News - 2025
വേളാങ്കണ്ണി തിരുനാളിന് ഇന്ന് കൊടിയേറും: ഇരുപത് ലക്ഷത്തോളം തീര്‍ത്ഥാടകര്‍ പങ്കെടുക്കും
സ്വന്തം ലേഖകന്‍ 29-08-2017 - Tuesday
തഞ്ചാവൂര്‍: ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വേളാങ്കണ്ണി ദേവാലയത്തില്‍ പതിനൊന്ന് ദിവസം നീണ്ടു നില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഇന്നു തുടക്കമാകും. ഇരുപത് ലക്ഷം തീര്‍ത്ഥാടകര്‍ ഇത്തവണ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈകീട്ട് 6 മണിക്ക് തഞ്ചാവൂര്‍ ബിഷപ്പ് ദേവദാസ് അംബ്രോസ് പതാക ഉയര്‍ത്തും. തുടര്‍ന്നു ദിവ്യബലിയും നൊവേനയും നടക്കും. തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ വേളാങ്കണ്ണി ബസിലിക്കയുടെ ഔദ്യോഗിക വെബ്സൈറ്റിലും യൂട്യൂബ് ചാനലിലും തത്സമയം സംപ്രേക്ഷണം ചെയ്യും.
തിരുനാള്‍ ദിനങ്ങളില്‍ തമിഴ്, മലയാളം, ഇംഗ്ലീഷ്, കന്നഡ, തെലുങ്ക്, മറാത്തി, കൊങ്കിണി തുടങ്ങിയ ഭാഷകളില്‍ പ്രത്യേകം കുര്‍ബാനകള്‍ അര്‍പ്പിക്കപ്പെടും. അതേ സമയം ലക്ഷക്കണക്കിന് ആളുകള്‍ എത്തിച്ചേരുന്ന തീര്‍ത്ഥാടന കേന്ദ്രത്തിലും പരിസരത്തും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്.
ശുദ്ധജലം, സാനിട്ടേഷന്‍, വെളിച്ചം, ഗതാഗതം തുടങ്ങിയ കാര്യങ്ങള്‍ നാഗപട്ടണം കളക്ടര്‍ ഡോ.സി സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് ഏകോപിപ്പിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ എത്തിചേരുന്നതിനാല്‍ കുടിവെള്ളം വഴിയുള്ള പകര്‍ച്ചവ്യാധികള്‍ തടയാനുള്ള ക്രമീകരണങ്ങളും നടത്തുന്നുണ്ടെന്നു അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് പ്രത്യേക ബസ് സര്‍വീസുകള്‍ നടത്തുമെന്ന്‍ അറിയിച്ചിട്ടുണ്ട്. എറണാകുളം, നാഗര്‍കോവില്‍, ബാന്ദ്ര, തിരുനല്‍വേലി, ചെന്നൈ എന്നിവിടങ്ങളില്‍ നിന്ന് പ്രത്യേക ട്രെയിന്‍ സര്‍വ്വീസുകള്‍ ഉണ്ടായിരിക്കും. ഗോവയിലെ വാസ്കോഡ ഗാമയില്‍ നിന്നു വേളാങ്കണ്ണിയിലേക്ക് പ്രത്യേക ട്രെയിനും ദക്ഷിണ പശ്ചിമ റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്.