റോമന്‍ കത്തോലിക്കാ ആർച്ച് ബിഷപ്പ് മിക്സലോ മോകിർസിക്കിയുമായും കര്‍ദിനാള്‍ കൂടികാഴ്ച നടത്തും.

സാർവാനിട്സിയ മഡോണ ദേവാലയത്തിലെ ആഘോഷങ്ങളിൽ പങ്കെടുത്ത അദ്ദേഹം യുക്രൈൻ ജനതയുടെ മരിയ ഭക്തിയില്‍ ആകൃഷ്ടനായതായി പറഞ്ഞു. സർവാനിട്സിയ ദേവാലയത്തിലെ ദേശീയ തീർത്ഥാടനത്തിൽ പങ്കെടുക്കാൻ എത്തിയ കർദിനാൾ സാന്ദ്രി ജൂലൈ 17 വരെ യുക്രൈനിൽ തുടരും. കഴിഞ്ഞ വർഷം ഡിസംബറിൽ മാർപാപ്പയുടെ നേതൃത്വത്തിൽ യൂറോപ്യൻ ഇടവകകളിൽ നിന്നും സമാഹരിച്ച അറുപത് ലക്ഷം യൂറോ യുക്രൈനിന്‍റെ പുനരുദ്ധാരണത്തിനായി ലഭ്യമാക്കിയിരിന്നു.


Related Articles »