News - 2025

ഓപുസ് ദേയിയുടെ മുന്‍ യു‌എസ് തലവന്‍ അന്തരിച്ചു

സ്വന്തം ലേഖകന്‍ 21-07-2017 - Friday

വാഷിംഗ്ടൺ: അമേരിക്കയിലെ ഓപുസ് ദേയി സമൂഹത്തിന്റെ മുന്‍ തലവനായിരിന്ന ഫാ. അർനേ പനുല മരണമടഞ്ഞു. 71 വയസ്സായിരിന്നു. ദീർഘനാളായി കാൻസർ രോഗവുമായി മല്ലിട്ടു കൊണ്ടിരിക്കുകയായിരുന്ന അദ്ദേഹം ജൂലായ് 19നാണ് മരണമടഞ്ഞത്. ഒപസ് ദേയി സ്ഥാപകനായ വിശുദ്ധ ജോസ്‌മരിയ എസ്ക്രിവയോടൊപ്പം റോമിൽ സഹവസിച്ചിരുന്ന വ്യക്തിയായിരിന്നു ഫാ. അർനേ. ഫാ. പനുലയുടെ മരണത്തെ തുടര്‍ന്നു കത്തോലിക്കാ ഇൻഫോർമേഷൻ സെന്‍ററിൽ ഇന്ന് മുതൽ ജൂലായ് 22 വൈകീട്ട് 4 വരെ പ്രാർത്ഥനാനുസ്മരണം നടക്കും.

കർദിനാൾ ഡൊണാൾഡ് വുറൽ വിശുദ്ധ മത്തായിയുടെ നാമധേയത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിൽ സംസ്കാര ശുശ്രൂഷകളോടനുബന്ധിച്ച് ബലിയർപ്പിക്കും. വലിയ കാര്യങ്ങൾ ചിന്തിക്കാനും പ്രാബല്യത്തിൽ വരുത്താനുമുള്ള ഫാ. അർനേയുടെ കഴിവ് അപാരമായിരുന്നുവെന്ന് ഓപുസ് ദേയി യു‌എസ് വികാരി ജനറല്‍ ഫാ.തോമസ് ജി ബോഹലിൻ പറഞ്ഞു.

മിന്നെസ്റ്റോയിലെ ദുലുത്തിൽ ജനിച്ച ഫാ.അർനേ, ഹാര്‍വാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും തുടർന്ന് റോമിൽ തിയോളജി പഠനവും പൂർത്തിയാക്കി. 1973 വൈദികനായി അഭിഷിക്തനായ ഫാ.തോമസ് വാഷിംഗ്ടൺ ഹൈറ്റ്സ് സ്കൂളിലെ ചാപ്ലിനായതിനായതിന് ശേഷമാണ് ഓപുസ് ദേയിയിലേക്ക് കടന്നുവരുന്നത്. 1998 മുതൽ 2002 വരെ കാലയളവിലാണ് അദ്ദേഹം ഓപുസ് ദേയിയില്‍ സേവനമനുഷ്ഠിച്ചത്. 2007 ൽ വാഷിംഗ്ടണിലെ കത്തോലിക്കാ ഇൻഫോർമേഷൻ സെൻറർ ഡയറക്ടറായി നിയമിതനായി.

1928-ൽ സ്പെയിനിൽ വിശുദ്ധ ജോസ്‌മരിയ എസ്ക്രിവയാണ് ഓപുസ് ദേയി ആരംഭിച്ചത്. വ്യക്തിപരമായ പ്രാർത്ഥനാ ജീവിതചര്യയിലൂടെ വിശുദ്ധി പ്രാപിക്കാനുള്ള മാർഗ്ഗ നിർദേശങ്ങളാണ് ഓപുസ് ദേയിലെ അംഗങ്ങളായ വൈദികരും സന്യസ്തരും അല്മായരും അനുഷ്ഠിച്ചു പോരുന്നത്. അനുദിന ജീവിതത്തിൽ ദൈവത്തെ കണ്ടുമുട്ടുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഓപുസ് ദേയിയില്‍ ഒരു ലക്ഷത്തോളം അംഗങ്ങളുണ്ട്.


Related Articles »