News - 2024

വിമലഹൃദയത്തിന് സമര്‍പ്പിച്ച നടപടിക്ക് ഔദ്യോഗിക അംഗീകാരം നല്‍കാന്‍ സ്കോട്ടിഷ് ഗവണ്‍മെന്‍റും

സ്വന്തം ലേഖകന്‍ 07-09-2017 - Thursday

എഡിൻബർഗ്: രാജ്യത്തെ പരിശുദ്ധ ദൈവമാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ച ബിഷപ്പുമാരുടെ നടപടിയെ ഔദ്യോഗികമായി അംഗീകരിക്കാൻ സ്‌കോട്ട്‌ലന്‍റ് ഗവൺമെന്‍റും ഒരുങ്ങുന്നു. ഇതിന് മുന്നോടിയായി ഇക്കഴിഞ്ഞ വ്യാഴാഴ്ച 'വിമലഹൃദയ പ്രതിഷ്ഠയുടെ ആഘോഷം' എന്ന പ്രമേയം പാർലമെൻറില്‍ അവതരിപ്പിച്ചു. ഔദ്യോഗിക അംഗീകാരം നല്‍കുന്നതിൽ സ്കോട്ടിഷ് പാർലമെന്റിലെ ഏഴോളം അംഗങ്ങളാണ് ഇതിനോടകം പിന്തുണയറിയിച്ചിരിക്കുന്നത്.

സ്നേഹത്തിന്റേതായ സംസ്കാരം പടുത്തുയർത്താനും സമൂഹത്തിൽ ഒറ്റപ്പെട്ടുപോയവരെ പിന്തുണയ്ക്കാൻ സഭ ഗവൺമെന്റിനോട് ചേർന്ന് പ്രവർത്തിക്കുമെന്നു സ്കോട്ടിഷ് മെത്രാന്മാർ പറഞ്ഞു. മാതാവിന്റെ സഹായത്താൽ സ്‌കോട്ട്‌ലന്റിലെ ഭരണകൂടം മതസ്വാതന്ത്ര്യ നിയമവും ഗർഭസ്ഥ ശിശുക്കളുടെ അവകാശങ്ങളും നടപ്പിലാക്കുമെന്ന പ്രതീക്ഷയും മെത്രാന്മാർ പങ്കുവെച്ചു. അപ്പസ്തോലിക പിൻഗാമികളുടെ നേതൃത്വത്തിൽ മാതാവിന്റെ മാദ്ധ്യസ്ഥത്തിനായി നടത്തിയ ചടങ്ങുകൾക്ക് സ്വർഗ്ഗീയ അംഗീകാരവും സാധ്യമാണെന്നായിരിന്നു ബിഷപ്പ് കീനന്‍റെ പ്രതികരണം.

സെപ്റ്റംബര്‍ 3നു കാര്‍ഫിനിലെ ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ കുര്‍ബാന മധ്യേയാണ് സ്‌കോട്ട്‌ലന്‍റിനെ മറിയത്തിന്റെ വിമലഹൃദയത്തിന് ദേശീയ മെത്രാന്‍ സമിതി സമര്‍പ്പിച്ചത്. ഫാത്തിമ പ്രത്യക്ഷീകരണത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് ചടങ്ങുകള്‍ സംഘടിക്കപ്പെട്ടത്. നിരവധി മെത്രാന്മാരും അനേകം വൈദികരും ആയിരകണക്കിനു വിശ്വാസികളും ഉള്‍പ്പെടെ വന്‍ജനാവലിയാണ് ചടങ്ങില്‍ പങ്കെടുത്തത്.


Related Articles »